TopTop

ഹോങ്കോങ്: സർവ്വകലാശാലയ്ക്കകത്ത് വിദ്യാർത്ഥികളെ കുടുക്കി; ഭാഗ്യം പരീക്ഷിക്കാൻ നിൽക്കരുതെന്ന് പൊലീസ്

ഹോങ്കോങ്: സർവ്വകലാശാലയ്ക്കകത്ത് വിദ്യാർത്ഥികളെ കുടുക്കി; ഭാഗ്യം പരീക്ഷിക്കാൻ നിൽക്കരുതെന്ന് പൊലീസ്

ചൈനീസ് പട്ടാളം ഇറങ്ങിയതിന് പിന്നാലെ ഹോങ്കോങ്ങില്‍ സംഘര്‍ഷം രൂക്ഷമായി. തിങ്കളാഴ്‍ച തടസ്സങ്ങള്‍ ഭേദിച്ച് പോലീസ് ഹോങ്കോങ് യൂണിവേഴ്‍സിറ്റിയിലേക്ക് ഇരച്ചുകയറി. ക്യാംപസിനുചുറ്റും സുരക്ഷാവലയം തീര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളും പൊലിസും തമ്മില്‍ രാത്രി മുഴുവന്‍ ഏറ്റുമുട്ടലും സംഘര്‍ഷവും നടന്നു. പെട്രോള്‍ ബോംബുകളെറിഞ്ഞും അമ്പെയ്തുമാണ് വിദ്യാര്‍ഥികള്‍ പൊലിസിനെതിരെ ആക്രമണം നടത്തിയത്. ജലപീരങ്കിയും, കണ്ണീര്‍വാതക പ്രയോഗവും, ലാത്തിച്ചാര്‍ജും നടത്തി പോലീസ് തിരിച്ചടിച്ചു. ക്യാംപസില്‍ ഉപരോധം പ്രഖ്യാപിച്ചു. അവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്കും, പുറമെനിന്ന് അകത്തുകടക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നേരെ പോലീസ് നടപടി തുടരുകയാണ്.

പോളിടെക്‌നിക് യൂനിവേഴ്‌സിറ്റിക്കകത്തുള്ള പ്രക്ഷോഭകര്‍ പുറത്തുവന്ന് കീഴടങ്ങുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് പോലീസ് പറഞ്ഞു. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകര്‍ ദിവസങ്ങളായി യൂണിവേഴ്‍സിറ്റി ക്യാംപസില്‍ കഴിയുകയായിരുന്നു. അവിടേക്കുള്ള വഴികളെല്ലാം പ്രക്ഷോഭകര്‍ തടസ്സപ്പെടുത്തിയിരുന്നു. വഴിയിലെ പാലങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്‍തു. അഞ്ചു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തില്‍ ഏറ്റവും നീണ്ടതും സംഘർഷഭരിതവുമായ ഏറ്റുമുട്ടലിന്റെ കേന്ദ്രമായി പോളിടെക്‌നിക് യൂനിവേഴ്‌സിറ്റി മാറി.

ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിനെത്തുടർന്ന് സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രക്ഷോഭകർ 24 മണിക്കൂറിലധികമായി ക്യാംപസിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. ക്യാംപസ് കെട്ടിടത്തിന് മുകളില്‍ നിന്നാണ് പൊലിസിന് നേരെ സമരക്കാര്‍ അമ്പെയ്തത്. പ്രതിഷേധക്കാര്‍ പെട്രോള്‍ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ നിരവധി ഇടങ്ങളില്‍ ആകാശംമുട്ടെ തീപിടിത്തവുമുണ്ടായി. ആദ്യം സമാധാനപരമായ പ്രതിഷേധം നടത്തിയ ശേഷം പുല്‍ത്തകിടിയിലും സര്‍വകലാശാല ലൈബ്രറികളിലുമായി ഉറങ്ങിയവര്‍ക്ക് നേരെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബെറിയുകയും സമീപത്തെ മരങ്ങള്‍ കത്തിക്കുകയും ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കേറ്റ പ്രതിഷേധക്കാരെ പുറത്തെത്തിക്കാൻ റെഡ് ക്രോസ് വോളന്റിയർമാരെ സർവകലാശാലക്കകത്തേക്ക് കടക്കാന്‍ അനുവദിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ മുന്‍പില്‍ കീഴടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. നിലവിലെ പപ്രശ്നം സമാധാനപരമായി അവസാനിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അതിനാൽ പ്രതിഷേധക്കാർ അവരുടെ ഭാഗ്യം പരീക്ഷിക്കാന്‍ നില്‍ക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ ക്യാംപസിനകത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ 'ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി ഒത്തുകൂടി. അവര്‍ക്ക് പിന്തുണയുമായി നൂറുകണക്കിന് ആള്‍ക്കാരും രംഗത്തെത്തിയിരുന്നു. ഒരു സംഘം പ്രതിഷേധക്കാർ ക്യാംപസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് കണ്ണീര്‍ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ച് അതിനു തടയിട്ടു. നിരവധിപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറ്റവാളികളെ വിചാരണയ്‌ക്കായി ചൈനയ്‌ക്ക് കൈമാറാനുള്ള ബില്ലിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ്. ബിൽ പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്. ചൈനയുടെ 70-ാം വാർഷികാഘോഷത്തെ ഹോങ്കോങ്ങുകാര്‍ കരിദിനമായി ആചരിച്ച് വ്യാപക പ്രതിഷേധം നടത്തിയിരുന്നു.


Next Story

Related Stories