TopTop
Begin typing your search above and press return to search.

അമേരിക്കയെയും പിന്നിട്ടു; കോവിഡ് വ്യാപനത്തില്‍ ലോകത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലെത്തി ഇന്ത്യ

അമേരിക്കയെയും പിന്നിട്ടു; കോവിഡ് വ്യാപനത്തില്‍ ലോകത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലെത്തി ഇന്ത്യ

കോവിഡ് -19ന്റെ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ പുതിയ നാഴികക്കല്ല് പിന്നിട്ടു.ബുധനാഴ്ച രാജ്യത്ത് 3.16 ലക്ഷം(3,15,925) പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇതുവരെ ഒരു രാജ്യത്തും രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് 2,102 മരണവും റിപോര്‍ട്ട് ചെയ്തു. ജനുവരി എട്ടിന് അമേരിക്കയില്‍ മൂന്നുലക്ഷത്തിനു മുകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇത്രയും എത്തിയിരുന്നില്ല.

ഈ മാസാദ്യം അരലക്ഷത്തിനു മുകളിലായിരുന്നത് 20 ദിവസം കൊണ്ടാണ് മൂന്നു ലക്ഷം തൊട്ടത്. ഒരു ലക്ഷത്തില്‍നിന്ന് മൂന്നിരട്ടിയാകാന്‍ എടുത്തത് 17 ദിവസവും. യു.എസിലാകട്ടെ ഒരു ലക്ഷത്തില്‍നിന്ന് മൂന്നുലക്ഷമാകാന്‍ മൂന്നു മാസമെടുത്തിരുന്നു. മഹാരാഷ്ട്രയാണ് കണക്കുകളില്‍ ഇപ്പോഴും ബഹുദൂരം മുന്നില്‍- 24 മണിക്കൂറിനിടെ 67,468 പുതിയ രോഗികള്‍. ഉത്തര്‍പ്രദേശ് (33,214), ഡല്‍ഹി (24,638), കര്‍ണാടക (23,558), കേരളം (22,414) എന്നിവയാണ് തൊട്ടുപിറകില്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ബിഹാര്‍, തമിഴ്‌നാട്, ബംഗാള്‍, ഹരിയാന, ഝാര്‍ഖണ്ഡ്, ഒഡിഷ, തെലങ്കാന, ജമ്മു കശ്മീര്‍, ഗോവ എന്നിവിടങ്ങളിലും തീവ്രവ്യാപനം നിലനില്‍ക്കുകയാണ്.

മരണസംഖ്യയിലും മഹാരാഷ്ട്ര തന്നെ ഒന്നാമത്- 568 മരണം. ഇത്രയേറെ പേര്‍ ഒരു ദിവസം സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങുന്നതും ആദ്യം. ഡല്‍ഹിയില്‍ 249 പേരും ഛത്തീസ്ഗഢില്‍ 193 പേരും മരിച്ചപ്പോള്‍ ഗുജറാത്ത് (125), കര്‍ണാടക (116) എന്നിവയിലും 100 കടന്നു. മധ്യപ്രദേശില്‍ 75 പേരാണ് 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത്.


Next Story

Related Stories