മഹാരാഷ്ട്ര വികാസ് അഗാഡി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാകുന്നു. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ബി.എസ് കോശ്യാരിയുടെ കത്തും അതിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നല്കിയ മറുപടിയുമാണ് ഇരുവരും തമ്മിലുള്ള പോരിന്റെ ഏറ്റവും പുതിയ ഉദാഹരണം. ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കത്തില്‍ നിങ്ങള്‍ മതേതരനായി മാറിയോ എന്ന ഗവര്‍ണറുടെ പരാമര്‍ശമാണ് ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചത്. ഹിന്ദുത്വത്തെക്കുറിച്ച് ഗവര്‍ണറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ഉദ്ധവിന്റെ മറുപടി.
ഒക്ടോബര്‍ 12ലെ കത്തിലെ ഗവര്‍ണറുടെ പരാമര്‍ശമാണ് പുതിയ പോര്‍മുഖം തുറന്നത്. ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് മാറ്റിവെക്കുന്നത് തുടരാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ദൈവിക മുന്‍കരുതല്‍ ലഭിക്കുന്നുണ്ടോ അതല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ? നിങ്ങളത് വെറുത്തിരുന്ന ഒരു പ്രയോഗമായിരുന്നല്ലോ. മറ്റു നഗരങ്ങളില്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറന്നു. അവിടെയൊന്നും കോവിഡ് പടരുന്നതായി റിപ്പോര്‍ട്ടില്ല. ബാറുകളും റസ്റ്റോറന്റുകളും ബീച്ചുകളുമെല്ലാം തുറക്കാന്‍ അനുമതി നല്‍കിയിട്ടും നമ്മുടെ ദേവന്മാരും ദേവവികളും ലോക്ഡൗണിലായത് വിരോധാഭാസമാണ്. നിങ്ങള്‍ ഹിന്ദുത്വ ആരാധകനാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം അയോധ്യ സന്ദര്‍ശിച്ചുകൊണ്ട് നിങ്ങള്‍ ശ്രീരാമനോടുള്ള ഭക്തി പരസ്യമായി പ്രകടിപ്പിച്ചു. പന്ദര്‍പൂരിലെ വിത്തല്‍ രുക്മിണി ക്ഷേത്രം സന്ദര്‍ശിക്കുകയും ആശാദി ഏകാദശിയില്‍ പൂജ നടത്തുകയും ചെയ്തിരുന്നുവെന്നും ഗവര്‍ണര്‍ ബി.എസ് കോശ്യാരി കത്തില്‍ പറഞ്ഞു.
ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ ഭാഷയിലായിരുന്നു ഉദ്ധവിന്റെ മറുപടി. മതപരമായ സ്ഥലങ്ങള്‍ തുറക്കുന്നത് ഹിന്ദുത്വമാണെന്നും അവ തുറക്കാത്തത് മതേതരമാണെന്നും താങ്കള്‍ അര്‍ത്ഥമാക്കുന്നുണ്ടോ? ഗവര്‍ണറായി നിങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ നിര്‍ണായക അടിത്തറയാണ് മതേതരത്വം. നിങ്ങളതില്‍ വിശ്വസിക്കുന്നില്ലേ? സര്, നിങ്ങളുടെ കത്തില്‍ ഹിന്ദുത്വത്തെ പരാമര്‍ശിക്കുന്നു, പക്ഷേ എനിക്ക് നിങ്ങളില്‍ നിന്ന് ഹിന്ദുത്വത്തെക്കുറിച്ച് ഒരു സര്‍ട്ടിഫിക്കറ്റോ ഉപദേശമോ ആവശ്യമില്ല. എന്റെ മഹാരാഷ്ട്രയെ അല്ലെങ്കില്‍ മുംബൈയെ പാകിസ്ഥാന് അധിനിവേശ കശ്മീര്‍ എന്ന് വിളിച്ച ഒരാളെ സ്വാഗതം ചെയ്യാന്‍ എന്റെ ഹിന്ദുത്വം എന്നെ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഉദ്ധവിന്റെ മറുപടി. ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും തുറക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ, പകര്‍ച്ചവ്യാധി സമയത്ത് ജനങ്ങളുടെ സുരക്ഷയാണ് തന്നെയാണ് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമെന്നും കത്തില്‍ ഉദ്ദവ് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു ആരാധനാലയങ്ങള്‍ തുറക്കണമെന്ന് വിവിധ വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് പ്രതിരോധത്തിന് പരിഗണന നല്‍കിയശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്ത് ഏറ്റവുമധികം കോലവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.