TopTop
Begin typing your search above and press return to search.

'ഹിന്ദു സ്ഥാന്‍' മുതല്‍ 'ദൈവത്തിന്റെ ഭൂമി' വരെ - അയോധ്യ വിധിയില്‍ പത്രങ്ങളുടെ തലക്കെട്ടുകള്‍ ഇങ്ങനെ

ഹിന്ദു സ്ഥാന്‍ മുതല്‍ ദൈവത്തിന്റെ ഭൂമി വരെ - അയോധ്യ വിധിയില്‍ പത്രങ്ങളുടെ തലക്കെട്ടുകള്‍ ഇങ്ങനെ

അയോധ്യ കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിക്ക് ശ്രദ്ധേയമായ തലക്കെട്ടുകളാണ് വിവിധ ഇംഗ്ലീഷ്, മലയാളം പത്രങ്ങള്‍ നല്‍കിയിരിക്കുന്നത്. മൂര്‍ച്ചയേറിയ രാഷ്ട്രീയ വിമര്‍ശനങ്ങളും ആക്ഷേപഹാസ്യവും നിറഞ്ഞ തലക്കെട്ടുകള്‍ കൊണ്ട് ഒന്നാം പേജിനെ സമ്പന്നമാക്കുന്ന പതിവുള്ള ദ ടെലിഗ്രാഫ് ഏറ്റവും രൂക്ഷ വിമര്‍ശനവുമായാണ് സുപ്രീം കോടതി വിധിയോട് പ്രതികരിച്ചിരിക്കുന്നത്. ഹിന്ദു ക്ഷേത്രത്തിനായി തര്‍ക്ക ഭൂമി അനുവദിച്ച സുപ്രീം കോടതി വിധിയോട് 'ഹിന്ദുസ്ഥാന്‍' എന്ന തലക്കെട്ടോടെയാണ് ടെലിഗ്രാഫ് പ്രതികരിച്ചിരിക്കുന്നത്. രണ്ട് ഡെക്കിലായാണ് തലക്കെട്ട്. മുകളില്‍ 'ഹിന്ദു', അടിയില്‍ 'സ്ഥാന്‍'. IN THE NAME OF RAM, THE SITE IS NOW എന്നതിൻ്റെ അടിയിലായി HINDU STHAN എന്ന് കൊടുത്തിരിക്കുന്നു. അയോധ്യ വിധിയെ വിമര്‍ശിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി അശോക് കുമാര്‍ ഗാംഗുലി നടത്തിയ പ്രതികരണം താഴെ ഒറ്റകോളം വാര്‍ത്തയായുണ്ട്.

Temple gets site, mosque a plot (ക്ഷേത്രം പണിയാൻ ഭൂമി, പള്ളിക്ക് ഒരു തുണ്ട് ഭൂമി) എന്നാണ് ദ ഇന്ത്യൻ എക്സ് പ്രസിൻ്റെ പ്രധാന തലവാചകം. പുന:പരിശോധന ഹര്‍ജി നല്‍കില്ല എന്ന സുന്നി വഖഫ് ബോര്‍ഡിൻ്റെ പ്രസ്താവനയും അഞ്ച് ഏക്കര്‍ ഭൂമിയില്‍ മുസ്ലീം സംഘടനകള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നുമുള്ള വാര്‍ത്ത ഒരു വശത്തുണ്ട്. ഐകകണ്‌ഠേനയാണ് വിധി എന്നും ബാബറി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണ് എന്നുമുള്ള സുപ്രീം കോടതി പരാമര്‍ശങ്ങള്‍ താഴെ. വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാരുടെ ചിത്രവും ഇന്ത്യന്‍ എക്‌സ്പ്രസ് കൊടുത്തിട്ടുണ്ട്.

Temple set in stone എന്ന് ഹിന്ദുസ്ഥാൻ ടൈംസിൻ്റെ ലീഡ് വാർത്ത. ഭീതിയ്ക്കും കാർക്കശ്യത്തിനും ഇടമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഒരു വശത്ത്. 136 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കവും നിയമ വ്യവഹാരങ്ങളും ഇന്ത്യയെ സംബന്ധിച്ച് എന്താണ് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. മുസ്ലീം നേതാക്കള്‍ പുനപരിശോധന ഹര്‍ജി നല്‍കിയേക്കാം എന്ന വാര്‍ത്തയും വിധിയില്‍ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് അയോധ്യയില്‍ ആഘോഷങ്ങള്‍ തുടങ്ങിയെന്ന കാര്യവും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചതായുമുള്ള വാര്‍ത്തകളുണ്ട്.

RAM MANDIR WITHIN SITE എന്നാണ് ബ്ലോക്ക് ലെറ്ററുകളിൽ ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട്. ചരിത്രപരമായ തെറ്റുകള്‍ കോടതിക്ക് തിരുത്താനാവില്ല എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത താഴെയുണ്ട്. എറ്റവും അടിയില്‍ ഇടതുഭാഗത്തായി ശ്രദ്ധേയമായ വാര്‍ത്ത - Author of verdict not named, but it bears Chandrachud's imprint - ചീഫ് ജസ്റ്റിസ് അടക്കമുള്ള അഞ്ച് ജഡ്ജിമാരില്‍ വിധി ആര് എഴുതി എന്ന് പറയുന്നില്ല. സാധാരണഗതിയില്‍ വിധി ആര് എഴുതി എന്ന കാര്യം വിധിയില്‍ വ്യക്തമാക്കാറുണ്ട്. വിയോജനക്കുറിപ്പുകള്‍ ഉള്ള പക്ഷം അത് ആരുടേതാണ് എന്നും. ഈ കേസില്‍ ഐകകണ്‌ഠേനയാണ് വിധി. എന്നാല്‍ വിധി ആര് എഴുതി എന്ന് മറച്ചുവച്ചിരിക്കുന്നു.

Temple at disputed site, Mosque within Ayodhya, rules SC (തർക്കഭൂമിയിൽ ക്ഷേത്രം, അയോധ്യയിൽ തന്നെ പള്ളി - സുപ്രീം കോടതി വിധി) എന്നാണ് ദ ഹിന്ദുവിൻ്റെ തലക്കെട്ട്. കോടതി എന്തൊക്കെയാണ് വിധിയിൽ പറഞ്ഞത് (What the court said?) എന്നതിൻ്റെ സംഗ്രഹം ബോക്സിലുണ്ട്. യാതൊരുവിധ നാടകീയതകളുമില്ലാത്ത തലക്കെട്ട്.

Lord gets his land; Muslims, a fragile peace (ദൈവത്തിന് അദ്ദേഹത്തിൻ്റെ ഭൂമി കിട്ടി, മുസ്ലീങ്ങൾക്ക് ചെറിയൊരു സമാധാനവും) എന്ന് മുംബയ് മിററിൻ്റെ തലക്കെട്ട്.

മാതൃഭൂമിക്ക് ഇന്ന് മാസ്റ്റ് ഹെഡുള്ള കണ്ട് പേജുകളുണ്ട്. ഒന്നാമത്തെ ഒന്നാം പേജിൽ തർക്കഭൂമിയിൽ തീർപ്പ് എന്ന തലക്കെട്ടുമായി ലീഡ് വാർത്ത മാത്രം. രണ്ടാം പേജിലെ ലീഡ് "രാമക്ഷേത്രം പണിയാം" എന്ന തലക്കെട്ടിൽ. "പള്ളിക്ക് കണ്ണായ സ്ഥലത്ത് അഞ്ചേക്കർ" എന്ന് സബ് ഹെഡ്ഡിംഗ്. മഹാത്മ ഗാന്ധിയുടെ വടിയിൽ പിടിച്ച് മുന്നോട്ടു നടക്കുന്ന ഇന്ത്യ എന്ന ഗോപീകൃഷ്ണൻ്റെ കാർട്ടൂൺ ആണ് അയോധ്യ വിധിക്ക് മാതൃഭൂമി നൽകിയിരിക്കുന്നത്. ഗാന്ധിജിയുടെ രാമരാജ്യത്തേയും അയോധ്യയിലെ രാമക്ഷേത്രത്തേയും ബന്ധിപ്പിക്കാനുള്ള ശ്രമമാണോ ഇതെന്നും അതോ അദ്ദേഹത്തിൻ്റെ അക്രമരാഹിത്യത്തിൻ്റേയും അഹിംസയുടേയും സഹിഷ്ണുതയുടേയും പാതയിൽ ഇന്ത്യയെ നടത്താൻ സഹായിക്കുന്നതാണ് അയോധ്യ വിധി എന്ന് കാർട്ടൂണിസ്റ്റ് ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യങ്ങളൊക്കെ ഉയർത്തിയേക്കാവുന്ന കാർട്ടൂൺ ആണിത്. അയോധ്യയിൽ എല്ലാം ശാന്തമാണ് എന്ന് പറയുന്ന റിപ്പോർട്ടുണ്ട്. പുന:പരിശോധന ഹർജിയിലെ സുന്നി വഖഫ് ബോർഡിൻ്റേയും അഖിലേന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡിൻ്റേയും വ്യത്യസ്ത നിലപാടുകളും കാണാം.

മാതൃഭൂമിയെ പോലെ മലയാള മനോരമയ്ക്കും ഇന്ന് രണ്ട് ഒന്നാം പേജുകളുണ്ട്. ഇന്നലത്തെ വിധി മനോരമയ്ക്ക് ചരിത്രവിധിയാണ്. തർക്കഭൂമി രാമക്ഷേത്രത്തിന്, മസ്ജിദിനായി പകരം സ്ഥലം എന്നതാണ് രണ്ടാമത്തെ പ്രധാന പേജിലെ ലീഡ് വാർത്ത. പുന:പരിശോധന ഹർജി വന്നാൽ പുതിയ ബഞ്ച് ആയിരിക്കും അത് പരിഗണിക്കുന്ന എന്ന വാർത്തയുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. നീതി നടപ്പാകണമെങ്കിൽ മുസ്ലീം അവകാശം കൂടി പരിഗണിക്കപ്പെടണം: കോടതി എന്ന തലക്കെട്ടിലാണ് ലീഡിന് താഴെയുള്ള പ്രധാനപ്പെട്ട വാർത്ത. കോടതി പുന:പരിശോധന സാധ്യത തേടും എന്ന മുസ്ലീം വ്യക്തിനിയമ ബോർഡിൻ്റെ പ്രസ്താവന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആർഎസ്എസ് തലവൻ മോഹൻ ഭഗവതിൻ്റേയും പ്രസ്താവനകൾ തുടങ്ങിയവയെല്ലാം മനോരമയുടെ ഒന്നാം പേജിലുണ്ട്.


Next Story

Related Stories