TopTop
Begin typing your search above and press return to search.

എന്താണ് കേശവാനന്ദ ഭാരതി കേസ്? കാസറഗോഡ് എഡ്നീർ മഠാധിപതി ഇന്ത്യൻ ഭരണഘടനയെ സംരക്ഷിച്ചതെങ്ങനെ?

എന്താണ് കേശവാനന്ദ ഭാരതി കേസ്? കാസറഗോഡ് എഡ്നീർ മഠാധിപതി ഇന്ത്യൻ ഭരണഘടനയെ സംരക്ഷിച്ചതെങ്ങനെ?

കേശവാനന്ദ ഭാരതി എന്നത് ഇന്ന് അന്തരിച്ച 79കാരനായ കാസറഗോഡ് എഡ്നീര്‍ മഠാധിപതിയുടെ പേര് മാത്രമല്ല. കേശവാനന്ദ ഭാരതി കേവലമൊരു ഹിന്ദു സന്യാസിയോ മഠാധിപതിയോ മാത്രമല്ല. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ കേസുകളിലൊന്നിന്റെ പേര് കൂടിയാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍, അടിസ്ഥാന ഘടന ഇവയ്ക്ക് മാറ്റം വരുത്താന്‍ ഭരണകൂടത്തിന് അധികാരമില്ലെന്ന സുപ്രീം കോടതി വിധി വന്നത് കേശവാനന്ദ ഭാരതി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന വിഖ്യാതമായ കേസിലാണ്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണഘടനാ ബെഞ്ചാണ് 1973ല്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധികളിലൊന്ന് പ്രസ്താവിച്ചത്. ആറിനെതിരെ ഏഴ് എന്ന നിലയിലായിരുന്നു ഭൂരിപക്ഷ വിധിന്യായം. ഭരണഘടനാ ഭേദഗതികൾക്ക് അനുമതി നൽകുന്ന ആർട്ടിക്കിൾ 368 ഉപയോഗിച്ച് ഭേദഗതികൾ കൊണ്ടുവരാൻ പാർലമെന്റിന് അധികാരമുണ്ട്. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റാത്ത വിധം മാത്രമാണ് ഇത്തരത്തിൽ നിയമനിർമ്മാണത്തിന് അധികാരമുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

1960 നവംബർ 14-ന് തന്റെ പത്തൊൻപതാം വയസ്സിലാണ് കേശവാനന്ദ ഭാരതി എഡ്നീർ മഠാധിപതിയായത്. മഞ്ചത്തായ ശ്രീധര ഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ ഭാരതി, അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതിയുടെ മരണത്തിന് രണ്ട് ദിവസം മുമ്പായിരുന്നു മഠാധിപതി സ്ഥാനം ഏറ്റെടുത്തത്. മഠാധിപതി എന്ന സ്ഥാനത്തേക്കാൾ കേശവാനന്ദ ഭാരതിയെ ശ്രദ്ധേയനാക്കിയത് രാജ്യമാകെ ശ്രദ്ധിച്ച നിയമപോരാട്ടമായിരുന്നു. 1969 ഭൂപരിഷ്‌കരണ നിയമവും 1971ലെ ഭൂപരിഷ്‌കരണ ഭേദഗതി നിയമവും പ്രകാരം മഠത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമി ഏറ്റെടുക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം ചോദ്യം ചെയ്താണ് കേശവാനന്ദ ഭാരതി കോടതിയെ സമീപിച്ചത്. 1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969-ലെ കേരള ഭൂപരിഷ്‌കരണനിയമവും 1971-ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമവും കേശവാനന്ദ ഭാരതി, റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്തത് ഏറെ ചർ‌ച്ചകൾക്ക് വഴിവച്ചിരുന്നു.

13 ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീം കോടതിയിലെ ഫുൾബെഞ്ച് 66 ദിവസമാണ് 1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കാനായി എടുത്തത്. സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക നന്മയ്ക്കും വേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യങ്ങളിൽ ഭരണകൂടത്തിന് ഭേദഗതികൾ വരുത്താമെന്ന സർക്കാർ വാദം ഒടുവിൽ കോടതി തള്ളി. മൗലികാവകാശങ്ങളില്‍ പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തി നിയന്ത്രിതമായി ഭേദഗതി കൊണ്ടുവരാമെങ്കിലും ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റുന്ന വിധത്തില്‍ ഇത്തരം ഭേദഗതികള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എം സിക്രി വിധിന്യായത്തില്‍ പറഞ്ഞു. പാർലമെന്റിന് ഭരണഘടനയുടെ അടിസ്ഥാനമൂല്യം ഭേദഗതി ചെയ്യാനാകില്ലെന്ന് ആറിനെതിരെ ഏഴ് എന്ന ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24നായിരുന്നു ആ ചരിത്രവിധി. അതേസമയം സ്വത്തവകാശം മൌലികാവകാശമാണെന്ന് വാദിച്ചുകൊണ്ട് ഭൂപരിഷ്കരണനിയമങ്ങൾക്കെതിരെ ഫയൽ ചെയ്ത കേസിൽ കേശവാനന്ദ ഭാരതി തോൽക്കുകയാണുണ്ടായത്. ഭൂപരിഷ്കരണ നിയമങ്ങൾ സുപ്രീം കോടതി അംഗീകരിച്ചു.

1971 ലെ ഇന്ദിര ഗാന്ധിയുടെ ലോക് സഭാ തിരഞ്ഞെടുപ്പ് വിജയം അലഹബാദ് ഹൈക്കോടതി അസാധുവാക്കിയത് 1975 ലാണ്. ഇതിന് മുമ്പ് ഇന്ദിര ഗാന്ധിയ്ക്കും സർക്കാരിനും സുപ്രീം കോടതിയിൽ നിന്ന് വലിയ തിരിച്ചടിയേറ്റത് കേശവാനന്ദ ഭാരതി കേസിലായിരുന്നു. അലഹബാദ് ഹൈക്കോടതി വിധിയാണ് അടിയന്തരാവസ്ഥയിലേയ്ക്ക് നയിച്ചത്. ഈ വിധിയെ മറികടക്കാനാണ് 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം 39ാം ഭരണഘടനാ ഭേദഗതി ഇന്ദിര ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി, സഭ സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കോടതികള്‍ ഇടപെടരുതെന്നും ഉചിതമായ മറ്റൊരു സമിതിയാണ് വേണ്ടതെന്നുമായിരുന്നു ഈ ഭേദഗതിയിലൂടെ കൊണ്ടുവന്നത്. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് തന്നെ നവംബർ 7 ന് സുപ്രീം കോടതി ഇത് തള്ളി. ഇന്ദിര നെഹ്രു ഗാന്ധി വേഴ്സസ് രാജ് നാരായൺ എന്ന കേസിൽ സുപ്രീം കോടതി ബെഞ്ച് കേശവാനന്ദ ഭാരതി കേസിലെ വിധി ഉപയോഗിച്ചാണ് 39ാം ഭേദഗതി തള്ളിക്കളഞ്ഞത്.

39ാം ഭേദഗതി ജുഡീഷ്യല്‍ പരിശോധനയ്ക്കുള്ള കോടതിയുടെ അധികാരം പരിമിതപ്പെടുത്തുകയാണ് ചെയ്തതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ വിധിയില്‍ സര്‍ക്കാര്‍ അതൃപ്തരായി. അതേസമയം ദിവസങ്ങള്‍ക്കകം അന്നത്തെ ചീഫ് ജസ്റ്റിസ് എ എന്‍ റേ, 13 അംഗങ്ങളുള്ള മറ്റൊരു പ്രത്യേക ബെഞ്ച് രൂപീകരിച്ചു. കേശവാനന്ദ ഭാരതി കേസിലെ വിധി പുനപരിശോധിക്കുന്നതിനായിരുന്നു ഇത്. ഈ നടപടി വിവാദമായിരുന്നു. സർക്കാരിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ചതിനാണ് പ്രത്യുപകാരമെന്നോണം മൂന്ന് സീനിയർ ജഡ്ജിമാരെ മറികടന്ന് എ എൻ റേയെ ചീഫ് ജസ്റ്റിസായി കേന്ദ്രസർക്കാർ ശുപാർശ ചെയ്തത് എന്ന ആരോപണമുയർന്നു. ജസ്റ്റിസുമാരായ ജെ എം ഷെലാത്ത്, എൻ എൻ ഗ്രോവർ, കെ എസ് ഹെഗ്ഡെ എന്നിവരെ മറികടന്നായിരുന്നു ഇത്. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് എഡിഎം ജബൽപൂർ കേസിൽ സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായി ന്യൂനപക്ഷവിധിന്യായം പുറപ്പെടുവിച്ച ജസ്റ്റിസ് എച്ച് ആർ ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടമാവുകയും ചെയ്തു. എം എച്ച് ബേഗ് ആണ് ഖന്നയെ മറികടന്ന് കേന്ദ്രസർക്കാർ ശുപാർശ പ്രകാരം ചീഫ് ജസ്റ്റിസ് ആയത്. ചീഫ് ജസ്റ്റിസ് എ എന്‍ റേ, ജസ്റ്റിസുമാരായ എം എച്ച് ബേഗ്, വൈ വി ചന്ദ്രചൂഡ്, പി എന്‍ ഭഗവതി എന്നിവര്‍, ദേശീയ അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ നിയന്ത്രണവിധേയമായിരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിച്ച് ഹേബിയസ് കോർപ്പസ് ഹർജിയിൽ വിധിയെഴുതിയപ്പോള്‍ ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ ഒരു സാഹചര്യത്തിലും റദ്ദാക്കപ്പെടാന്‍ കഴിയില്ലെന്ന് ന്യൂനപക്ഷ വിധിയെഴുതി.

ഏതായാലും 13ല്‍ എട്ട് പേരും കേശവാനന്ദ ഭാരതി കേസില്‍ വിധി പ്രസ്താവിച്ച ബെഞ്ചില്‍ ഇല്ലാതിരുന്നവരാണ്. കേശവാനന്ദ ഭാരതിക്ക് വേണ്ടി ഹാജരായത് വിഖ്യാത നിയമജ്ഞനായ നാനി പാല്‍ഖിവാലയായിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരെ ഒരു കുറ്റത്തിനും വിചാരണ ചെയ്യാന്‍ ഇന്ത്യയിലെ കോടതികള്‍ക്ക് അധികാരമില്ലെന്ന 41ാം ഭരണഘടനാഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു ഈ വിവാദ ഭേദഗതിയുടെ പകര്‍പ്പ് പാല്‍ഖിവാല കോടതിയിലുയര്‍ത്തിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് മാറ്റം വരാതിരിക്കേണ്ടതിന്റെ പ്രാധാന്യം നാനി പാല്‍ഖിവാല ചൂണ്ടിക്കാട്ടി.

കേശവാനന്ദ ഭാരതി കേസ് പുന:പരിശോധിക്കാന്‍ ആരാണ് ബെഞ്ച് രൂപീകരിച്ചതെന്ന് നാനി പാല്‍ഖിവാല ചോദിച്ചു. തമിഴ് നാട് സര്‍ക്കാര്‍ റിവ്യൂ ആവശ്യപ്പെട്ടതായി ചീഫ് ജസ്റ്റിസ് എ എന്‍ റേ പറഞ്ഞു. എന്നാല്‍ കേശവാനന്ദ ഭാരതി കേസിലെ സുപ്രീം കോടതിയുടെ മുന്‍വിധിയെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കുന്നതായി തമിഴ് നാട് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചതോടെ ചീഫ് ജസ്റ്റിസിന്റെ ഈ വാദം പൊളിഞ്ഞു. ഗുജറാത്ത് അഡ്വക്കറ്റ് ജനറലും കേശവാനന്ദ ഭാരതി കേസ് വിധിയെ അനുകൂലിക്കുന്നതായി അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ പ്രത്യേകതാല്‍പര്യം മാത്രമാണ് ബെഞ്ച് രൂപീകരിച്ചതിന് പിന്നിലെന്ന് വ്യക്തമായി. വാദം കേള്‍ക്കലിന്റെ മൂന്നാം ദിവസം കോടതി മുറിയിലേയ്ക്ക് വന്ന ചീഫ് ജസ്റ്റിസ് എ എന്‍ റേ, ബെഞ്ച് പിരിച്ചുവിട്ടതായി അറിയിച്ച് പുറത്തേയ്ക്ക് പോയി. ഭരണഘടനയെ സംരക്ഷിച്ചതിന് നാനി പാൽഖിവാലയെ അഭിനന്ദിച്ച്, കേശവാനന്ദ ഭാരതി കേസിലെ ഭൂരിപക്ഷ വിധിന്യായം പുറപ്പെടുവിച്ച ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് എച്ച് ആർ ഖന്ന രംഗത്തെത്തി. നാനി പാൽഖിവാലയിലൂടെ ദൈവമാണ് സംസാരിച്ചത് എന്ന് പിന്നീട് എച്ച് ആർ ഖന്ന പറഞ്ഞു.

ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ ഒരു സാഹചര്യത്തിലും റദ്ദാക്കപ്പെടാന്‍ പാടില്ല എന്ന് എഡിഎം ജബല്‍പൂര്‍ ഹേബിയസ് കോര്‍പ്പസ് കേസില്‍ പറഞ്ഞത് ജസ്റ്റിസ് എച്ച് ആര്‍ ഖന്നയാണ്. എന്നാല്‍ ഖന്നയുടേത് ന്യൂനപക്ഷ വിധിന്യായമായിരുന്നു ഈ കേസില്‍. ഭൂരിപക്ഷ വിധിന്യായം ഇതിനെതിരായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഈ ശ്രദ്ധേയമായ ന്യൂനപക്ഷ വിധിന്യായമാണ് ജസ്റ്റിസ് എച്ച് ആര്‍ ഖന്നയെ കേശവാനന്ദ ഭാരതി കേസിന് ശേഷം ഇന്ദിര ഗാന്ധി സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കി മാറ്റിയതപും സീനിയോറിറ്റി പ്രകാരം അദ്ദേഹത്തിന് അര്‍ഹതപ്പെട്ടിരുന്ന ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടമാക്കിയതും.

കേശവാനന്ദ ഭാരതി കേസിൻ്റെ സ്വാധീനവും അനുരണനങ്ങളും പിന്നീടുള്ള പ്രധാന കേസുകളിലെല്ലാം തുടർന്നു. കേശവാനന്ദ രണ്ടാം ബെഞ്ച് വിധിയൊന്നും പ്രസ്താവിക്കാതെ സുപ്രീം കോടതി പിരിച്ചുവിടുകയായിരുന്നു. കേശവാനന്ദ ഭാരതി കേസിലെ വിധി മറികടക്കാന്‍ 1976 ൽ 42ാം ഭേദഗതി കൊണ്ടുവന്നു. എന്നാല്‍ 1980ലെ മിനര്‍വ മില്‍സ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ സുപ്രീം കോടതി ഇത് റദ്ദാക്കി. ഇതിന് മുമ്പ് മൊറാര്‍ജി ദേശായ് സര്‍ക്കാര്‍ 44ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇതിന്റെ ഭൂരിഭാഗവും റദ്ദാക്കിയിരുന്നു.

അതേസമയം വസ്തു അവകാശങ്ങളില്‍ പാര്‍ലമൈന്റിന് എത്രത്തോളം നിയമനിര്‍മ്മാണവും ഇടപെടലുകളും നടത്താം എന്നതും കേശവാനന്ദ ഭാരതി വിധി നിര്‍വചിച്ചു. 1970 ഫെബ്രുവരിയിലാണ് എടനീര്‍ മഠാധിപതിയായ കേശവാനന്ദ ഭാരതി കേരള ഭൂപരിഷ്‌കരണ നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 26, മതസ്ഥാപനങ്ങളുടെ വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കിക്കൊണ്ടുള്ള സംരക്ഷണം നല്‍കുന്നതായി നാനി പാല്‍ഖിവാല കേശവാനന്ദ ഭാരതിയോട് ചൂണ്ടിക്കാട്ടിയിരുന്നു.

കേസിലെ വാദം കേള്‍ക്കല്‍ അഞ്ച് മാസം നീണ്ടു. 1972 ഒക്ടോബര്‍ 31ന് തുടങ്ങിയ വാദം കേള്‍ക്കല്‍ 1973 മാര്‍ച്ച് 23നാണ് അവസാനിച്ചത്. 200 പേജുള്ള വിധിന്യായമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. 24, 25, 26, 29 ഭരണഘടനാ ഭേദഗതികളുടെ സാധുത പരിഗണിച്ച സുപ്രീം കോടതി ഗോലക്‌നാഥ് വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന വിധി പുനപരിശോധിച്ചു. 11 പ്രത്യേക വിധികളുണ്ടായി. ചീഫ് ജസ്റ്റിസ് എസ് എം സിക്രി, ജസ്റ്റിസുമാരായ ജെ എം ഷെലാത്ത്, കെ എസ് ഹെഗ്‌ഡെ, എ എന്‍ ഗ്രോവര്‍, ബി ജഗന്‍മോഹന്‍ റെഡ്ഡി, ഡി ജി പലേക്കര്‍, എച്ച് ആര്‍ ഖന്ന, എ കെ മുഖര്‍ജി, വൈ വി ചന്ദ്രചൂഡ് എന്നിവരാണ് ഒപ്പുവച്ചത്. ജസ്റ്റിസുമാരായ എ എന്‍ റേ, കെ കെ മാത്യു, എം എച്ച് ബേഗ്, എസ് എന്‍ ദ്വിവേദി എന്നിര്‍ വിധിയില്‍ ഒപ്പുവച്ചില്ല. കേശവാനന്ദ ഭാരതി കേസിന്റെ സ്വാധീനം വിദേശരാജ്യങ്ങളിലേയ്ക്കും നീണ്ടു. 1989 ൽ ബേസിക്ക് സ്ട്രക്ചർ ഡോക്ട്രിൻ ബംഗ്ലാദേശ് സുപ്രീം കോടതി അംഗീകരിച്ചു.


Next Story

Related Stories