TopTop

നരേന്ദ്രമോദി ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഗുഞ്ജ കപൂർ വേഷപ്രച്ഛന്നയായി ഷഹീൻബാഗിൽ; സമരക്കാർ പിടിച്ച് പൊലീസിലേൽപ്പിച്ചു

ഡൽഹിലെ ഷഹീൻബാഗിലെ പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിലേക്ക് വേഷപ്രച്ഛന്നയായി എത്തിയ വനിതയെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ചതായി റിപ്പോർട്ട്. ഗുഞ്ജ കപൂർ എന്നുപേരായ ഇവരെ ഷഹീൻബാഗിൽ സമരത്തിലുള്ളവരാണ് തിരിച്ചറിഞ്ഞ് പിടികൂടിയത്. ബുർഖ ധരിച്ചാണ് ഇവർ പന്തലിലെത്തിയത്.

സോഷ്യൽ മീഡിയയിൽ സംഘപരിവാർ പ്രചാരകയാണ് ഗുഞ്ജ കപൂർ. ഇവരെ നരേന്ദ്രമോദി, രവിശങ്കർ പ്രസാദ്, തേജസ്വി സൂര്യ തുടങ്ങിയ ബിജെപിയിലെ പ്രമുഖർ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്. റൈറ്റ് നരേറ്റീവ് എന്നൊരു യൂറ്റൂബ് ചാനലിലെ ക്യൂറേറ്റർ കൂടിയാണിവർ‌.

പ്രക്ഷോഭകർക്കിടയിലേക്ക് കടന്നുവന്ന ഇവർ നിരന്തരമായി ചോദ്യങ്ങളുന്നയിച്ചതോടെയാണ് സംശയമുയർന്നത്. ഇവര്‍ കൈയിലുള്ള ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നുമുണ്ടായിരുന്നു. പൊലീസ് പിടികൂടി കൊണ്ടുപോകുമ്പോൾ എന്തിനാണ് ക്യാമറ കൈയിൽ കരുതിയിരുന്നതെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട് 'ഇതിൽ മാധ്യമങ്ങൾക്കുള്ള ചൂടൻ വിഷയങ്ങളൊന്നുമില്ല, മാറ്!' എന്നായിരുന്നു അവരുടെ മറുപടി.

നരേന്ദ്രമോദി തന്നെ ഫോളോ ചെയ്യുന്നതിന്റെ നോട്ടിഫിക്കേഷൻ സ്ക്രീൻഷോട്ട് എടുത്ത് പിൻ ചെയ്തു വെച്ചിട്ടുണ്ട് ഗുഞ്ജ കപൂർ തന്റെ ട്വിറ്റർ പേജിൽ. ഇന്ത്യയെ 'വിശ്വഗുരു' ആക്കാനായി പ്രവർത്തിക്കുന്ന കാലാൾപ്പടയാളികളാണ് തങ്ങളെന്ന് ഈ ട്വീറ്റിൽ ഗുഞ്ജ പറയുന്നു.

ഗുഞ്ജയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിക്കുന്നു. ഷഹീൻ ബാഗിലെ പ്രക്ഷോഭകർക്കിടയിലേക്ക് വലതുപക്ഷ തീവ്രവാദികൾ തോക്കുമായി കടന്നുവന്നതും വെടിയുതിർത്തതുമായ സംഭവങ്ങൾക്കു പിന്നാലെയാണിത്.





Next Story

Related Stories