TopTop

ബിഎസ്എന്‍എലില്‍ പകുതി പേരും എംടിഎന്‍എലില്‍ 80 ശതമാനം പേരും സ്വയം പിരിഞ്ഞു പോകുന്നു; 93,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

ബിഎസ്എന്‍എലില്‍ പകുതി പേരും എംടിഎന്‍എലില്‍ 80 ശതമാനം പേരും സ്വയം പിരിഞ്ഞു പോകുന്നു; 93,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

രാജ്യത്തെ ഏറ്റവും വലിയ സ്വയം പിരിഞ്ഞുപോകല്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എലിലും മഹാനഗര്‍ ടെലിഫോണ്‍ നിഗാം ലിമിറ്റഡിലും നടക്കുന്നതായി റിപ്പോര്‍ട്ട്. 93,000 ജീവനക്കാരാണ് സ്വയം പിരിഞ്ഞുപോകാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാരിന്റെ ഓഫര്‍ സ്വീകരിച്ചിരിക്കുന്നത്. നഷ്ടത്തിലോടുന്ന കമ്പനികള്‍ക്കു വേണ്ടിയെന്ന ന്യായത്തിലാണ് സ്വയം പിരിഞ്ഞുപോകല്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ശമ്പളയിനത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും ധാരാളം കെട്ടിടങ്ങള്‍ ഒഴിവാക്കുകയും അവ വില്‍പ്പനയ്ക്ക് വെച്ചും മറ്റും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമുള്ള കണക്കുകൂട്ടലുകള്‍ സര്‍ക്കാരിന്റെ നിലപാടിനു പിന്നിലുണ്ട്.

153000 തൊഴിലാളികളാണ് ബിഎസ്എന്‍എലിലുള്ളത്. ഇതില്‍ പകുതിയിലധികം ജീവനക്കാരും സ്വയം പിരിഞ്ഞു പോകലിന് തയ്യാറായിരിക്കുകയാണ്. എംടിഎന്‍എലിലാകട്ടെ 18,000ത്തിലധികം ജീവനക്കാരാണുള്ളത്. ഇതില്‍ 14,400 പേരും പിരിഞ്ഞുപോകാമെന്ന് കമ്പനിയെ അറിയിച്ചിട്ടുണ്ട്. അതായത് എംടിഎന്‍എലിലെ 80 ശതമാനത്തോളം പേര്‍ക്കും തൊഴില്‍ നഷ്ടമാകും.

ബിഎസ്എന്‍എലിലെ സാധാരണ ജീവനക്കാരാണ് സ്വയം പിരിഞ്ഞുപോകലിന് അപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പിരിഞ്ഞുപോകല്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ നടപ്പാക്കാനായെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. ഒരു പരാതി പോലും ഇതില്‍ നിലവിലില്ല. ബിഎസ്എന്‍എലിന്റെ ശമ്പള ബില്ല് 50 ശതമാനത്തിലേക്ക് താഴുകയും ചെയ്യും. എംടിഎന്‍എലിന്റെ ശമ്പളച്ചെലവ് 75 ശതമാനത്തോളം കുറയുമെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍‌ട്ട്മെന്റ് അറിയിക്കുന്നു. ബിഎസ്എന്‍എലിന്റെ വാര്‍ഷിക ശമ്പളച്ചെലവ് 1300 കോടി രൂപയാണ്. ഇത് 650 കോടിയിലേക്ക് താഴും.

ഇതുകൂടാതെ നിരവധി ഓഫീസുകള്‍ ഒഴിപ്പിച്ചെടുക്കാനും രണ്ട് സ്ഥാപനങ്ങള്‍ക്കും സാധിക്കും. ഇവ വിറ്റും വാടകയ്ക്ക് നല്‍കിയും പണമുണ്ടാക്കാന്‍ കഴിയും. എംടിഎന്‍എല്‍ ഇതിനകം തന്നെ ഇത്തരം നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ നടപ്പ് സാമ്പത്തികവര്‍ഷം ആസ്തികള്‍ വില്‍ക്കുന്നതിലൂടെ 300 കോടിയുടെ വരുമാനമുണ്ടാക്കാനാണ് ആലോചിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷനും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമെല്ലാം ഈ സ്ഥലങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നുണ്ട്.

എംടിഎന്‍എലിന്റെ കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കാനാണ് പരിപാടി. ഇതിനായി ഇന്‍കംടാക്സ് വകുപ്പ് അടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.


Next Story

Related Stories