TopTop
Begin typing your search above and press return to search.

ഭരണകൂടം രക്ഷിച്ചില്ലെങ്കിൽ ദലിതർ സ്വയരക്ഷ തേടണം, പെൺകുട്ടികൾക്ക് പരിശീലനം നൽകുമെന്ന് ജിഗ്നേഷ് മേവാനി

ഭരണകൂടം രക്ഷിച്ചില്ലെങ്കിൽ ദലിതർ സ്വയരക്ഷ തേടണം, പെൺകുട്ടികൾക്ക് പരിശീലനം നൽകുമെന്ന് ജിഗ്നേഷ് മേവാനി

ഭരണകൂടം സംരക്ഷണം നൽകുന്നില്ലെങ്കിൽ ഇന്ത്യയിലെ ദലിതർ സ്വയം പ്രതിരോധിക്കണമെന്ന് ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തിലെ എംഎൽഎയായ ജിഗ്നേഷ് മേവാനി. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ ദലിത് പെൺകുട്ടികൾക്ക് പരിശീലനം നൽകുമെന്നും ഒക്ടോബർ 20 മുതൽ ഇതിനായി ക്യാമ്പ് ആരംഭിച്ചിട്ടുണ്ടെന്നും മേവാനി അറിയിച്ചു. ജിഗ്നേഷ് മേവാനിയുടെ പാര്‍ട്ടിയായ രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് (ആര്‍ ഡി എ എം) ആണ് പരിശീലനം സംഘടിപ്പിക്കുന്നത്. ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും തടയുകയാണ് ലക്ഷ്യം. സ്ത്രീകള്‍ക്കെതിരെ പ്രത്യേകിച്ച് ദലിത് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് നേരെ രാജ്യത്ത് ലൈംഗിതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ദലിതര്‍ക്ക് സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 20കാരിയായ ദലിത് യുവതിയെ താക്കൂര്‍ സമുദായത്തില്‍ പെട്ടവര്‍ കൂട്ടബലാത്സംഗം ചെയ്യുകയും മാരക പരിക്കുകളേറ്റ യുവതി മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

മെഹ്‌സാനയിലെ പെണ്‍കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിശീലനം തുടങ്ങുന്നു എന്നാണ് ജിഗ്നേഷ് മേവാനി പറഞ്ഞത്. ദലിതർക്കാണ് പ്രാധാന്യം നൽകുന്നതെങ്കിലും എല്ലാ ജാതി, മതങ്ങളിൽ പെട്ടവർക്കും പരിശീലനം നൽകും. 15 ദിവസത്തെ പരിശീലനത്തിന് എല്ലാവരില്‍ നിന്നും 100 രൂപ വീതം ടോക്കണ്‍ ഫീ ഈടാക്കും. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ പണം തിരിച്ചുനല്‍കും. 27 പെൺകുട്ടികൾ ഇതുവരെ ക്യാമ്പിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ പറയുന്നതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.


Next Story

Related Stories