TopTop
Begin typing your search above and press return to search.

ചെന്നൈയില്‍നിന്ന് അക്ബര്‍ റോഡ് വഴി ദീന്‍ ദയാല്‍ ഉപാധ്യായ് മാര്‍ഗ് വരെ; ഖുശ്ബുവിന്റെ രാഷ്ട്രീയ വഴികള്‍

ചെന്നൈയില്‍നിന്ന് അക്ബര്‍ റോഡ് വഴി ദീന്‍ ദയാല്‍ ഉപാധ്യായ് മാര്‍ഗ് വരെ; ഖുശ്ബുവിന്റെ രാഷ്ട്രീയ വഴികള്‍

ഏറെ നാളുകളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. തമിഴ് സിനിമാവഴികളിലൂടെ സഞ്ചരിച്ച് രാഷ്ട്രീയത്തിലെത്തിയ ഖുശ്ബു ഇനി ബിജെപിക്കൊപ്പം. ഡിഎംകെയിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തുടങ്ങി കോണ്‍ഗ്രസിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ തിരിച്ചറിഞ്ഞശേഷമാണ് ഖുശ്ബു ബിജെപിയിലെത്തുന്നത്. തമിഴ്‌നാട്ടിലുള്ള ജനപിന്തുണയാണ് ഖുശ്ബുവിന്റെ ബിജെപി പ്രവേശം എളുപ്പമാക്കിയത്.

ബാലതാരമായി സിനിമയിലേക്ക്


1970 സെപ്റ്റംബര്‍ 29ന് അന്ധേരിയിലായിരുന്നു ഖുശ്ബുവിന്റെ ജനനം. പഞ്ചാബി മുസ്ലീം കുടുംബത്തില്‍ ജനിച്ച നഖത് ഖാന്‍, ഖുശ്ബു എന്ന തീയേറ്റര്‍ പേരിലാണ് പ്രശസ്തയായത്. 1980ല്‍ ബാലതാരമായാണ് ഖുശ്ബുവിന്റെ സിനിമ പ്രവേശം. 'ദി ബേണിംഗ് ട്രെയിന്‍' എന്ന ഹിന്ദി ചിത്രമായിരുന്നു തുടക്കം. ബാലതാരമെന്ന നിലയില്‍ 'നസീബ്', 'ലാവരിസ്', 'കാലിയ', 'ദര്‍ദ് കാ റിഷ്ത', ബെമിസല്‍ എന്നീ ഹിന്ദി ചിത്രങ്ങളുടെ ഭാഗമായി. 1985 ല്‍ ജാക്കി ഷ്രോഫിനൊപ്പം 'ജാനൂ'വില്‍ അഭിനയിച്ചു. 1990ല്‍ ആമിര്‍ ഖാനും മാധുരി ദീക്ഷിത്തും അഭിനയിച്ച 'ദിവാന മുജ് സാ നഹിന്‍' എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധേയമായി. എന്നാല്‍ തമിഴ് സിനിമയാണ് ഖുശ്ബിന് നായികാ പരിവേഷം നല്‍കിയത്. കച്ചവട സിനിമ രംഗത്ത് ചുവടുറപ്പിച്ച ഖുശ്ബു തമിഴ് ജനതയുടെ ഹൃദയം കവര്‍ന്നു. പിന്നാലെ മലയാളം, കന്നഡ, തെലുങ്ക് ഭാഷ ചിത്രങ്ങളിലും ഖുശ്ബുവിന് അവസരം ലഭിച്ചു. രജനീകാന്ത്, കമല്‍ ഹസ്സന്‍, ചിരഞ്ജീവി, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിങ്ങനെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ അഭിനയിച്ചു. നടന്‍ പ്രഭുവുമായി രണ്ട് വര്‍ഷത്തെ അടുപ്പത്തിനൊടുവില്‍ 1993ല്‍ വിവാഹിതരായെങ്കിലും നാലു മാസങ്ങള്‍ക്കുശേഷം പിരിഞ്ഞു. 2000ല്‍ നടനും സംവിധായകനുമായി സുന്ദര്‍ സിയെ വിവാഹം ചെയ്തു. അവന്തിക, അനന്തിത എന്നീ രണ്ട് മക്കളുമായി ചെന്നൈയിലാണ് താമസം. 50 വയസിനിടെ 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ടിവി പരിപാടികളും അവതരിപ്പിച്ചു. ഖുശ്ബുവിന്റെ പേരില്‍ ആരാധകര്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ക്ഷേത്രം തീര്‍ത്തു. താരത്തിന്റെ പേരില്‍ ഇഡ്ഡലിയും സാരി ബ്രാന്‍ഡും ഉണ്ടെന്നത് തമിഴ്‌നാട്ടില്‍ ഖുശ്ബിനുള്ള പിന്തുണ എത്രയെന്ന് വ്യക്തമാക്കുന്നു.

രാഷ്ട്രീയ പ്രവേശം


തമിഴ്‌നാട്ടില്‍ തനിക്കുള്ള പിന്തുണ മനസിലാക്കിയശേഷമായിരുന്നു ഖുശ്ബുവിന്റെ രാഷ്ട്രീയപ്രവേശം. അതിനു കാരണമായതാകട്ടെ വിവാദങ്ങളും. 2005ലെ എയ്ഡ്‌സ് ബോധവത്കരണ പരിപാടിയില്‍ വിവാഹത്തിനുമുമ്പ് പെണ്‍കുട്ടികള്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനെ ന്യായീകരിച്ച ഖുശ്ബു, ഗര്‍ഭധാരണം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. വിവാദം കത്തിപ്പടര്‍ന്നു. തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. 22ഓളം പരാതികള്‍ ഖുശ്ബുവിനെതിരെ കോടതിയിലെത്തി. എന്നാല്‍ അതെല്ലാം ഖുശ്ബിന്റെ ജനകീയത വര്‍ധിപ്പിക്കാന്‍ കാരണമായി. 2010ല്‍ സുപ്രീം കോടതി ഖുശ്ബുവിനെതിരായ പരാതികളെല്ലാം തള്ളി. അപ്പോഴേക്കും, തനിക്ക് ലഭിച്ച പിന്തുണയെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താമെന്ന ചിന്തയിലായിരുന്നു ഖുശ്ബു. അതേവര്‍ഷം തന്നെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സംസാരിച്ച ഖുശ്ബു 2011ല്‍ ഡിഎംകെ അംഗമായി. പാര്‍ട്ടി ആസ്ഥാനത്തെത്തി കരുണാനിധിയുടെ സാന്നിധ്യത്തിലായിരുന്നു ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശം. ഡിഎംകെയോടൊപ്പം സഞ്ചരിക്കുമ്പോഴും എഐഎഡിഎംകെ ടിവി ചാനലില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി. കൂടാതെ, ജയലളിതയോടുള്ള അടുപ്പവും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. അതിനിടെ 2013ല്‍ ആനന്ദ വികടന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡിഎംകെയിലെ മക്കള്‍ രാഷ്ട്രീയത്തെ ഖുശ്ബു വിമര്‍ശിച്ചു. ഡിഎംകെയില്‍ ജനാധിപത്യം നഷ്ടമായി എന്നായിരുന്നു പ്രധാന ആരോപണം. പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വോട്ടെടുപ്പോ ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ചയോ പോലുമില്ലാതെ എം.കെ സ്റ്റാലിനെ നിയമിക്കാനാണ് കരുണാനിധിയുടെ തീരുമാനം എന്ന പ്രസ്താവന ഖുശ്ബിനെ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തി. സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനൊടുവില്‍ പാര്‍ട്ടി വിട്ടു. 100 ശതമാനം വിശ്വസ്തത പുലര്‍ത്തിയിട്ടും അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്നായിരുന്നു രാജിക്കത്തില്‍ ഖുശ്ബു പറഞ്ഞത്.

ഡല്‍ഹി അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് ഖുശ്ബുവിനെ പിന്നീട് കണ്ടത്. 2014 നവംബറില്‍ സോണിയ ഗാന്ധിയുമായും രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അവര്‍ കോണ്‍ഗ്രസ് അംഗമായി. എ.ഐ.സി.സി അംഗവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായി കോണ്‍ഗ്രസില്‍ സുപ്രധാന പദവികള്‍ വഹിച്ചു. ആറ് വര്‍ഷത്തോളം തമിഴ്‌നാട് രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിന്റെ മുഖമായി. തമിഴ്‌നാടും കര്‍ണാടകയും കടന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് വേദികളിലും ഖുശ്ബു സജീവമായി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി വയനാട്ടില്‍ റോഡ് ഷോ ഉള്‍പ്പെടെ നടത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റ് ലഭിച്ചില്ലെങ്കിലും രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടുമെന്നായിരുന്നു ഖുശ്ബുവിന്റെ ചിന്ത. എന്നാല്‍ പാര്‍ട്ടി തഴഞ്ഞതോടെ താരം പതുക്കെ പൊതുവേദികളില്‍നിന്ന് വലിഞ്ഞു. അപ്പോഴേക്കും ഖുശ്ബു ബിജെപിയിലേക്ക് എന്ന പ്രചാരണം ശക്തമായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളെ തുടക്കം മുതല്‍ അവര്‍ എതിര്‍ത്തു. എന്നാല്‍ ഈ വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തതോടെയാണ് ഖുശ്ബുവിന്റെ രാഷ്ട്രീയ മനംമാറ്റം വീണ്ടും ചര്‍ച്ചയായത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ വക്താവിന്റെ വാക്കുകള്‍ പാര്‍ട്ടി നയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നില്ല. എന്നാല്‍ പിന്നീട് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച ഖുശ്ബു താന്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് ആവര്‍ത്തിച്ചു. എങ്കിലും ചില വിയോജിപ്പുകളും കോണ്‍ഗ്രസിന്റെ സുപ്രധാന വേദികളില്‍ ഉള്‍പ്പെടെ അവരുടെ അസാന്നിധ്യവും വീണ്ടും ചര്‍ച്ചയായി. ബി.ജെ.പിയിലേക്ക് ചേക്കേറുന്നതായുള്ള ചര്‍ച്ചകള്‍ നിറഞ്ഞപ്പോഴും കോണ്‍ഗ്രസിനൊപ്പമെന്ന് ആവര്‍ത്തിച്ച ഖുശ്ബു ഒടുവില്‍ തന്നെപ്പോലുള്ളവരെ അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ചാണ് പാര്‍ട്ടിയുടെ പടിയിറങ്ങിയത്.

തമിഴ്‌നാട് തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ഖുശ്ബു ബിജെപിക്കൊപ്പം അണിചേരുന്നത്. കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്കെല്ലാം അര്‍ഹിച്ച പദവികള്‍ നല്‍കുന്ന ബിജെപി ഖുശ്ബുവിനായി എന്താണ് നീക്കിവെച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഡിഎംകെയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും അര്‍ഹിച്ച പരിഗണനയോ പദവിയോ ലഭിച്ചില്ലെന്ന പരാതികള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടാകണം ഖുശ്ബുവിന്റെ ബിജെപി പ്രവേശം. അന്ധേരിയില്‍നിന്ന് തുടങ്ങിയ ഖുശ്ബുവിന്റെ വളര്‍ച്ചയുടെ വഴികള്‍ ചെന്നൈയും അക്ബര്‍ റോഡും കടന്നാണ് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ് മാര്‍ഗിലെത്തി നില്‍ക്കുന്നത്.


Next Story

Related Stories