TopTop
Begin typing your search above and press return to search.

ഉത്തരാഖണ്ഡ് മഞ്ഞുമല ഇടിച്ചില്‍: 10 മൃതദേഹങ്ങള്‍ കണ്ടെത്തി, 125 പേരെ കണ്ടെത്താനായില്ല; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും

ഉത്തരാഖണ്ഡ് മഞ്ഞുമല ഇടിച്ചില്‍: 10 മൃതദേഹങ്ങള്‍ കണ്ടെത്തി, 125 പേരെ കണ്ടെത്താനായില്ല; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പാച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇതുവരെ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു. മലയിടിച്ചിലില്‍ തകര്‍ന്ന ഋഷി ഗംഗ ജല വൈദ്യുതി പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന 125 തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ മരിച്ചിരിക്കാമെന്നാണ് സൂചന. 16 പേരെയാണ് ഇതുവരെ രക്ഷിക്കാനായത്. അതേസമയം, മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തപോവന്‍ ഡാമിനു സമീപത്തെ ടണലില്‍ നിരവധിപ്പേര്‍ കുടുങ്ങിയിരിക്കാമെന്നാണ് വിവരം. ഐടിബിപി, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന, കര-വ്യോമ സേനകള്‍, പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തിരച്ചിലിനായി ഹെലികോപ്ടറുകളും ഉപയോഗിക്കുന്നുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര സഹായമായി 50,000 രൂപ വീതവും നല്‍കും. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും അറിയിച്ചു.

ഉത്തരാഖണ്ഡില്‍ തപോവന്‍ മേഖലയിലാണ് മഞ്ഞുമല ഇടിഞ്ഞത്. ഗംഗ, അളകനന്ദ നദികള്‍ കരകവിഞ്ഞു. പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ ഋഷികേശും ഹരിദ്വാറും അതീവ ജാഗ്രതയിലാണ്. ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി പൂര്‍ണമായി ഒലിച്ചുപോയി. നദിയുടെ കരയില്‍ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. നിരവധി വീടുകള്‍ ഒലിച്ചുപോയി.


Next Story

Related Stories