TopTop
Begin typing your search above and press return to search.

സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റുമുള്ള പ്രദേശം മറ്റൊരു ചരിത്ര നേട്ടത്തിനൊരുങ്ങുന്നു

സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റുമുള്ള പ്രദേശം മറ്റൊരു ചരിത്ര നേട്ടത്തിനൊരുങ്ങുന്നു

ഗുജറാത്തിലെ കെവാദിയയെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമുള്ള പ്രദേശമായി വികസിപ്പിക്കുമെന്ന് സ്റ്റാച്യു ഓഫ് യൂണിറ്റി ഏരിയ ഡെവലപ്മെന്റ് ആന്‍ഡ് ടൂറിസം ഗവേണന്‍സ് അതോറിറ്റി അറിയിച്ചു. ഗുജറാത്തിലെ ഗോത്രവര്‍ഗ ആധിപത്യമുള്ള നര്‍മദ ജില്ലയിലെ കെവാദിയയിലെ 182 മീറ്റര്‍ ഉയരമുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റുമുള്ള പ്രദേശം ഘട്ടം ഘട്ടമായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമുള്ള പ്രദേശമാക്കി മാറ്റുമെമെന്നാണ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്ന കെവാദിയ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന നഗരമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2020-25 എഥനോള്‍ ബ്ലെന്‍ഡിംഗ് റോഡ് മാപ്പ് പുറത്തിറക്കിയ ചടങ്ങില്‍ സംസാരിച്ച മോദി, കെവാദിയയില്‍ ബാറ്ററി അധിഷ്ഠിത ബസുകള്‍, ഇരുചക്ര വാഹനങ്ങള്‍, ഫോര്‍ വീലര്‍ എന്നിവ മാത്രം ഓടിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും പറഞ്ഞു.

സര്‍ദാല്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിനു സന്ദര്‍ശകരാണ് കെവാദിയയില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ കെവാദിയ ഇപ്പോള്‍ ഗുജറാത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതേ കാരണത്താല്‍ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഈ പുതിയ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് ഊര്‍ജ വികസന ഏജന്‍സി ഇക്കാര്യത്തില്‍ സഹായം നല്‍കും. ഈ മേഖലയുടെ ചുമതലയുള്ള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ഏകോപന ചുമതല.

ഇവിടെ ജോലി ചെയ്യുന്നവര്‍ക്കും ഇ വാഹനങ്ങള്‍ വാങ്ങാന്‍ വായ്പയും സബ്‌സിഡിയും നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 50 ഇ ഓട്ടോകളുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. തദ്ദേശീയരായ വനിതകള്‍ക്ക് ഇ ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ ലോണ്‍ നല്‍കുകയും ഒപ്പം വനിതാ ഡ്രൈവര്‍മാര്‍ക്ക് കെവാദിയയിലെ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഡ്രൈവിംഗ് പരിശീലനം സൗജന്യമായി നല്‍കും.ഇ-വാഹനങ്ങള്‍ മെയിന്റനന്‍സ്, ചാര്‍ജിംഗ് സ്റ്റേഷനും ഇവിടെ സ്ഥാപിക്കും.


Next Story

Related Stories