TopTop
Begin typing your search above and press return to search.

മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയം; 170പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയം; 170പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 170 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ മരണം 14 ആയി. ഇതുവരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 14 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ചമേലി പൊലീസ് അറിയിച്ചു. 16 പേരെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ദുരന്ത രക്ഷാ പ്രവര്‍ത്തനത്തില്‍ വിദഗ്ധരായവര്‍ ഇന്ന് രാവിലെ അപകടസ്ഥലത്തും. നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രാത്രിയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു. ആറു ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അഞ്ച് പാലങ്ങൾ ഒലിച്ചു പോയിട്ടുണ്ട്.

മലയിടിച്ചിലില്‍ തകര്‍ന്ന ഋഷി ഗംഗ ജല വൈദ്യുതി പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്നവരും അളകനന്ദ, ദൌലിഗംഗ നദിക്കരകളില്‍ താമസിച്ചിരുന്നവരുമാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തപോവന്‍ ഡാമിനു സമീപത്തെ ടണലില്‍ നിരവധിപ്പേര്‍ കുടുങ്ങിയിരിക്കാമെന്നാണ് വിവരം. ഐടിബിപി, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന, കര-വ്യോമ സേനകള്‍, പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തിരച്ചിലിനായി ഹെലികോപ്ടറുകളും ഉപയോഗിക്കുന്നുണ്ട്. ശക്തമായ കുത്തൊഴുക്ക് മൂലം മൃതദേഹങ്ങള്‍ അപകടസ്ഥലത്തു നിന്നും ഏറെ ദൂരെ നിന്നാണ് ലഭിച്ചത്.

മണ്ണും ചെളിയും നീക്കാൻ പ്രളയമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു. ടണലിലെ ചെളി നീക്കി രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. ഡെറാഡൂണിൽ എത്തിയ രക്ഷാപ്രവർത്തക വിദഗ്ധരെ വ്യോമ മാർഗം ചമോലിയിൽ എത്തിച്ചു. സംഭവിച്ചത് മഞ്ഞിടിച്ചിൽ തന്നെയാണോ എന്ന് പരിശോധിക്കാൻ വിദഗ്ധർ ഇന്ന് എത്തും. ഉത്തരാഖണ്ഡിൽ ഉണ്ടായത് ഗ്ലോഫ് ആണോ മഞ്ഞിടിച്ചിൽ ആണോ എന്നതിലാണ് സംശയം. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായത് പൊട്ടുന്നതാണ് ഗ്ലോഫ്. ഡെറാഡൂണിലെ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഇന്ന് രണ്ട് സംഘത്തെ അയക്കും. പ്രാഥമിക സാറ്റലൈറ്റ് പരിശോധനയിൽ ഗ്ലോഫ് കണ്ടെത്താനായില്ല. കൂടുതൽ വ്യക്തതയുള്ള സാറ്റ് ലൈറ്റ് ചിത്രങ്ങൾ വിദഗ്ധർ പരിശോധിക്കുന്നുണ്ട്.

ജോഷിമഠില്‍ 30 കിടക്കകളോടെ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര സഹായമായി 50,000 രൂപ വീതവും നല്‍കും. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും അറിയിച്ചു.


Next Story

Related Stories