TopTop
Begin typing your search above and press return to search.

ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; എന്‍ഡിഎ വിടാതെ ചര്‍ച്ചയ്ക്കില്ലെന്ന് എന്‍സിപി

ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; എന്‍ഡിഎ വിടാതെ ചര്‍ച്ചയ്ക്കില്ലെന്ന് എന്‍സിപി

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി പിന്മാറിയതോടെ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ഇതോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കങ്ങള്‍ തകൃതിയായി. എന്നാല്‍ സഖ്യമുണ്ടാക്കാന്‍ ശിവസേന മുന്നില്‍ കണ്ടിരുന്ന എന്‍സിപി ഉപാധികളുമായി രംഗത്തെത്തിയിരിക്കുകയാണ്.

ശിവസേന എന്‍ഡിഎ വിടാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് എന്‍സിപി അറിയിച്ചിരിക്കുന്നത്. സേനയുടെ മന്ത്രിമാര്‍ എന്‍ഡിഎ സര്‍ക്കാരില്‍ നിന്നും രാജിവയ്ക്കണമെന്നാണ് എന്‍സിപിയുടെ ആവശ്യം. അതേസമയം ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം. നാളെ വൈകിട്ട് ഏഴര വരെയാണ് ശിവസേനയ്ക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്ന സമയം.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഉദ്ദവ് താക്കറയെ ഫോണില്‍ വിളിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആശംസ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അരവിന്ദ് സാവന്ത് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദവ് താക്കറെയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഗവര്‍ണറുടെ ക്ഷണം വന്നതിന് പിന്നാലെ എന്‍സിപി നേതാവ് നവാബ് മാലിക് ആണ് മന്ത്രിയുടെ രാജി ഉടന്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ നിലപാടാണ് ഇനി നിര്‍ണ്ണായകം. രാഷ്ട്രപതി ഭരണത്തിലേക്ക് മഹാരാഷ്ട്രയെ വിടില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ സഖ്യത്തില്‍ ഹൈക്കമാന്‍ഡിന് അനുകൂല നിലപാടില്ല.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയും നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ പതിനൊന്ന് മണിക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജെയ്പൂരില്‍ യോഗം ചേരും. മധുസൂദന്‍ മിസ്ത്രിയും ഈ യോഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.

Next Story

Related Stories