Top

"ചിലർ എന്നെ മോശം ധനമന്ത്രിയെന്ന് വിളിക്കുന്നു; ഞാനൊന്ന് തുടങ്ങി മുഴുമിപ്പിക്കാൻ പോലും അവർ കാക്കുന്നില്ല": നിർമല സീതാരാമൻ

ചിലർ എന്നെ മോശം ധനമന്ത്രിയെന്ന് വിളിക്കുന്നു; ഞാനൊന്ന് തുടങ്ങി മുഴുമിപ്പിക്കാൻ പോലും അവർ കാക്കുന്നില്ല: നിർമല സീതാരാമൻ

തന്നെ 'മോശം ധനമന്ത്രി' എന്ന് വിളിക്കുന്നവരെ ലക്ഷ്യം വെച്ച് നിർമല സീതാരാമന്റെ പ്രസ്താവന. താൻ മോശം ധനമന്ത്രിയാണെന്ന് പറയുന്നവർ തന്റെ കാലാവധി പൂർത്തിയാകും വരെ കാക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് അവർ പറഞ്ഞു. താൻ തന്റെ ജോലി തുടങ്ങിയിട്ടേയുള്ളൂ എന്നും അവർ ഓർമിപ്പിച്ചു. അവരോട് തനിക്ക് ആശയങ്ങൾ നൽകാൻ താൻ ആവശ്യപ്പെടുന്നതായും മറ്റുള്ളവരെ കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് മോദി സർക്കാരെന്നും നിർമല സീതാരാമൻ പറഞ്ഞു.

വ്യവസായ പ്രമുഖൻ രാഹുൽ ബജാജ് കോർപ്പറേറ്റുകൾക്കിടയിൽ സർക്കാരിനെക്കുറിച്ച് വളർന്നു വന്നിട്ടുള്ള ഭീതി ചൂണ്ടിക്കാട്ടി പൊതുവേദിയിൽ സംസാരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിൽ നടന്ന ചർച്ചയിൽ സർക്കാരിനെ പ്രതിരോധിക്കുന്നതിനിടയിലാണ് ധനമന്ത്രി തന്റെ ഭാഗം വിശദീകരിക്കാനായി സമയമെടുത്തത്.

രാഹുൽ ബജാജിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാൻ അമിത് ഷാ കാണിച്ച മനസ്സിനെ നിർമല സീതാരാമൻ പ്രകീർത്തിച്ചു. ആ പ്രവൃത്തി തന്നെ വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള സർക്കാരിന്റെ മനോഭാവത്തെ കാണിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്. വിമർ‌ശനങ്ങളെ കേൾക്കാൻ തയ്യാറുള്ളതു കൊണ്ടാണ് തങ്ങൾ അവിടെ ഇരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അമിത് ഷായും നിര്ഡമല സീതാരാമനും ഇരിക്കുന്ന വേദിയിൽ വെച്ചാണ് മുതിർന്ന വ്യവസായിയായ രാഹുൽ ബജാജ് രാജ്യത്ത് വളർന്ന അസഹിഷ്ണുതയെക്കുറിച്ചും അത് കോർപ്പറേറ്റുകൾക്കിടയിൽ ഉണ്ടാക്കുന്ന ഭീതിയെക്കുറിച്ചും പറഞ്ഞത്. യുപിഎ സർക്കാരിന്റെ കാലത്ത് ആർക്കും വിമർശനമുന്നയിക്കാമായിരുന്നെന്ന് അദ്ദേഹം പറയുകയുണ്ടായി. അതെസമയം 81കാരനായ രാഹുൽ ബജാജിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് സർക്കാർ അനുകൂലികളിൽ നിന്നും ഉയരുന്നത്.

ചില വ്യവസായികൾക്ക് മാത്രമായി സർക്കാർ നയങ്ങൾ രൂപീകരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനും ധനമന്ത്രി മറുപടി പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് വലിയ തോതിൽ സ്വജനപക്ഷപാതം നടന്നിരുന്നെന്ന ആരോപണം വ്യംഗ്യമായി ഉയർത്തുകയാണ് അവർ ചെയ്തത്. ചിലരുടെ 'മരുമക്കൾ'ക്കു വേണ്ടിയായിരുന്നു അന്ന് നയങ്ങൾ രൂപീകരിക്കപ്പെട്ടിരുന്നതെന്ന് അവര്‍ സൂചിപ്പിച്ചു. റോബർട്ട് വദ്രയെ സൂചിപ്പിക്കുന്നതായിരുന്നു 'മരുമക്കൾ' എന്ന പ്രയോഗം.

ഇതിനു പിന്നാലെ പ്രധാനമന്ത്രിയുടെ പദ്ധതികളിലൂടെ രാജ്യത്തെ കർഷകർക്കും മറ്റും ലഭിച്ച നേട്ടങ്ങൾ ധനമന്ത്രി എണ്ണിപ്പറഞ്ഞു. 11 കോടി പേർക്ക് കക്കൂസുകൾ ലഭിച്ചത് മോദിയുടെ കാലത്താണെന്നും യുപിഎ സർക്കാരിന്റെ കാലത്ത് ഗുണം ലഭിച്ചത് ചിലരുടെ മരുമകന് മാത്രമാണെന്നും അവര്‍ പറഞ്ഞു.


Next Story

Related Stories