TopTop
Begin typing your search above and press return to search.

കോവിഡ് മുക്തരായവരുടെ വാക്‌സിനേഷന്‍: ഇടവേള വര്‍ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി

കോവിഡ് മുക്തരായവരുടെ വാക്‌സിനേഷന്‍: ഇടവേള വര്‍ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി

കോവിഡ് മുക്തരായവര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള ഇടവേള ഒമ്പതു മാസം വരെയാക്കണമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡ് വൈസറി ഗ്രൂപ്പ് (എന്‍.ടി.എ.ജി.ഐ). കോവിഡ് രോഗമുക്തരായവര്‍ക്ക് എന്‍ടിഎജിഐ നേരത്തെ ആറുമാസത്തെ ഇടവേള നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, ഇപ്പോള്‍ ഒമ്പത് മാസത്തെ ഇടവേളയാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമിതി സര്‍ക്കാരിനെ സമീപിച്ചിത്. കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയായി വര്‍ദ്ധിപ്പിക്കാന്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണിത്.

രോഗം ബാധിക്കുന്നതും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതും തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് ആന്റിബോഡികള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സമിതി വ്യക്തമാക്കി. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്സിനേഷന് യോഗ്യരാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കോവിഡ് വിമുക്തരായവരില്‍ വാക്‌സിന്‍ എടുക്കുമ്പോള്‍ ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനും ഇടയില്‍ ആറുമാസത്തെ ഇടവേള സുരക്ഷിതമാണ്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാമത്തെ ഡോസിന് മുമ്പ് കോവിഡ് പോസിറ്റീവ് ആയവര്‍ അണുബാധയില്‍ നിന്ന് കരകയറിയതിന് ശേഷം നാല് മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കണമെന്ന് എന്‍ടിഎജിഐ നേരത്തെ പറഞ്ഞിരുന്നു. മോണോക്ലോണല്‍ ആന്റിബോഡികള്‍ അല്ലെങ്കില്‍ പ്ലാസ്മ നല്‍കിയ രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ദിവസം മുതല്‍ മൂന്ന് മാസം വരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. ആശുപത്രിയിലോ ഐസിയു പരിചരണത്തിലോ മറ്റേതെങ്കിലും ഗുരുതരമായ അസുഖമുള്ളവര്‍ അടുത്ത വാക്‌സിന്‍ ലഭിക്കുന്നതിന് നാല് മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കണമെന്ന് സമിതി കഴിഞ്ഞ ആഴ്ച നിര്‍ദ്ദേശിച്ചിരുന്നു. കോവിഷീല്‍ഡ് വാക്‌സിനുകളുടെ കാര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. എന്നാല്‍ കോവാക്സിന്‍ ഡോസുകളുടെ ഇടവേളയുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല.


Next Story

Related Stories