രാജ്യത്ത് ജി എസ് ടി (ചരക്ക് - സേവന നികുതി) വരുമാനം ഒക്ടോബറില്‍ 5.3 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ജി എസ് ടി വഴി സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന വരുമാനം 95,380 കോടി രൂപയാണ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ലഭിച്ചതിനേക്കാള്‍ 5.3 ശതമാനത്തിന്റെ കുറവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ജൂലായില്‍ ജി എസ് ടി നിലവില്‍ വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ വരുമാനം ഇടിഞ്ഞിരിക്കുന്നത്. സാമ്പത്തിക മാന്ദ്യവും ഡിമാന്‍ഡ് കുറയുന്നതും വ്യക്തമാക്കുന്നതാണ് ജി എസ് ടി വരുമാന ഇടിവ്.
രാജ്യത്തിന്റെ ഫാക്ടറി ഔട്ട് പുട്ടില്‍ അഞ്ചില്‍ രണ്ട് ഭാഗവും സംഭാവന ചെയ്യുന്ന എട്ട് വ്യവസായങ്ങളുടെ ഉല്‍പ്പാദനം, സെപ്റ്റംബറിലെ കണക്ക് പ്രകാരം കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. അതേസമയം സെപ്റ്റംബറിലെ ഡിമാന്‍ഡ് മാന്ദ്യത്തെ ഒക്ടോബര്‍, നവംബറിലെ ഫെസ്റ്റിവല്‍ സീസണ് മറികടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ എന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടാക്സ് റിട്ടേണുകളില്‍ കുറവ് വന്നിട്ടുണ്ട്. ഓഗസ്റ്റ് മുതലാണ് ജി എസ് ടി വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായിരിക്കുന്നത്.