TopTop
Begin typing your search above and press return to search.

പ്രതീക്ഷ നൽകുന്ന കണക്കുകൾ, ഡൽഹിയിൽ രോഗ വ്യാപന നിരക്ക് കുത്തന കുറഞ്ഞു, മുംബൈയിലും സ്ഥിതി മെച്ചപ്പെടുന്നു

പ്രതീക്ഷ നൽകുന്ന കണക്കുകൾ, ഡൽഹിയിൽ രോഗ വ്യാപന നിരക്ക് കുത്തന കുറഞ്ഞു, മുംബൈയിലും സ്ഥിതി മെച്ചപ്പെടുന്നു

ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തിലും, പുതിയ രോഗവ്യാപനത്തിലും സാരമായ കുറവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഇപ്പോഴത്തെ നിലയില്‍ കേസുകളുടെ എണ്ണം താഴുകയാണെങ്കില്‍ സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ രോഗികളുടെ എണ്ണം 1000ത്തില്‍‌ താഴുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

ആകെ രോഗബാധിതരില്‍ 90 ശതമാനം പേരും രോഗമുക്തി നേടിയതായി പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ രോഗമുള്ളവരുടെ എണ്ണം കുറയുന്നതിനാല്‍ത്തന്നെ രോഗപ്പകര്‍ച്ചയുടെ അളവിലും ഗണ്യമായ കുറവുണ്ടാകുന്നുണ്ട്

ഡല്‍ഹിയില്‍ രോഗപ്പകര്‍ച്ചാനിരക്ക് (ട്രാന്‍സ്മിഷന്‍ റേറ്റ്) ഒന്നില്‍ താഴേക്ക് ജൂലൈ രണ്ടാം വാരത്തോടെ എത്തിയെന്നാണ് ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ സീതാഭ്ര സിന്‍ഹ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഡല്‍ഹിയില്‍ പകര്‍ച്ചാനിരക്ക് ഇപ്പോള്‍ ഒന്നില്‍ താഴെ എത്തിയിരിക്കുകയാണ്. ജൂലൈ 23നും 26നുമിടയില്‍ പകര്‍ച്ചാനിരക്ക് 0.66 ആയിരുന്നു. അതായത്, നൂറ് രോഗികളില്‍ നിന്നും രോഗം പകരുന്നതിന്റെ നിരക്ക് 0.66 ആളുകളിലേക്ക് എന്ന നിലയില്‍ ചുരുങ്ങിയിരിക്കുന്നുവെന്നര്‍ത്ഥം.

ജനങ്ങള്‍ക്കിടയില്‍ എത്ര വേഗത്തിലാണ് രോഗം പടര്‍ന്നു കൊണ്ടിരിക്കുന്നതെന്നതിന്റെ സൂചകമാണ് ട്രാന്‍സ്മിഷന്‍ റേറ്റ്. മഹാമാരി പിന്‍വാങ്ങുന്നതിന്റെ തുടക്കമായാണ് ഈ നിരക്ക് കുറയുന്നതിനെ കാണേണ്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിരിക്കിലും ഡല്‍ഹിയിലെ നില എല്ലാത്തരത്തിലും ആശ്വസിക്കാവുന്ന നിലയിലാണെന്ന് ശാസ്ത്രജ്ഞര്‍ കാണുന്നില്ല.

ഇത്തരത്തില്‍ ട്രാന്‍സ്മിഷന്‍ നിരക്ക് കുറയാറുള്ളത് സമൂഹത്തിലെ ഭൂരിപക്ഷമാളുകള്‍ പ്രതിരോധ ശേഷി കൈവരിക്കുന്ന സന്ദര്‍ഭത്തിലാണ്. ഹെര്‍ഡ് ഇമ്യൂണിറ്റി അഥവാ സമൂഹ പ്രതിരോധ ശേഷി എന്നാണിതിന് പറയുക. ഇത് സാധാരണമായി സംഭവിക്കാറുള്ളത് ഏതാണ്ട് മിക്കയാളുകളിലേക്കും രോഗം പകരുകയും അവരില്‍ ഭൂരിഭാഗവും അതിനെ പ്രതിരോധിക്കാനുള്ള ശേഷിയിലേക്ക് എത്തുകയും ചെയ്യുമ്പോഴാണ്. എന്നാല്‍ ഡല്‍ഹിയില്‍ രോഗം ബാധിക്കാത്തവരാണ് ഭൂരിഭാഗം പേരും എന്ന വസ്തുത നിലനില്‍ക്കുന്നു. അഥവാ എല്ലാവരെയും രോഗം ബാധിക്കുകയും ഭേദമാകുകയും ചെയ്തുവെന്നതിന് തെളിവുകളില്ല.

മുംബൈയില്‍ നടത്തിയ ഒരു സര്‍വേയില്‍ നഗരത്തിലെ 16 ശതമാനം പേരില്‍ രോഗം ബാധിക്കുകയും ഭേദമാകുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ധാരാവി ചേരിയില്‍ ഇതിന്റെ നിരക്ക് 57 ശതമാനമാണ്. അതായത് ആ സമൂഹത്തില്‍ രോഗം കാര്യമായി പടരുകയും അവരറിയാതെ തന്നെ അത് ഭേദമാകുകയും ചെയ്തു.

ഡല്‍ഹിയില്‍ രോഗപ്പകര്‍ച്ചാ നിരക്ക് ഒന്നില്‍ താഴെയായതിനു കാരണം ഒരുപക്ഷേ സര്‍ക്കാര്‍ ഇടപെടലുകളാകാം എന്ന സാധ്യത നിലനില്‍ക്കുന്നു. അതായത് ആശ്വസിക്കാന്‍ സന്ദര്‍ഭമായിട്ടില്ലെന്നാണ് പഠനം പറയുന്നത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍‍‍വാങ്ങുമ്പോള്‍ രോഗപ്പകര്‍ച്ച ഇനിയും കൂടും. ഇക്കാരണത്താല്‍ തന്നെ ഇപ്പോള്‍ തുടരുന്ന എല്ലാ കോവിഡ് മാനദണ്ഡങ്ങളും തുടരുക തന്നെ വേണം.


Next Story

Related Stories