TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കണം; നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കണം; നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതി നിര്‍മാണത്തിന് സര്‍ക്കാര്‍ അന്തിമസമയം നിശ്ചയിച്ചു. 2022 ഡിസംബറിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും 'അവശ്യ സര്‍വീസി'ല്‍ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

പുതിയ പാര്‍ലമെന്റ് കെട്ടിടം, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക വസതികള്‍, വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022 ആഗസ്റ്റ് 15ന് മുമ്പായി പുതിയ പാര്‍ലമെന്റ് പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തുടര്‍ന്ന് മെയ് മാസത്തില്‍ ഉപരാഷ്ട്രപതിയുടെ വസതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. ഡിസംബറില്‍ പ്രധാനമന്ത്രിയുടെ വസതിയും പൂര്‍ത്തിയാക്കും. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങളെ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ അപേക്ഷ പ്രകാരം ഡല്‍ഹി പൊലീസ് അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ, അത്യന്തം അപകടകരമായ സാഹചര്യത്തിലും ഒരുകൂട്ടം തൊഴിലാളികള്‍ ഇപ്പോഴും ജോലി തുടരുകയാണ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ 3.2 കിലോമീറ്റര്‍ ചുറ്റവളവില്‍ ബാരിക്കേഡ് മറകള്‍ക്കുള്ളിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

കോവിഡ് കാലത്ത്, തൊഴിലാളികളെ എത്തിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ അവയെല്ലാം അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കരാറുകാര്‍ പണി തുടരുകയായിരുന്നു. സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പ്രോജക്ടാണെന്നും നവംബര്‍ 30ന് മുന്‍പ് അവ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനാല്‍ മൂന്ന് ഷിഫ്റ്റുകളിലായും ജോലികള്‍ തുടരണമെന്നും കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര പൊതു മരാമത്ത് വകുപ്പ് പൊലീസിന് കത്ത് നല്‍കിയത്. കര്‍ഫ്യൂ കാലയളവില്‍ തൊഴിലാളികള്‍ക്ക് ജോലിസ്ഥലത്തേക്ക് സ്വന്തം വാഹനങ്ങളില്‍ വരാനും പോകാനും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള കത്താണ് ഡല്‍ഹി പൊലീസ് അംഗീകരിച്ച് നല്‍കിയത്.

നേരത്തെ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി സര്‍ക്കാരിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് ഈ വര്‍ഷം ആദ്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.


Next Story

Related Stories