TopTop
Begin typing your search above and press return to search.

'ജീവിക്കാന്‍ പാടുപെടുന്ന ജനങ്ങളെ പൗരത്വം തെളിയിക്കാന്‍ ക്യൂവില്‍ നിര്‍ത്തുന്നവര്‍ക്കെതിരായ വിജയം': ഹേമന്ത് സോറന്‍

ജീവിക്കാന്‍ പാടുപെടുന്ന ജനങ്ങളെ പൗരത്വം തെളിയിക്കാന്‍ ക്യൂവില്‍ നിര്‍ത്തുന്നവര്‍ക്കെതിരായ വിജയം: ഹേമന്ത് സോറന്‍

ബിജെപി ഭരണത്തില്‍ ജനങ്ങളനുഭവിച്ചു കൊണ്ടിരിക്കുന്ന കെടുതികളാണ് തനിക്ക് ഇത്രയും വലിയൊരു വിജയം സമ്മാനിച്ചതെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നവര്‍ ഈ നാട്ടുകാരാണെന്ന് തെളിയിക്കാന്‍ ക്യൂ നില്‍ക്കണമെന്ന് പറയുന്നവര്‍ക്ക് എതിരെയാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ടുനിരോധനകാലത്ത് ജനങ്ങള്‍ ക്യൂവില്‍ നിന്ന് മരിക്കുകയായിരുന്നെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. പൗരത്വം തെളിയിക്കാന്‍ ഇനിയും ആളുകള്‍ ക്യൂവില്‍ നില്‍‍ക്കണം. കര്‍ഷകര്‍ അടക്കമുള്ളവര്‍ ക്യുവില്‍ നില്‍ക്കുകയാണ്. അവര്‍ ജീവിക്കാന്‍ പെടാപ്പാട് പെടുന്നതിനിടയിലാണ് കുറെ പേപ്പറുകള്‍ക്കായി കഷ്ടപ്പെടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് ഹേമന്ത് സോറന്‍ ചൂണ്ടിക്കാട്ടി.

താന്‍ വിജയിച്ചതിന് തന്റെ മാതാപിതാക്കളെ ആക്രമിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ഹേമന്ത് സോറന്‍ ചൂണ്ടിക്കാട്ടി. ജാര്‍ഖണ്ഡില്‍ കുടുംബഭരണമാണ് വരുന്നതെന്ന വിമര്‍ശനം ബിജെപി ഉന്നയിച്ചതിനെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സിംഹത്തിന്റെ മകന്‍ സിംഹമായിത്തീരുമെന്നും ചെരിപ്പുകുത്തിയുടെ മകന്‍ ചെരിപ്പുകുത്തിയായിത്തീരുമെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.

കാട്ടിലും നാട്ടിലും നഗരത്തിലും നിരവധി വെല്ലുവിളികളെ തനിക്ക് നേരിടേണ്ടതുണ്ടെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. ഇന്നത് ചെയ്യാമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനില്ല. ഒരു മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് കുറെ വിശാലമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തിനാണോ ജാര്‍ഖണ്ഡ് എന്ന സംസ്ഥാനം രൂപീകരിക്കപ്പെട്ടത്, അത് പൂര്‍ത്തീകരിക്കാന്‍ താന്‍ പരിശ്രമിക്കുമെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു.

81 സീറ്റുകളില്‍ 30 സീറ്റുകളാണ് ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേടിയത്. സഖ്യകക്ഷിയായ കോണ്‍ഗ്രസ് 16 സീറ്റുകള്‍ നേടിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉറച്ച ഭൂരിപക്ഷം ലഭിച്ചു.

38ാം വയസിലാണ് 2013ല്‍ ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്. 2009 മുതല്‍ 2014 വരെ അര്‍ജ്ജുന്‍ മുണ്ടയുടെ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു ഹേമന്ത് സോറന്‍. ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ച ശേഷമാണ് ഹേമന്ത് സോറന്‍ മന്ത്രിസഭയുണ്ടാക്കിയത്. ഒന്നര വര്‍ഷക്കാലത്തെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണം അടക്കമുള്ള ജനകീയ പരിപാടികള്‍ ഹേമന്ത് സോറന്‍ നടപ്പാക്കിയിരുന്നു.

ഗോത്രവര്‍ഗക്കാരനായ നേതാവ്, മുന്‍ മുഖ്യമന്ത്രി, ഝാര്‍ഖണ്ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിയും ജെഎംഎം (ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) സ്ഥാപകനുമായ ഷിബു സോറന്റെ മകന്‍ - ഇതെല്ലാമാണ് 44കാരനായ ഹേമന്ത് സോറന്‍. ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലെത്തുന്നത്. 2000ലാണ് ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. ബിജെപിയുടെ ബാബുലാല്‍ മറാണ്ടി ആയിരുന്നു ആദ്യ മുഖ്യമന്ത്രി. മറാണ്ടി പിന്നീട് ബിജെപി വിട്ട് ജെവിഎം (ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) രൂപീകരിച്ചു.

ബിഹാറിനെ വിഭജിച്ച് ഝാര്‍ഖണ്ഡ് രൂപീകരിക്കണമെന്ന് ആവശ്യവുമായുള്ള പ്രക്ഷോഭത്തില്‍ സജീവമായിരുന്നു ഷിബു സോറന്‍. മൂന്ന് തവണ മുഖ്യമന്ത്രിയായെങ്കിലും ഒരിക്കല്‍ പോലും ഷിബു സോറന് മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആദ്യ തവണ 10 ദിവസം, രണ്ടാം തവണ നാല് മാസവും 23 ദിവസവും, മൂന്നാം തവണ അഞ്ച് മാസവും രണ്ട് ദിവസവും - ഇങ്ങനെയായിരുന്നു ഷിബു സോറന്റെ ടേമുകള്‍. ഹേമന്ത് സോറന്‍ ഒരു വര്‍ഷവും അഞ്ച് മാസവും 15 ദിവസവും.


Next Story

Related Stories