ഇന്ത്യൻ സാമ്പത്തികസേവന മൊബൈൽ ആപ്ലിക്കേഷനായ പേടിഎമ്മിനെ പ്ലേസ്റ്റോർ പിൻവലിച്ചു. പ്ലേസ്റ്റോറിന്റെ ചൂതാട്ട നയങ്ങൾക്ക് വിരുദ്ധമായി നിരന്തരമായി പ്രവർത്തിച്ചതാണ് ഈ കടുത്ത നടപടിക്ക് കാരണമെന്നറിയുന്നു. ഇന്ന് (സെപ്തം. 18, വെള്ളി) രാവിലെ മുതൽ പേടിഎമ്മിനെ പ്ലേസ്റ്റോറിൽ കാണാനില്ല.
ഇന്ത്യയിൽ സ്പോർട്സ് വാതുവെപ്പ് അടക്കമുള്ള ചൂതാട്ടങ്ങൾ നടത്തുന്ന ആപ്ലിക്കേഷനുകൾക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിരോധനമേർപ്പെടുത്തിയിണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കി.
പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന ഫാൻറസി സ്പോർട്സ് സേവനമാണ് പ്ലേസ്റ്റോറിന്റെ ചൂതാട്ട നിയമങ്ങൾ ലംഘിച്ചത്. പേടിഎം ആപ്പിനുള്ളിൽ തന്നെയാണ് ഈ സേവനവും നൽകുന്നത്.
പേടിഎമ്മിന്റെ ആപ്ലിക്കേഷൻ മറ്റു പല ചൂതാട്ട വെബ്സൈറ്റുകളിലേക്കും ഉപയോക്താക്കളെ നയിച്ചിരുന്നെന്നാണ് ഗൂഗിൾ കണ്ടെത്തിയിരിക്കുന്നത്. ഇത് ഗൂഗിളിന്റെ നയങ്ങളുടെ ലംഘനമാണ്.
പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്യപ്പെട്ട കാര്യം പേ ടിഎം സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിനെ തിരികെ എത്രയും പെട്ടെന്ന് പ്ലേസ്റ്റോറില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കാനിരിക്കെയാണ് മറ്റ് ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പെന്നോണം ഈ ഗൂഗിളിന്റെ നടപടി.