TopTop
Begin typing your search above and press return to search.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അമേരിക്കന്‍ വിദേശ, പ്രതിരോധ സെക്രട്ടറിമാര്‍ ഇന്ത്യയിലേക്ക്, സഹകരണം വർധിപ്പിക്കാൻ ബിഇസിഎ കരാര്‍

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അമേരിക്കന്‍ വിദേശ, പ്രതിരോധ സെക്രട്ടറിമാര്‍ ഇന്ത്യയിലേക്ക്,  സഹകരണം വർധിപ്പിക്കാൻ ബിഇസിഎ കരാര്‍

അമേരിക്ക തെരഞ്ഞെുടുപ്പ് ചൂടിലാണ്. നവംബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയുമായി തന്ത്ര പ്രധാനമായ കരാറില്‍ ഒപ്പിടാന്‍ ഒരുങ്ങുകയാണ്. ഇതിനായി അമേരിക്കയുടെ വിദേശ, പ്രതിരോധ സെക്രട്ടറിമാര്‍ ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബേസിക്ക് എക്‌സ്‌ചേഞ്ച് ആന്റ് കോ ഓപ്പറേഷന്‍ അഗ്രിമെറ്റ് ഫോര്‍ ജിയോ സ്പാഷ്യല്‍ എഗ്രിമന്റിലാണ് (BECA) ഇരു രാജ്യങ്ങളും ഒപ്പിടുന്നത്. ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളുമായി അമേരിക്ക ഒപ്പിടുന്ന മൂന്ന് കരാറുകളില്‍ അവസാനത്തേതാണ് ബിഇസിഎ. ഈ കരാറുകളില്‍ അവസാനത്തേതാണ് ഇന്ത്യയുമായി ഒപ്പിടാന്‍ പോകുന്നത്. വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക് ടി എസ്പറുമാണ് മന്ത്രി എസ് ജയശങ്കറുമായും രാജ്‌നാഥ് സിങ്ങുമായി 2 പ്ലസ് 2 ചര്‍ച്ച നടത്തിയതിന് ശേഷമാകും കരാറിലൊപ്പിടുക.

രഹസ്യ സ്വഭാവമുളളതും അങ്ങേയറ്റം പ്രധാനമുളളതുമായ വിവരങ്ങള്‍ കൈമാറുന്നുള്ളതാണ് ഈ കരാര്‍. നേരത്തെ ഉണ്ടാക്കിയിരുന്ന രണ്ട് കരാറുകള്‍ സൈനിക ആവശ്യങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിടുന്നത് സംബന്ധിച്ചും വിനിമയ സംവിധാനങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നത് സംബന്ധിച്ചുമാണ്. എന്നാല്‍ പുതിയ കരാര്‍ കടലിലേയും ആകാശത്തെയും ചില ലക്ഷ്യ സ്ഥാനങ്ങൾ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങളുടെ കൈമാറ്റമാണ് ലക്ഷ്യമിടുന്നത്. സൈനിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനും നാവിഗേഷനും ഇത് ഉപകരിക്കും.

പുതിയ കരാര്‍ നടപ്പില്‍ വന്നാല്‍ അതു പ്രകാരം മാപ്പുകളും നാവിക വ്യോമ ചാര്‍ട്ടുകളും ഉള്‍പ്പെടെയുള്ളവ പങ്കുവെയ്ക്കാൻ ഇറു രാജ്യങ്ങൾക്കും സാധിക്കും. രഹസ്യ സ്വഭാവമുള്ള പല സൈനിക ഡാറ്റകളും പങ്ക് വെയ്ക്കാന്‍ ഈ കരാര്‍ ഇരു രാജ്യങ്ങളെയും പ്രാപ്തമാക്കും. സാധാരണ ഗതിയില്‍ കൈമാറുന്ന രേഖകള്‍ ക്ലാസിഫൈഡ് വിഭാഹത്തില്‍ പെടുന്നതായിരിക്കില്ലെങ്കിലും അത്യാവിശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മൂന്നാമതൊരു രാജ്യവുമായി പങ്കിടില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം കൈമാറാനുള്ള വ്യവസ്ഥയും കരാറിലുണ്ടാകും.

ഇങ്ങനെ ഒരു കരാറുകൊണ്ട് ഇന്ത്യയ്ക്ക് എന്താണ് പ്രയോജനമെന്ന ചോദ്യമാണ് ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. തന്ത്ര പ്രധാനമായ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നതിനല്ലേ ഇത് കൊണ്ട് സാധിക്കൂവെന്നും കരാറിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നു.

എന്നാല്‍ ഡാറ്റാ കൈമാറ്റം എന്നത് ഒരു വശത്തേക്ക് മാത്രമുള്ളതല്ലെന്നാണ് സര്‍ക്കാരിന്റെയും കരാറിനെ അനുകൂലിക്കുന്നവരുടെയും വാദം. ഇന്ത്യയ്ക്കായിരിക്കും ഇതുകൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്നും ഇവര്‍ പറയുന്നു. കാരണം അമേരിക്കയുടെ സാങ്കേതിക മികവിന്റെ കൂടി അടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റകൾ ഇന്ത്യയ്ക്ക് സൈനിക മേഖലയില്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്നാണ് കരാറിനെ അനുകൂലിക്കുന്നവരുടെ വാദം. മിസൈലുകളുടെ ലക്ഷ്യ സ്ഥാനം നിര്‍ണയിക്കുന്നതിനും മറ്റും ഇത് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ ഇതു വലിയ പ്രയോജനം വലുതായിരിക്കുമെന്നും സൈനിക രംഗത്തുള്ളവര്‍ പറയുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത്തരമൊരു സഹകരണത്തെക്കുറിച്ചുള്ള ആലോചനകള്‍ നടന്നത്. എന്നാല്‍ സൈന്യം ചില ആശങ്കകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ ആ ഘട്ടത്തില്‍ തടസ്സപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി നടന്ന ചര്‍ച്ചകളില്‍ വിവിധ തലങ്ങളിലുണ്ടായ ആശങ്കകള്‍ പരിഹരിക്കപ്പെടുകയായിരുന്നു. ഇതാണ് ഇപ്പോള്‍ കരാറിലേക്ക് എത്തിയത്.


Next Story

Related Stories