TopTop
Begin typing your search above and press return to search.

"ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു": ഹരിയാന തെരഞ്ഞെടുപ്പ് കിങ്മേക്കര്‍ ദുഷ്യന്ത് ചൗട്ടാല

"ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു": ഹരിയാന തെരഞ്ഞെടുപ്പ് കിങ്മേക്കര്‍ ദുഷ്യന്ത് ചൗട്ടാല

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് മാറ്റത്തിനായാണെന്നും തങ്ങള്‍ അത് നല്‍കാന്‍ ബാധ്യസ്ഥരാണെന്നും ജന്‍‌നായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗട്ടാല. "വിവിപാറ്റ് സ്ലിപ്പുകളെണ്ണുന്നത് നടന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ എല്ലാവരുമായും ചര്‍ച്ച നടത്തും. എംഎല്‍എമാരുമായി നാളെ ചര്‍ച്ചയുണ്ടാകും. ഭാവിനടപടികള്‍ ആലോചിക്കും. ഞാന്‍ വിശ്വസിക്കുന്നത് സംസ്ഥാനം മാറ്റം ആഗ്രഹിക്കുന്നു എന്നാണ്, ജെജെപി അത് കൊണ്ടുവരും," ചൗട്ടാല വ്യക്തമാക്കി.

ആകെ 90 സീറ്റുകളുള്ളതില്‍ 37 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവനഭൂരിപക്ഷത്തിലേക്ക് എത്താനായില്ല. കോണ്‍ഗ്രസ് നേടിയത് 32 സീറ്റാണ്. ജെജെപിക്ക് 11 സീറ്റുകളുണ്ട്. മറ്റൊരു കക്ഷിയായ ഐഎന്‍എല്‍‌ഡിക്ക് രണ്ട് സീറ്റുകളില്‍ വിജയിക്കാനായിട്ടുണ്ട്. 8 സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു.

അതെസമയം കോണ്‍ഗ്രസ്സിന് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 46 സീറ്റുകള്‍ ആവശ്യമാണ്. ഇതിന് ജെജെപിയുടെ പിന്തുണ മാത്രം പോര. ഐഎന്‍എല്‍ഡി തങ്ങളുടെ പിന്തുണ ബിജെപിക്കാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ക്ഷണം പാര്‍ട്ടി തള്ളിയിരിക്കുകയാണ്. "എന്റെ പാര്‍ട്ടി ഒരിക്കലും കോണ്‍ഗ്രസ്സിനെ പിന്തുണക്കില്ല.‌ ഞങ്ങളുടെ പാര്‍ട്ടി നേതാവ് ഓംപ്രകാശ് ചൗട്ടാലയെ അഴിമതിക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അദ്ദേഹത്തെ ജയിലിലടയ്ക്കുക വരെ ചെയ്തു. മറ്റു വഴികളില്ലെങ്കില്‍ ഐഎന്‍എല്‍ഡി പ്രതിപക്ഷത്തിരുന്ന് ജനസേവനം നടത്തും," പാര്‍ട്ടി നേതാവ് അഭയ് ചൗട്ടാല പറഞ്ഞു.

വോട്ടര്‍മാരുമായി ചില ആശയവിനിമയ പ്രശ്നങ്ങളുണ്ടായെന്നാണ് ബിജെപിയുടെ മോശം പ്രകടനം സംബന്ധിച്ച്‌ ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ പറയുന്നത്.

ഹരിയാനയുടെ അടുത്ത മുഖ്യമന്ത്രി ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയായിരിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വാര്‍ പ്രസ്താവിക്കുകയുണ്ടായി. സീറ്റ് വിഭജനത്തില്‍ തര്‍ക്കമുന്നയിച്ച്‌ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ച്‌ പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തിയിരുന്നയാളാണ് അശോക് തന്‍വാര്‍‌.


Next Story

Related Stories