Top

സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ എസ്‌പിജി സുരക്ഷ മോദി സർക്കാർ പിൻവലിക്കുന്നു

സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ എസ്‌പിജി സുരക്ഷ മോദി സർക്കാർ പിൻവലിക്കുന്നു

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്‌പിജി സുരക്ഷ കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്നു. അമിത് ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷാ അവലോകനത്തെ അടിസ്ഥാനമാക്കിയാണ് എസ്‌പിജി സുരക്ഷ നീക്കം ചെയ്യാൻ തീരുമാനമുണ്ടായത്.

എസ്‌പിജി സുരക്ഷയ്ക്കു പകരമായ സെഡ് പ്ലസ് സിപിപിഎഫ് സുരക്ഷാ സംവിധാനമാണ് ഈ നേതാക്കൾക്ക് ഇനിയുണ്ടാവുക.

ഓഗസ്റ്റ് മാസത്തിൽ അമിത് ഷായുടെ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ എസ്‌പിജി സുരക്ഷയും പിൻവലിച്ചിരുന്നു.

ഇവർക്കാർ‌ക്കും തന്നെ നേരിട്ടുള്ള ഭീഷണികളില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ നീക്കം. രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനമാണ് എസ്‌പിജി സുരക്ഷ. അതെസമയം, എസ്‌പിജി സുരക്ഷയില്ലെന്നു വെച്ച് ഈ വ്യക്തികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു.

1984ൽ ഇന്ദിരാഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഉന്നത രാഷ്ട്രീയനേതാക്കളുടെ സുരക്ഷയ്ക്കായി എസ്‌പിജി (Special Protection Group) സംവിധാനം നിലവിൽ വരുന്നത്. 3000 സൈനികരാണ് ഈ സംവിധാനത്തിലുള്ളത്.

രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും നിരീക്ഷിക്കാൻ എസ്‌പിജി സംവിധാനത്തെ സർക്കാർ ഉപയോഗിക്കുന്നതായി ഇതിനിടെ ആരോപണമുയരുകയുണ്ടായി. രാഹുൽ പോകുന്നിടത്തെല്ലാം എസ്‌പിജി പിന്തുടരണമെന്നും വിദേശത്തേക്ക് സ്വകാര്യ ആവശ്യത്തിനായി പോകുമ്പോഴും ഇത് വേണമെന്നും സർക്കാർ നിർദ്ദേശിക്കുകയുണ്ടായി.


Next Story

Related Stories