TopTop

"അവർ മനുഷ്യരല്ല, പിശാചുക്കൾ": നിർഭയ പ്രതികളുടെ ആരാച്ചാർ

"അവർ മനുഷ്യരല്ല, പിശാചുക്കൾ": നിർഭയ പ്രതികളുടെ ആരാച്ചാർ

നിർഭയ കേസ് പ്രതികളെ തൂക്കിക്കൊല്ലുന്നതിൽ തനിക്ക് തെല്ലും മനസ്താപമില്ലെന്ന് ആരാച്ചാർ പവൻ കുമാർ. "മരിക്കാൻ പോകുന്നത് മനുഷ്യരല്ല, പിശാചുക്കളാണ്," അദ്ദേഹം പറഞ്ഞു. 2012ൽ മെഡിക്കൽ വിദ്യാർത്ഥിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. ഫെബ്രുവരി 1നാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക.

"അവർ ക്രൂരരായ മനുഷ്യരാണ്. അതുകൊണ്ടാണ് അവർക്ക് ജീവൻ നഷ്ടപ്പെടാൻ പോകുന്നത്," 54കാരനായ പവൻ കുമാർ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആറ് പ്രതികളുണ്ടായിരുന്നതിൽ നാലുപേർക്കാണ് വധശിക്ഷ. പ്രതികളിലൊരാള്‍ നേരത്തെ ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു. സംഭവം നടക്കുന്ന സന്ദർഭത്തിൽ 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരാളെ ബാല കുറ്റവാളികളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ക്യൂ നിൽക്കുകയാണ് പവൻ കുമാറിന്റെ വീട്ടിൽ. ഓരോരുത്തർക്കും 20 മിനിറ്റ് വീതം നൽകുകയാണ് ചെയ്യുന്നത്. 20 മിനിറ്റ് പൂർത്തിയാകുമ്പോൾ ഫോണിൽ സെറ്റ് ചെയ്ത അലാറം അടിക്കും. ഉടനെ അടുത്തയാളുടെ ഊഴമാണ്.

തലമുറകളായി ആരാച്ചാരുടെ ജോലി ചെയ്തു വരുന്നവരാണ് പവൻ കുമാറിന്റെ കുടുംബം. തന്റെ മുത്തച്ഛനിൽ നിന്നാണ് താൻ തൂക്കിലേറ്റുന്നത് എങ്ങനെയെന്ന് പഠിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ രണ്ട് പ്രതികളെ തൂക്കിലേറ്റിയത് പവൻ കുമാറിന്റെ മുത്തച്ഛനായിരുന്നു.

തനിക്ക് ഈ ജോലിയിൽ തുടരുന്നതിന് സര്‍ക്കാരിൽ നിന്ന് ലഭിക്കുന്നത് മാസം 5000 രൂപ മാത്രമാണെന്ന് പവൻ കുമാർ പറയുന്നു. ഇത് ഒന്നിനും തികയില്ല. തന്റെ മക്കളും ഇതേ തൊഴിൽ തുടരണമെന്നു തന്നെയാണ് പവൻ കുമാറിന്റെയും ആഗ്രഹം.


Next Story

Related Stories