TopTop
Begin typing your search above and press return to search.

രാജ്യദ്രോഹക്കേസുകൾ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു, വേഗത്തിൽ വിചാരണ വേണമെന്ന് കനയ്യ

രാജ്യദ്രോഹക്കേസുകൾ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു, വേഗത്തിൽ വിചാരണ വേണമെന്ന് കനയ്യ

രാജ്യദ്രോഹ കേസില്‍ തന്നെയുള്‍പ്പെടെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയ നടപടിയിൽ നന്ദി അറിയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യ കുമാര്‍. അനുമതി കേസ് വേഗത്തത്തിൽ തീർപ്പാക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ രാജ്യദ്യോഹക്കേസുകൾ ചുമത്തുന്ന സാഹചര്യങ്ങളിൽ രാഷ്ട്രീയമുണ്ടെന്ന് വ്യക്തമാക്കിയ കനയ്യ എന്നാല്‍ ട്രയൽ നടപടികൾ വേഗത്തിലാക്കണമെന്ന് മാത്രമാണ് അവശ്യമെന്നും വ്യക്തമാക്കി. താൻ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കനയ്യ രാജ്യദ്രോഹക്കേസുകൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. എൻഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൽഹി സർക്കാരിന്റെ നടപടിയിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. കാരണം പ്രോസിക്യൂഷന് അനുമതി നൽകിയ സമയം തന്നെ ഇതിന് ഉദാഹരണമാണ്. ഈ വർഷം ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായ നീക്കമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഗസാരെ മണ്ഡലത്തിൽ താൻ മൽസരിച്ചിരുന്നു. ആ തീരുമാനത്തിന് തൊട്ട് മുൻ‌പായിരുന്നു തനിക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് താൻ, അപ്പോൾ വിചാരണയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഇക്കാര്യങ്ങൾ ജനങ്ങൾ മനസിലാക്കേണ്ടതുണ്ട്. അടത്തിടെ ജമ്മു കാശ്മീരിൽ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ദേവീന്ദർ സിങ് എന്ന പോലീസുകാരനെതിരെ ഇതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ല. ഇത്തരം കേസുകളിലെ രാഷ്ട്രീയ ലാഭമുണ്ടാക്കൽ ഇവിടെ പ്രകടമാണെന്നും കനയ്യ ചൂണ്ടിക്കാട്ടി.

ഡൽഹിയില ആംആദ്മി സർക്കാർ വിചാരണയ്ക്ക് അനുമതി നൽകിയ നടപടിയെ കുറിച്ച് പ്രതികരിക്കാനില്ല. എന്നാൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം. ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുന്നിൽ വിഷയമെത്തണം. കേസിൽ കോടതിയാണ് തീർപ്പ് കൽപ്പിക്കേണ്ടത്, ടിവി സ്റ്റുഡിയോകളിലെ വിചാരണയ്ക്ക് ഇരുന്ന് തരാൻ താൽപര്യമില്ലെന്നും കനയ്യ വ്യക്തമാക്കുന്നു. എന്നാൽ, വിഷയം തീർത്തും നിയമപരമാണെന്നായിരുന്നു എഎപി എംഎൽയും വക്താവുമായ രാഘവ് ചന്ദയുടെ പ്രതികരണം. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‌

2016 ഫെബ്രുവരിയില്‍ ജെഎന്‍യു കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് അന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാര്‍, വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകരായ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്. മൂവരും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഈ ഫയല്‍ ഡല്‍ഹി ആഭ്യന്തര വകുപ്പിന് മുന്നിലുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ക്കുന്നവരെ നേരിടാനും മുസ്ലീങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുമുള്ള വ്യാപക കലാപം നടക്കുകയും 40ലധികം പേര്‍ കൊല്ലപ്പെടുകയും ബിജെപി നേതാക്കള്‍ നിര്‍ബാധം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. കനയ്യ കുമാര്‍ ബിഹാറില്‍ പൗരത്വ നിയമത്തിനെതിരെ നിരന്തരപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി.


Next Story

Related Stories