Top

മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച് ഗവര്‍ണര്‍

മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച് ഗവര്‍ണര്‍

മഹാരാഷ്ട്രയില്‍ സര്‍‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ആവശ്യം. ബിജെപിയുടെ നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ്സിനെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചിരുന്നു.

മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാൻ 146 അംഗങ്ങളുടെ പിന്തുണ വേണമെന്ന സാഹചര്യത്തിലാണ് 56 സീറ്റുകളിൽ വിജയിച്ച ശിവസേന സമ്മർദ്ദം ശക്തമാക്കിയതോടെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഇതുവരെ അവകാശവാദമുന്നയിച്ചിട്ടില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യ ഉത്തരവാദിത്വം ബിജെപിക്കാണെന്നും അതിനു ശേഷം മാത്രമേ തങ്ങള്‍ക്കിടപെടാനാകൂ എന്നുമാണ് ശിവസേനയുടെ നിലപാട്

50-50 ഫോർമുലയാണ് ശിവസേന മുന്നോട്ട് വെക്കുന്നത്. മന്ത്രിസഭയിൽ തുല്യ പ്രാതിനിധ്യവും രണ്ടര വർഷക്കാലം മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കലുമാണ് ഇതിൽ പ്രധാനം.

നിയമങ്ങള്‍ അനുശാസിക്കുന്നതു പ്രകാരം ഏറ്റവും ഭൂരിപക്ഷമുള്ള സഖ്യത്തെയോ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം. ഇതിനു ശേഷമേ മറ്റ് സാധ്യതകളിലേക്ക് പോകാന്‍ ഗവര്‍ണര്‍‌ക്കാകൂ.

അതെസമയം, സര്‍ക്കാര്‍ രൂപീകരണം അയോധ്യ വിധിയുമായി ബന്ധപ്പെട്ട് വൈകാനിടയുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് പറയുകയുണ്ടായി. അടുത്ത രണ്ടുദിവസം അയോധ്യമാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ രൂപീകരണം പിന്നെയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി.

ശനിയാഴ്ച അര്‍ധരാത്രിയോടെ നിലവിലെ ബിജെപി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയാണ്. കഴിഞ്ഞദിവസം ഫഡ്നാവിസ് രാജി വെച്ചെങ്കിലും ഗവര്‍ണറുടെ അഭ്യര്‍ത്ഥനപ്രകാരം കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇതിന്മേല്‍ ആക്ഷേപങ്ങളുമായി ശിവസേനാ നേതാക്കള്‍ സജീവമാണ്. എന്‍സിപിയും ഇതേ ആക്ഷേപവുമായി രംഗത്തുണ്ട്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഗവര്‍ണര്‍ തന്റെ കസ്റ്റഡിയിലേക്ക് കൊണ്ടുവരണമെന്ന് എന്‍സിപിയുടെ ദേശീയ വക്താവായ നവാബ് മാലിക്ക് ട്വീറ്റ് ചെയ്തു. പഴയ തിയ്യതിയിട്ട് ഓര്‍ഡറുകളിറക്കാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സഖ്യം രൂപീകരിക്കുന്നതിനു മുമ്പ് ബിജെപി തന്നിട്ടുള്ള വാഗ്ദാനങ്ങളിലൊന്നാണ് പകുതി കാലയളവില്‍ മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് നല്‍കാമെന്നതെന്ന് ശിവസേന മുഖപത്രമായ സാമനയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം ഇന്ന് പറഞ്ഞു. അധികാരം പങ്കിടുന്നതു സംബന്ധിച്ച് ബിജെപി ഇപ്പോഴും സംസാരിക്കുന്നില്ലെന്നും സാമന ലേഖനം ആരോപിക്കുന്നു.

ആകെ 105 സീറ്റുകളാണ് ബിജെപിക്ക് സഭയിലുള്ളത്. 29 സ്വതന്ത്ര/ചെറുപാര്‍ട്ടി എംഎല്‍എമാരുള്ളതില്‍ 15 പേരുടെ പിന്തുണ ബിജെപിക്കുണ്ട്. ഇനി 25 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം. ശിവസേനയുടെ പിന്തുണയുണ്ടെങ്കില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് മാത്രം 161 എംഎല്‍എമാരുടെ പിന്തുണയുണ്ടാകും.


Next Story

Related Stories