TopTop
Begin typing your search above and press return to search.

EXPLAINER | മുരുകനും മനുസ്മൃതിയും ആയുധങ്ങളാകുന്നു; ഡിസംബര്‍ 6 നു സമാപിക്കുന്ന ബിജെപിയുടെ വെട്രിവേല്‍ യാത്ര ദ്രാവിഡ മണ്ണിലെ ഹിന്ദുത്വ കര്‍സേവയോ?

EXPLAINER | മുരുകനും മനുസ്മൃതിയും ആയുധങ്ങളാകുന്നു; ഡിസംബര്‍ 6 നു സമാപിക്കുന്ന ബിജെപിയുടെ വെട്രിവേല്‍ യാത്ര ദ്രാവിഡ മണ്ണിലെ ഹിന്ദുത്വ കര്‍സേവയോ?


19ാം നൂറ്റാണ്ടിൽ മുരുകഭക്തനായ ദേവരായ സ്വാമികൾ രചിച്ചതാണ് സ്കന്ദ സഷ്ടി കവചം എന്ന കൃതി. 'കന്ദ സസ്ടി കവസം' എന്നാണ് തമിഴ് ഉച്ചാരണം. രോഗങ്ങളെ അകറ്റി നിർത്തുന്നതിന് മുരുകനെ അംഗപ്രത്യംഗം വർണിച്ച് പ്രാർത്ഥിക്കുന്ന ഈ കൃതി തമിഴ്നാട്ടിൽ ഏറെ പ്രശസ്തമാണ്. സൂലമംഗലം സഹോദരിമാർ ഈ കൃതിയെ രാഗമാലികയായി ചിട്ടപ്പെടുത്തി പാടാൻ തുടങ്ങിയതോടെ പ്രശസ്തി വർധിച്ചു. വൈഷ്ണവ പാരമ്പര്യമുള്ളവർ എംഎസ് സുബ്ബലക്ഷ്മിയുടെ കീർത്തനങ്ങൾ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുമ്പോൾ ശൈവ പാരമ്പര്യമുള്ള ക്ഷേത്രങ്ങളിൽ സ്കന്ദ സഷ്ടി കവചം ആണ് ആലപിക്കുക. തമിഴ്നാട്ടിൽ മുരുകഭക്തി എത്രത്തോളം ആഴത്തിൽ ജനങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ, അത്രയുംതന്നെ ആഴത്തിൽ പതിഞ്ഞതാണ് സ്കന്ദ സഷ്ടി കവചത്തിലെ വരികൾ.

ഈ കൃതിയെ 'കറുപ്പാർ കൂട്ടം' എന്നൊരു യൂടൂബ് ചാനൽ വിമർശിച്ചു. ജൂലൈ മാസത്തിലായിരുന്നു ഇത്. സുരേന്ദ്രൻ നടരാജൻ എന്ന കറുപ്പാർ കൂട്ടം പ്രവർത്തകനാണ് ഈ വിമർശന പരിപാടി അവതരിപ്പിച്ചത്. 'ആഭാസ പുരാണം' എന്ന വിശേഷണമാണ് സ്കന്ദ സഷ്ടി കവചം എന്ന കവിതയ്ക്ക് ഇദ്ദേഹം നൽകിയത്.

ഈ വീഡിയോയ്ക്കെതിരെ വലിയ പ്രതിഷേധം സംസ്ഥാനത്ത് ഉയർന്നു വന്നു. സംഭവം വിവാദമായതോടെ കറുപ്പാർ കൂട്ടം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ക്ഷമാപണവുമായി രംഗത്തെത്തി. തങ്ങൾ പുതിയതായൊന്നും പറഞ്ഞിട്ടില്ലെന്നും, 'ഹിന്ദു സംസ്കൃത ഐതിഹ്യ'ങ്ങളെ വിമർശിക്കുന്നത് പെരിയാർ മുതൽക്കുള്ള വഴക്കമാണെന്നും അവർ ചൂണ്ടിക്കാട്ടി. എങ്കിലും ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും, വിവാദകാരണമായ വീഡിയോ തങ്ങൾ ഡിലീറ്റ് ചെയ്തെന്നും അവർ അറിയിച്ചു.

എന്നാൽ, ഇതിനകം തന്നെ ഹിന്ദുത്വ വാദികൾ ഇതൊരു അവസരമാക്കി മാറ്റിയിരുന്നു. കറുപ്പാർ കൂട്ടം എന്ന സംഘടനയുടെ ചീഫ് കോർഡിനേറ്റർമാരായ സുരേന്ദ്രൻ നടരാജനും സെന്തിൽവാസയും ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളിൽ പെട്ടവരാണെന്നായിരുന്നു സംഘപരിവാർ സംഘടനകളുടെ പ്രചാരണം. ഇതിനെതിരെ കറുപ്പാർ കൂട്ടം രംഗത്തു വന്നു. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള മനപ്പൂർവമായ ശ്രമമാണ് നടക്കുന്നതെന്നായിരുന്നു അവരുടെ വാദം.

അതെസമയം സംഭവം കേസാകുകയും സുരേന്ദ്രൻ നടരാജൻ അറസ്റ്റിലാകുകയും ചെയ്തു. സെന്തിൽവാസൻ അറസ്റ്റിലായതിനു പിന്നാലെ സുരേന്ദ്രൻ പുതുച്ചേരിയിൽ വെച്ച് പൊലീസിനു മുന്നിൽ കീഴടങ്ങുകയുമായിരുന്നു. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മാപ്പ് പറയാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയിലും ഇതേ നിലപാടാണ് സുരേന്ദ്രൻ എടുത്തത്. ബിജെപിയുടെ ലീഗൽ വിങ് നേതാവ് അഡ്വ. ആർസി പോൾ കനകരാജായിരുന്നു ഹരജിക്കാരൻ. കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിടാനാണ് എഗ്മൂര്‍ കോടതി ജഡ്ജി റോസ്‍ലിൻ ദുരൈ തീരുമാനിച്ചത്. അന്വേഷണം പൂർത്തിയായി റിപ്പോർട്ട് വന്നതിനു ശേഷം അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. താൻ തന്റെ ജനാധിപത്യപരമായ അവകാശങ്ങളിലൂന്നിയാണ് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതെന്നും ഇതിൽ അറസ്റ്റ് ചെയ്യാൻ വകുപ്പില്ലെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 51A(h) മുൻനിർത്തി വാദിക്കുകയുണ്ടായി.

ഈ വിഷയത്തെ അതീവ ഗൌരവത്തോടെയാണ് 'ആത്മീയ രാഷ്ട്രീയ'ത്തിന്റെ വക്താവായ നടൻ രജിനികാന്ത് എടുത്തത്. ദശലക്ഷക്കണക്കിന് തമിഴരുടെ വികാരത്തെ വ്രണപ്പെടുത്തിയവരെ കഠിനമായി ശിക്ഷിക്കണമെന്നും അത് അവരൊരിക്കലും മറക്കരുതാത്ത ഒന്നായിരിക്കണമെന്നും രജിനികാന്ത് പ്രസ്താവിച്ചു. മതങ്ങളെ അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തമിഴ്നാട് സർക്കാർ പൂർണമനസ്സോടെ രംഗത്തിറങ്ങണമെന്നും വീഡിയോകൾ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ കറുപ്പർ കൂട്ടം ചാനലിന്റെ യൂടൂബ് നീക്കം ചെയ്തു.

ബിജെപി രാഷ്ട്രീയ മുതലെടുപ്പിന്?

തമിഴ്നാട്ടിൽ മറ്റ് ദേവതകളെപ്പോലെയല്ല മുരുകനുള്ള സ്ഥാനം. ജനകീയതയുടെ കാര്യത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ദേവതയാണ് മുരുകൻ. ദ്രാവിഡ വിഭാഗങ്ങൾക്കിടയിൽ ആഴത്തിൽ വേരോടിയ ദേവതാ സങ്കൽപ്പം. സാധാരണ മലയാളികൾക്കിടയിൽ അയ്യപ്പനുള്ളതിനെക്കാൾ വലിയ സ്ഥാനമാണ് മുരുകന് തമിഴർക്കിടയിലുള്ളതെന്ന് പറഞ്ഞാലും അമിതമാകില്ല. 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മുന്നൊരുക്കങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാം ബിജെപിയുടെ'വെട്രി വേൽ യാത്ര'യുടെ ലക്ഷ്യത്തെ. തങ്ങളുടെ യാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തുറന്നു സമ്മതിക്കാനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ ആർ ശ്രീനിവാസന് മടിയില്ല. "അതിലെന്താണ് തെറ്റ്? ഞങ്ങളുടേത് ഒരു രാഷ്ട്രീയ സംഘടനയാണ്. രാഷ്ട്രീയ മൈലേജ് പ്രധാനമാണ്. ഞങ്ങൾ വോട്ടർമാർക്ക് കോഴ കൊടുക്കുകയല്ല ചെയ്യുന്നത്. ആശയപരമായി ജനങ്ങളെ കൂടെച്ചേർക്കാനാണ് ശ്രമിക്കുന്നത്," ആർ ശ്രീനിവാസൻ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ ടി മുരുകാനന്ദത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

എന്താണ് വെട്രിവേൽ യാത്ര?

മുരുകന്റെ ആയുധമായ വേലിനെ ഒരു രാഷ്ട്രീയ ചിഹ്നമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് എൽ മുരുകനാണ് വെട്രിവേൽ യാത്ര നടത്തുന്നത്. സംസ്ഥാനത്ത് ആറ് മുരുകക്ഷേത്രങ്ങൾ സന്ദർശിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നവംബർ ആറിന് തുടങ്ങുന്ന യാത്ര ഡിസംബർ ആറിനാണ് അവസാനിക്കുക. അംബേദ്കർ ജയന്തി ദിനത്തിൽ അവസാനിപ്പിക്കുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നതെങ്കിലും അന്നാണ് സംഘപരിവാർ ബാബറി മസ്ജിദ് തകർത്തതെന്നത് എല്ലാവരുടെയും ശ്രദ്ധയിലുണ്ട്.

തന്റെ യാത്ര തമിഴ്നാട് രാഷ്ട്രീയത്തിലെ ഒരു വലിയ വഴിത്തിരിവാണെന്ന് എൽ മുരുകൻ പറയുന്നു. ഹിന്ദുക്കൾക്കെതിരെ വെറുപ്പിന്റെ ഒരു പ്രചാരണം നടക്കുന്നുണ്ടെന്നാണ് എൽ മുരുകന്റെ വിശ്വാസം. കാലങ്ങളായി തമിഴ്നാടിന്റെ രാഷ്ട്രീയബോധം ഹിന്ദുക്കൾക്കെതിരാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി ആർ ശ്രീനിവാസനും പറയുന്നു.

എന്താണ് യാത്രയുടെ ഇപ്പോഴത്തെ അവസ്ഥ?

കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ കൂട്ടംചേർക്കുന്ന ഈ യാത്ര തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. യാത്രയ്ക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. നവംബർ 15 വരെയാണ് നിരോധനം. കോവിഡിനെ കണക്കിലെടുത്ത് യാത്ര ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷി കൂടിയായ എഐഎഡിഎംകെ ബിജെപിയോട് ആവശ്യപ്പെട്ടുവെങ്കിലും അവർ വഴങ്ങിയില്ല. നിരോധനം കണക്കിലെടുക്കാതെ ബിജെപി യാത്രയുമായി മുമ്പോട്ട് പോകുകയാണുണ്ടായത്. ഡിസംബർ 6 എന്ന തിയ്യതിയിൽ തന്നെ യാത്ര അവസാനിപ്പിക്കുന്നതിനു പിന്നിൽ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കലാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു. സർക്കാർ വെട്രിവേൽ യാത്രയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്നുവെന്നും വിമർശനമുണ്ട്. യാത്ര നടത്താൻ അനുവദിക്കുകയും വൈകുന്നേരം അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്യുന്ന അഡ്ജസ്റ്റ്മെന്റാണ് നടക്കുന്നത് എന്നാണ് ആരോപണം. കഴിഞ്ഞദിവസം മാത്രം യാത്ര നടത്തുന്ന എൽ മുരുകനെ മൂന്ന് തവണയാണ് അറസ്റ്റ് ചെയ്തത്. കോടതി നിരോധിച്ചാലും തങ്ങൾ യാത്ര മുടക്കില്ലെന്ന സൂചനയാണ് ആർ ശ്രീനിവാസൻ നൽകുന്നത്. എൽകെ അദ്വാനിയുടെ രഥയാത്രയാണ് അദ്ദേഹത്തിന്റെ മനസ്സിൽ. ആ യാത്രയെ തടയാൻ ശ്രമിച്ചിട്ട് എന്തായി എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഡിഎംകെയും വിടുതലൈ ചിരുതൈകളുമെല്ലാം രാഷ്ട്രീയ യോഗങ്ങളും റാലികളും യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ നടത്തുന്നത് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അവർക്കാകാമെങ്കിൽ എന്തുകൊണ്ട് ബിജെപിക്ക് പാടില്ല?

എന്തുകൊണ്ട് എൽ മുരുകൻ?

ബിജെപി സംസ്ഥാന പ്രസിഡണ്ടായി എൽ മുരുകൻ സ്ഥാനമേൽക്കുന്നത് കഴിഞ്ഞ മാർച്ച് മാസത്തിലാണ്. സംസ്ഥാനത്തെ ജാതിരാഷ്ട്രീയത്തിൽ പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ട ഒരു നീക്കമായിരുന്നു അരുന്ധതിയാർ സമുദായക്കാരനായ മുരുകന്റെ രംഗപ്രവേശം. തമിഴകത്തെ മധ്യവർത്തി സമുദായങ്ങളുടെ രാഷ്ട്രീയ മേൽക്കോയ്മക്കിടയിൽ തഴയപ്പെടുന്ന ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗങ്ങളുടെ പ്രതിനിധിയെ മേൽത്തട്ടിലേക്ക് കൊണ്ടുവരുന്നതിലൂടെ മികച്ചൊരു നീക്കമാണ് ബിജെപി നടത്തിയതെന്നു പറയാം. തങ്ങളെ ശ്രദ്ധിക്കുന്ന ഏക മുഖ്യധാരാ രാഷ്ട്രീയകക്ഷിയെന്ന നിലയിൽ വലിയൊരളവ് ദളിതർ ബിജെപിയിലേക്ക് ചായുന്നുമുണ്ട്.

എങ്ങനെയാണ് ഡിഎംകെ ഈ പ്രശ്നത്തിലേക്ക് വരുന്നത്?

സുരേന്ദ്രൻ നടരാജനെ പിന്തുണച്ച് ഡിഎംകെ രംഗത്തു വന്നതോടെയാണ് സംഭവത്തിന്റെ സ്വഭാവം കുറെക്കൂടി നിർവചിതമായതും രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യത കൂടിയതും. സാമൂഹ്യനീതിക്കു വേണ്ടി ശബ്ദിക്കാനും ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച ചർച്ചകൾ നടത്താനും അദ്ദേഹത്തിന് അവകാശമുണ്ടെന്നും ഡിഎംകെ നിലപാടെടുത്തു. സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊടുമ്പിരിക്കൊണ്ടു. നിരവധി ഹാഷ്ടാഗുകൾ (#KarupparKoottam #VetrivelVeeravel #KandhanukuArohara #AntiHindu #வெற்றிவேல்வீரவேல் #Murugan) ഈ വിഷയത്തിൽ സൃഷ്ടിക്കപ്പെട്ടു.

കറുപ്പാർ കൂട്ടത്തിന്റെ വീഡിയോയ്ക്ക് എതിർ വീഡിയോ നിർമിച്ച് ഹിന്ദു തമിഴ് പറവൈ എന്ന സംഘം രംഗത്തെത്തി. ഈ വീഡിയോ നിർമിച്ച എസ്ജെ ഗോപാലിനെയും പോലീസ് പിന്നീട് പിടികൂടി. രണ്ടുപേർക്കെതിരെയും ഗുണ്ടാനിയമത്തിലെ വകുപ്പുകൾ ചാർത്തി. ഇതോടൊപ്പം ഐപിസി 153എ (രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സ്പർദ്ദ വളർത്തൽ) അടക്കമുള്ള കുറ്റങ്ങൾ ചാർത്തപ്പെട്ടു.

തമിഴ്നാട്ടിലും മതവിഭാഗീയത എളുപ്പമാകുന്നുവോ?

പെരിയാർ രാമസ്വാമി നായ്ക്കർ മതങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങൾ കണ്ടും കേട്ടും വളർന്ന തമിഴ് ജനത, വിശ്വാസി സമൂഹമായിരിക്കുമ്പോഴും വിഭാഗീയതയ്ക്ക് ഇടം കൊടുത്ത ചരിത്രമില്ല. ബിജെപിക്ക് സംസ്ഥാനത്ത് ഇക്കാലമത്രയും വളർച്ച സാധ്യമല്ലാതിരുന്നതിന് കാരണവും മറ്റൊന്നല്ല. പൂർണമായ അർത്ഥത്തിൽ ദ്രാവിഡ കക്ഷിയെന്ന് വിളിക്കാവുന്ന ഡിഎംകെ തുടർച്ചയായി മതവിമർശനം നടത്തിപ്പോന്നിരുന്നത് അവരുടെ വളർച്ചയ്ക്ക് ഉപയോഗപ്പെട്ട ചരിത്രമേയുള്ളൂ. ഈ ധൈര്യത്തിൽ തന്നെയാണ് കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഒരു വിവാഹപ്പന്തലിൽ വെച്ച് എംകെ സ്റ്റാലിൻ ഹൈന്ദവ പുരോഹിത വർഗത്തെ വിമർശിച്ച് സംസാരിച്ചത്. പുരോഹിതർ സംസ്കൃതത്തിൽ എന്തെല്ലാമോ പറയുന്നു. അവർ പറയുന്നത് വിവാഹിതരാകുന്നവർക്ക് അറിയില്ല. വിവാഹത്തിന് വന്നിരിക്കുന്നവർക്കും അറിയില്ല. മന്ത്രം ചൊല്ലുന്ന പുരോഹിതർക്കും പലപ്പോഴും അതെന്താണെന്ന് അറിയില്ല. അവയുടെ അർത്ഥം മനസ്സിലാക്കിയാൽ നമ്മളെല്ലാം നടുങ്ങും, എന്നിങ്ങനെയായിരുന്നു സ്റ്റാലിന്റെ സംഭാഷണം. കറുപ്പാർകൂട്ടം വിവാദത്തിനു ശേഷം ബിജെപി സംസ്ഥാനത്ത് ഉയർത്തിവിട്ട പ്രചാരണങ്ങളിൽ സ്റ്റാലിന്റെ ഈ വീഡിയോയും അവർ ഉൾപ്പെടുത്തി. ഒരു മുസ്ലിം വിവാഹത്തിൽ പങ്കെടുത്താണ് സ്റ്റാലിൻ ഹൈന്ദവാചാരങ്ങളെ ആക്ഷേപിക്കുന്നതെന്ന് പറയുന്നു ബിജെപിയുടെ അഭിഭാഷക സംഘടനയുടെ ചെങ്കൽപ്പേട്ട് ജില്ലാ നേതൃത്വത്തിലുള്ള സാറൽ മോഹൻ. "ഇവരെല്ലാം ക്ഷേത്ര വിശ്വാസികളാണ്. സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ പോകാത്ത അമ്പലങ്ങളില്ല. ഹിന്ദുക്കൾ ഒരുമിക്കണമെന്ന നിലപാടുള്ള നിരവധി പേർ ഡിഎംകെയിലുണ്ട്. ജനങ്ങൾക്ക് ഇതെല്ലാം മനസ്സിലാകുന്നുണ്ട്. ഒരുവഴിക്ക് അവർ പറയുന്നതല്ല മറ്റൊരു വഴിക്ക് അവർ ചെയ്യുന്നത്," സാറൽ മോഹൻ പറയുന്നു. അതെസമയം സ്റ്റാലിൻ പങ്കെടുത്ത വിവാഹം മുസ്ലിം വിവാഹമല്ലെന്നത് വ്യക്തമാണ്. പക്കമേളക്കാരും മറ്റും സന്നിഹിതരായിട്ടുള്ള വിവാഹവേദി കാണാവുന്നതാണ്. സദസ്സിലിരിക്കുന്ന കുറച്ചുപേർ പർദ്ദാധാരികളാണെന്നു മാത്രം. എന്തായാലും ഈ വീഡിയോ ബിജെപി കാര്യമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.

എന്തുകൊണ്ട് മതരാഷ്ട്രീയത്തിന് ഇടം ലഭിക്കുന്നു?

കറുപ്പാർ കൂട്ടം പറയുന്ന കാര്യങ്ങളെല്ലാം പെരിയാറിന്റെ കാലത്തേ പറഞ്ഞു വരുന്നതാണെങ്കിലും സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു ദളിത് ചിന്തകനും മധുരൈ കാമരാജ് സർവകലാശാലയിലെ മാധ്യമവിഭാഗം മേധാവിയുമായ ഡോ. ജെ ബാലസുബ്രഹ്മണ്യം. കൂടാതെ പെരിയാറുടെ വാക്കുകൾ കേട്ടിരിക്കുന്നതു പോലെ കറുപ്പാർ കൂട്ടത്തിന്റെ വാക്കുകൾ ജനങ്ങൾ കേട്ടിരിക്കണം എന്നില്ല.

കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ ദ്രാവിഡ രാഷ്ട്രീയ കക്ഷികൾ അതിജീവിച്ചു വന്നെങ്കിലും ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആശയപരമായ മേഖല അതിജീവിച്ചെന്ന് പറയാനാകില്ലെന്ന് ബാലസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടുന്നു. സാംസ്കാരിക മുന്നേറ്റം ഒട്ടുമില്ലാതായി. പെരിയാറിന്റെ കാലത്തുണ്ടായിരുന്ന പുരോഗമന ആശയധാരകളൊക്കെ ദുർബലപ്പെട്ടു. ദ്രാവിഡ മുന്നേറ്റത്തിന്റെ അടിപ്പടകളിലൊന്നായിരുന്ന നിരീശ്വരവാദ ആലോചനകളെ പിന്നീട് ഏറ്റെടുക്കാൻ ആളുണ്ടായില്ല. ഒരു തലമുറയോടെ അത് അവസാനിച്ചു. നാട്ടിൻപുറങ്ങളിലെല്ലാം വലിയ തോതിൽ സംസ്കൃതവൽക്കരണം നടക്കുന്നതും ഇപ്പോൾ സംഘപരിവാർ നടത്തുന്ന മുന്നേറ്റങ്ങൾക്ക് അടിസ്ഥാനമായിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും അയ്യർപൂജാരിമാർ വരുന്നു. കുംഭാഭിഷേകവും മറ്റും നടത്തി ദളിതരെ അവരുടെ ക്ഷേത്രങ്ങളിൽ നിന്നും നീക്കിക്കൊണ്ടിരിക്കുന്നു. ഇതിനെ ചെറുക്കാനുള്ള ആശയശാസ്ത്ര വ്യക്തത ദ്രാവിഡ കക്ഷികൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.

"ദളിതരിലെ അംബേദ്കർ രാഷ്ട്രീയം അത്രകണ്ട് ആവേശിച്ചിട്ടില്ലാത്ത ജാതിവിഭാഗങ്ങളെയാണ് ബിജെപി ലക്ഷ്യമാക്കുന്നത്. ഇന്ത്യയിലെമ്പാടും ദളിതരിലെ ഭൂരിപക്ഷ സമുദായങ്ങളിലാണ് അംബേദ്കറിസം കാര്യമായി വളർന്നത്. തമിഴ്നാട്ടിൽ പറയ വിഭാഗക്കാരാണ് ദളിതരിലെ ഭുരിപക്ഷസമുദായം. ഉദാഹരണത്തിന്, മഹാരാഷ്ട്രയിലെ മഹർ, ആന്ധ്രയിലെ മാല, കേരളത്തിലെ പുലയ തുടങ്ങിയ സമുദായങ്ങൾക്കിടയിലാണ് രാജ്യത്ത് അംബേദ്കറിസത്തിന് കാര്യമായ വേരോട്ടം ലഭിച്ചത്. ഇവരിൽപ്പെടാത്ത ഇതര പട്ടികജാതി സമുദായങ്ങളിലേക്ക് ഇറങ്ങുന്നതിനാണ് ശ്രമം. തമിഴ്നാട്ടിൽ പറയരെ വിട്ട് പല്ലർ, അരുന്ധതിയാർ എന്നീ ജാതിവിഭാഗങ്ങളിൽ ബിജെപി പ്രവർത്തനം കേന്ദ്രീകരിക്കുന്നു. ഈ ജാതിവിഭാഗങ്ങൾക്കിടയിൽ പരസ്പരമുള്ള അസന്തുഷ്ടികളെ മുതലെടുക്കാനും ബിജെപിക്ക് സാധിക്കുന്നു."
ഡോ. ബാലസുബ്രഹ്മണ്യം പറയുന്നു.

ദളിതർ ബുദ്ധമതത്തിലേക്ക് ചേക്കേറുന്നതിന്റെ അളവ് വർധിക്കുന്നുവെന്നത് ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയമാണെന്ന് ഡോ. ബാലസുബ്രഹ്മണ്യം പറയുന്നു. അംബേദ്കറുടെ നിയോ ബുദ്ധിസം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ദളിത് കുടുംബങ്ങൾ ബുദ്ധമതത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്ക് ബുദ്ധമത നാമങ്ങൾ നൽകുന്നു. കഴിഞ്ഞ 20 വർഷമായി ഇത് നടന്നു കൊണ്ടിരിക്കുന്നു. ഇവിടെ വരുന്ന പ്രശ്നം, ബ്രാഹ്മണേതര സമൂഹങ്ങളിൽ നിന്നും ദളിത് സമൂഹം വേർപെടുന്നുവെന്നതാണ്. അവരുടെ ഒരുമ അസാധ്യമായി വന്നിരിക്കുന്നു. ഇതിനിടയിലാണ് ആർഎസ്എസ് ഉൾനാടൻ മേഖലയിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കുന്നത്. ശാഖകൾ സ്ഥാപിച്ചും, ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് വിളക്കുപൂജയും മറ്റും നടത്തുകയും, വിനായകചതുർത്ഥി തുടങ്ങിയ പുതിയ ആചാരങ്ങൾ കൊണ്ടുവന്നും ഇവർ മുന്നേറ്റം നടത്തുകയാണ്. വിളക്കുപൂജയിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ വലിയതാണ്. ആർഎസ്എസ്സുകാരാണ് തങ്ങളെന്ന് അവർ എവിടെയും വെളിപ്പെടുത്തുന്നില്ല. മഴ പെയ്യാനും നാടിന് നല്ലത് വരാനും സ്വാമിയെ കുമ്പിടണമെന്ന് മാത്രം പറയുന്നു. സാധാരണ ജനങ്ങൾ അതിൽ വീഴുന്നു.

ഈ പ്രശ്നത്തെ ദ്രാവിഡ, ഇടത് പാർട്ടികൾക്ക് ശരിയാംവണ്ണം നേരിടാൻ കഴിഞ്ഞില്ലെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയം പച്ചപിടിക്കാൻ എല്ലാ സാധ്യതയും ഒരുങ്ങുന്നുണ്ടെന്നാണ് ഡോ. സുബ്രഹാമണ്യത്തിന്റെ അഭിപ്രായം. "പെരിയാറുടെ മണ്ണാണിതെന്നൊന്നും പറയുന്നതിൽ അർത്ഥമില്ല. പെരിയാറുടെ മണ്ണിൽ തന്നെയല്ലേ ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്നത്," അദ്ദേഹം ചോദിക്കുന്നു.

എന്താണ് തോൾ തിരുമാവളവന്റെ മനുസ്മൃതി വിവാദം?

ഡിഎംകെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ നേതാവ് തോൾ തിരുമാവളവനെതിരെയും ബിജെപി വൻതോതിലുള്ള പ്രചാരണങ്ങളുയർത്തി. തിരുമാവളവനെതിരെ ഒന്നിലധികം വിഷയങ്ങൾ ഉന്നയിക്കാനുണ്ട് ബിജെപിക്ക്. മനുസ്മൃതിക്കെതിരെ തിരുമാവളവൻ ഉയർത്തിയ ചില വിമർശനങ്ങളാണ് അവയിലൊന്ന്. ഈ വിമർശനങ്ങളിൽ തിരുമാവളവനെതിരെ തമിഴ്നാട് പൊലീസ് കേസെടുക്കുകയുമുണ്ടായി. ഡിഎംകെയുമായുള്ള വിസികെയുടെ സഖ്യം വിജയകരമാക്കാതിരിക്കുകയെന്ന ലക്ഷ്യമാണ് സർക്കാരിനെയും ബിജെപിയെയും നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിൻ ഈ ഘട്ടത്തിൽ രംഗത്തെത്തി.

സ്ത്രീകൾക്കു മേൽ ബ്രാഹ്മണ പുരുഷാധിപത്യം ലക്ഷ്യം വെക്കുന്ന കൃതിയാണ് മനുസ്മൃതിയെന്ന് തോൾ തിരുമാവളവൻ കഴിഞ്ഞദിവസവും ആവർത്തിച്ചു. തമിഴ്നാട് വിമൻ ജേണലിസ്റ്റ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വീണ്ടും ഉറപ്പിച്ചത്. സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവ നിഷേധിക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. മനുസ്മൃതി ഇന്ന് സാധുതയുള്ള ഒരു നിയമസംഹിതയല്ലെങ്കിലും അത് ജനങ്ങളിൽ വലിയൊരു വിഭാഗത്തെ ഇപ്പോഴും ആകർഷിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും വിവാഹങ്ങൾ നടക്കുന്നതിലും ഈ ഗ്രന്ഥത്തിന്റെ സ്വാധീനം കാണാം. ശവസംസ്കാരം സാമുദായികമായി വേറിട്ട് നടത്തുന്നതിനും മനുസ്മൃതിയുടെ ചട്ടങ്ങളാണ് അടിസ്ഥാനം. സ്ത്രീകളെ നിയന്ത്രിക്കാൻ മനുസ്മൃതി ഉപയോഗിക്കുന്നത് കന്യകാത്വം, വേശ്യാവൃത്തി തുടങ്ങിയ സങ്കൽപ്പങ്ങളുന്നയിച്ചാണെന്ന് തിരുമാവളവൻ ചൂണ്ടിക്കാട്ടി. ഹിന്ദു കോഡ് ബില്ലിലൂടെ ഈ അനാചാരങ്ങളെയെല്ലാം ഇല്ലാതാക്കാനാണ് അംബേദ്കർ ശ്രമിച്ചത്.

മനുസ്മൃതി വിവാദത്തിൽ ബിജെപിക്ക് അൽപം പിൻവലിഞ്ഞു നിൽക്കേണ്ടതായി വന്നിട്ടുണ്ട്. വിസികെ ഒരു ദളിത് പാർട്ടിയായതിനാൽ നേരിട്ടുള്ള ഒരു ഏറ്റുമുട്ടൽ തങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന ധാരണയോടെയാണ് അവർ പിൻവാങ്ങിയത്. തിരുമാവളവൻ എന്ന നേതാവിന്റെ കരിസ്മയും ബിജെപിയെ പിൻവാങ്ങി നിർത്തിയതിൽ ഘടകമായിട്ടുണ്ട്. തിരുമാവളവൻ ശക്തമായ പ്രത്യാക്രമണമാണ് നടത്തിയത്. പലയിടങ്ങളിലും വിടുതലൈ ചിരുതൈ കക്ഷികൾ ആർഎസ്എസ്സുകാരെ ആക്രമിച്ച സംഭവങ്ങളുമുണ്ടായി. തമിഴ്നാട്ടിലെല്ലായിടത്തും വിശദീകരണ യോഗങ്ങൾ വിളിച്ചുചേർത്ത് മനുസ്മൃതി എന്താണെന്ന് വിവരിച്ചു. സ്മൃതി നിരോധിക്കണമെന്ന ആവശ്യവും ഉയർത്തി. ഇത് ബിജെപിക്ക് തിരിച്ചടിയായി.

ജൂലൈ മാസത്തിൽ കറുപ്പാർ കൂട്ടം വിവാദം ഉയർന്ന ഘട്ടത്തിൽ തന്നെ ബിജെപി മുരുകനെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണന്ന് അഭിപ്രായപ്പെട്ട് തിരുമാവളവൻ രംഗത്തു വന്നിരുന്നു. എത്ര ബ്രാഹ്മണർ കവിളിൽ വേൽ തറച്ച് കാവടിയെടുത്ത് പോയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഒരു ബ്രാഹ്മണനു പോലും മുരുകൻ എന്ന പേരില്ലെന്ന് അദ്ദേഹം പറഞ്ഞു. സുബ്രഹ്മണ്യൻ എന്നേ ബ്രാഹ്മണർ പ്രയോഗിക്കൂ. കന്ദൻ എന്ന് തമിഴർ പറയുമ്പോൾ അവർ സ്കന്ദൻ എന്ന് സംസ്കൃതവൽക്കരിച്ചേ സംസാരിക്കൂ. എന്നാണ് മുരുകനും സുബ്രഹ്മണ്യനും ഒന്നായിത്തീർന്നത്? എന്നാണ് കന്ദനും സ്കന്ദനും പിണയ്ക്കപ്പെട്ടത്?. ഇതൊന്നും വിശ്വാസത്തെ ചോദ്യം ചെയ്യലല്ലെന്നും ചരിത്രപരമായ ചില ചോദ്യങ്ങൾ മാത്രമാണെന്നും തിരുമാവളവൻ വിശദീകരിക്കുന്നു. ഇപ്പോൾ ബിജെപി നേതാവ് എച്ച് രാജാ അടക്കമുള്ളവർ മുരുകനു വേണ്ടി ശബ്ദമുയർത്തുന്നത് ആരെ ഏമാത്താനാണെന്നും അദ്ദേഹം ചോദിക്കുന്നു. തമിഴ് ദൈവങ്ങളെപ്പറ്റി സംസാരിക്കാൻ ഇവരാരാണ്? തമിഴ് ദൈവങ്ങളെക്കുറിച്ച് സംസാരിക്കാൻ തമിഴർ വരട്ടെ.

ഡിഎംകെ അധികാരത്തിൽ വരാതിരിക്കാൻ സഖ്യകക്ഷികൾക്കിടയിൽ കുഴപ്പമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വിസികെ നേതാവ് കരുതുന്നു. കറുപ്പർ കൂട്ടവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കറുപ്പർ കൂട്ടം നേതാവ് സുരേന്ദ്രൻ നടരാജനുമൊത്ത് തിരുമാവളവൻ നിൽക്കുന്ന ഒരു ഫോട്ടോ ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. താനും കറുപ്പനാണ് എന്നതല്ലാതെ കറുപ്പർ കൂട്ടവുമായി ബന്ധമൊന്നും വിടുതലൈ ചിരുതൈകൾക്കില്ല. "തെറ്റായ ഈ രാഷ്ട്രീയം ബിജെപി ഉപേക്ഷിക്കണം. നിങ്ങൾക്ക് മുരുകൻ തുണയാകുമെങ്കിൽ പച്ചത്തമിഴരായ ഞങ്ങൾക്ക് മുരുകൻ തുണയാകില്ലെന്നാണോ?" തിരുമാവളവൻ ചോദിക്കുന്നു.

കോവിലുകളിൽ തമിഴിൽ ആരാധന ചെയ്യാമെന്ന് സർക്കാർ ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് നിറവേറ്റാൻ ഉയർന്ന ജാതിക്കാരുടെ ക്ഷേത്രങ്ങൾ തയ്യാറാകുമോയെന്ന ചോദ്യത്തോടെ വളരെ കൃത്യമായാണ് തിരുമാവളവൻ ഇടപെടുന്നതെന്ന് അദ്ദേഹം പറയുന്നു. തമിഴ് ദൈവമാണ് മുരുകൻ. ആ തമിഴ് ദൈവത്തിനു വേണ്ടി നടത്തുന്ന ഈ സമരത്തിൽ തമിഴ് ഭാഷയിൽ ആരാധന വേണമെന്ന് ആവശ്യപ്പെടാൻ ബിജെപി തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
എന്താണ് മനുസ്മൃതി കേസിൽ കോടതിയെടുത്ത നിലപാട്?
മനുസ്മൃതി ഒരു നിയമപുസ്തകമല്ല എന്നിരിക്കെ അതുസംബന്ധിച്ച് ഒരാൾ നടത്തുന്ന വ്യാഖ്യാനങ്ങളെ തടയാൻ തങ്ങൾക്ക് കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കഴിഞ്ഞദിവസം പ്രസ്താവിച്ചു. വിസികെ നേതാവ് തിരുമാവളവന്റെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും ജഡ്ജിമാരായ എം സത്യനാരായണൻ, ആർ ഹേമലത എന്നിവർ വ്യക്തമാക്കി. രണ്ടായിരം വർഷം പഴക്കമുള്ള കൃതിയാണ് മനുസ്മൃതി. അത് തിരുമാവളവൻ തന്റേതായ രീതിയിൽ വ്യാഖ്യാനിച്ചു. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഇങ്ങനെയെ വ്യാഖ്യാനിക്കാവൂ എന്ന് ഉത്തരവിടാൻ മനുസ്മൃതി ഒരു നിയമഗ്രന്ഥമല്ലെന്നും കോടതി വ്യക്തമാക്കി. ഈ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളിൽ ഇടപെടാനും കോടതി വിസമ്മതിച്ചു. ക്രമസമാധാനം സർക്കാരിന്റെ വിഷയമാണെന്ന് കോടതി നിലപാടെടുത്തു. ഇതോടെ ബിജെപി നേതാവു കൂടിയായ അഡ്വ. പോൾ കനകരാജ് തന്റെ കേസ് പിൻവലിച്ചു.

ബിജെപിക്ക് ഇക്കണ്ടകാലം സാധിക്കാതിരുന്നത് കറുപ്പർകൂട്ടം സാധിച്ചു കൊടുത്തു?
കറുപ്പർ കൂട്ടത്തിന്റെ ഈ നടപടി ഹിന്ദുത്വ വാദികളെ മാത്രമല്ല അസന്തുഷ്ടരാക്കിയത്. സമാധാനജീവിതം ആഗ്രഹിക്കുന്ന, തീവ്രവാദ നിലപാടില്ലാത്ത സാധാരണ ഹൈന്ദവർക്കും ഈ വിവാദത്തിൽ അതൃപ്തിയുണ്ട്. കറുപ്പാർ കൂട്ടം പറയുന്ന രീതിയിലുള്ള വിമർശനങ്ങൾ പെരിയാർ പറഞ്ഞു കൊണ്ടിരുന്നുവെന്നതും, പെരിയാറിസ്റ്റുകൾ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതാണെന്നതും അപ്രസക്തമായിട്ടുണ്ട്. ഡിഎംകെയുടെ മുതിർന്ന നേതാവായ കെഎൻ നെഹ്റുവാണ് കറുപ്പാർ കൂട്ടത്തിനെതിരെ രംഗത്തെത്തിയവരിലൊരാൾ. തോൾ തിരുമാവളവനും കറുപ്പാർ കൂട്ടത്തെ അംഗീകരിച്ചില്ല. മുരുകനെ മോശമായി ചിത്രീകരിക്കുന്നതിനോട് ഡിഎംകെ വക്താവ് ആർഎസ് ഭാരതിയും യോജിച്ചില്ല. ഹൈന്ദവ സമൂഹത്തിന്റെ മതപരമായ വൈകാരികത മുമ്പെന്നത്തേതിനെക്കാളും ശക്തമായിട്ടുണ്ടെന്ന് സംശയിക്കാവുന്ന സ്ഥിതിയുണ്ട്.

എന്താണ് എഐഎഡിഎംകെയുടെ നിലപാട്?

ഡിഎംകെയിൽ നിന്നും വ്യത്യസ്തമായി അൽപ്പം നേർപ്പിക്കപ്പെട്ട നിലയിലാണ് എഐഎഡിഎംകെയുടെ ദ്രാവിഡവാദം നിലകൊള്ളുന്നത്. വളരെയേറെ ഹൈന്ദവ വിശ്വാസാചാരങ്ങളോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയ അഭിപ്രായമാണ് പാർട്ടിയുടേത്. ജയലളിത അടക്കമുള്ള നേതാക്കൾ മതപരമായ ആചാരാനുഷ്ഠാനങ്ങൾ പരസ്യമായി നടത്തിക്കൊണ്ടും മറ്റുമാണ് പാർട്ടിയുടെ ജനകീയാടിത്തറ ഉറപ്പിച്ചെടുത്തത്. ബിജെപിയുടെ ഇപ്പോഴത്തെ നീക്കം തങ്ങളുടെ വോട്ടുകളെ ചോർത്തുമോയെന്ന ആശങ്ക പലവിധ ദൌർബല്യങ്ങളെ നേരിടുന്ന എഐഎഡിഎംകെയ്ക്കുണ്ട്.ഇരു പാർട്ടികളും സഖ്യത്തിൽ നിന്ന് പിന്മാറാൻ പോകുന്നില്ല. രണ്ടുകൂട്ടർക്കും നിലനിൽക്കണമെങ്കിൽ പരസ്പര സഹായം ഇപ്പോൾ ആവശ്യമാണ്.Next Story

Related Stories