TopTop
Begin typing your search above and press return to search.

കൊറോണ 630 ജില്ലകളില്‍; പക്ഷെ, 100 കേസുള്ള 47 ജില്ലകളില്‍ ഒരു ലാബും ഇല്ല

കൊറോണ 630 ജില്ലകളില്‍; പക്ഷെ, 100 കേസുള്ള 47 ജില്ലകളില്‍ ഒരു ലാബും ഇല്ല

രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം ശക്തമാകുമ്പോള്‍ ടെസ്റ്റിങ് ലാബുകളുടെ അപര്യാപ്തത വെല്ലുവിളിയായി മാറുന്നു. പുതിയതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളില്‍ പലതിലും ടെസ്റ്റിങ് ലാബുകളില്ല. ദൂരെയുള്ള ലാബുകളിലേക്കാണ് ടെസ്റ്റിങ്ങിനായി സാമ്പിളുകള്‍ അയയ്ക്കുന്നത്. ഇത് റിസള്‍ട്ട് വരാന്‍ ഏറെ സമയമെടുക്കുന്നതിന് കാരണമാകുന്നു.

റിസള്‍ട്ട് വരാന്‍ വൈകുന്നത് രോഗബാധിതരെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നതാണ് പ്രശ്നം. വലിയ വിഭാഗം രോഗികള്‍ക്കും രോഗലക്ഷണങ്ങളില്ല. ഇക്കാരണത്താല്‍ തന്നെ റിസള്‍ട്ട് വന്നാല്‍ മാത്രമേ അത്തരക്കാരുടെ സമ്പര്‍ക്കം സംബന്ധിച്ച് ഉറച്ച തീരുമാനങ്ങളെടുക്കാന്‍ സാധിക്കൂ. പല രോഗികളെയും ഐസൊലേഷനില്‍‌ പ്രവേശിപ്പിക്കുന്നത് വൈകുന്നതും പ്രശ്നമാകുന്നുണ്ട്. രോഗബാധിതരും മറ്റുള്ളവര്‍ക്കൊപ്പം പാര്‍ക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

രാജ്യത്ത് നിലവില്‍ 250 ജില്ലകളില്‍ മാത്രമേ ടെസ്റ്റിങ് ലാബുകളുള്ളൂ. അതായത് രോഗബാധിതമായ 630 ജില്ലകളില്‍ പകുതിയിലധികവും ടെസ്റ്റിങ് സൗകര്യങ്ങളില്ലാത്തവയാണ്. ഉള്ളവയില്‍ത്തന്നെ മിക്കതും സര്‍ക്കാര്‍ ലാബുകളാണ്. 50 ജില്ലകളില്‍ മാത്രമാണ് സ്വകാര്യ ലാബുകള്‍ നിലവിലുള്ളത്.

തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിലാണ് നിലവിലുള്ള ലാബുകളില്‍ പകുതിയിലധികവും സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതില്‍ തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ വന്‍തോതില്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പുതുതായി കൂടുതല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശ്, ഒഡീഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ ലാബുകളുടെഎണ്ണം സംസ്ഥാനങ്ങളുടെ വലിപ്പത്തെ അപേക്ഷിച്ച് കുറവാണ്.

ആകെയുള്ള 281 ലാബുകളില്‍ 194 എണ്ണവും കോവിഡിനു ശേഷം സ്ഥാപിക്കപ്പെട്ടവയാണ്. ഇവയെല്ലാം കൂടുതല്‍ കേസുകളുള്ള സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് സ്ഥാപിക്കപ്പെട്ടത്. ബിഹാര്‍, ഒഡീഷ, യുപി എന്നിവിടങ്ങളില്‍ താരതമ്യേന കുറവ് ലാബുകളാണ് സ്ഥാപിച്ചത്. നേരത്തെ ഇവിടങ്ങളില്‍ കേസുകള്‍ കുറവായിരുന്നു. ഇപ്പോള്‍ സ്ഥിതി അതല്ല.

100 കേസുകളെങ്കിലുമുള്ള 47 ജില്ലകളില്‍ ലാബ് സൗകര്യമേയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.


Next Story

Related Stories