TopTop
Begin typing your search above and press return to search.

'വാക്‌സിന്‍ ഓഗസ്റ്റ് 15 നകം ലഭ്യമാക്കാണം' ഐ സി എം ആറിന്റെ അന്ത്യശാസനത്തിനെതിരെ വിദഗ്ദർ

വാക്‌സിന്‍ ഓഗസ്റ്റ് 15 നകം ലഭ്യമാക്കാണം ഐ സി എം ആറിന്റെ അന്ത്യശാസനത്തിനെതിരെ വിദഗ്ദർ

കോവിഡ് 19നുള്ള വാക്‌സിന്‍ പൊതുജനങ്ങള്‍ക്കുള്ള ഉപയോഗത്തിന് ആഗസ്റ്റ് 15 നകം ലഭ്യമാക്കണമെന്ന് മരുന്ന് നിര്‍മ്മാതക്കളോട് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഗസ്റ്റ് 15 നകം മരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉറപ്പുവരുത്തണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് പ്രായോഗികമല്ലെന്ന് വിമര്‍ശനവുമായി ആരോഗ്യരംഗത്തെ വിദഗ്ദര്‍ രംഗത്തെത്തി.

ഈ മാസം രണ്ടാം തീയതിയാണ് ഐ സി എം ആര്‍ ഡയറക്ടര്‍ ജനറല്‍ 12 സ്ഥാപനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്തെഴുതിയത്. മരുന്നു പരീക്ഷണവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട എല്ലാ അനുമതികളും ലഭ്യമാക്കി ആരിലാണോ പരീക്ഷണം നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ മാസം ഈ മാസം ഏഴിനകം വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കുക എന്നത് അത്യാവശ്യമാണെന്നും അതുകൊണ്ട് തന്നെ ഈ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ അത് ഗൗരവത്തോടെ കാണുമെന്ന മുന്നറിയിപ്പും ഐ സി എം ആര്‍ നല്‍കിയിരുന്നു.

ഹൈദരബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ എന്ന മരുന്ന് വികസിപ്പിച്ചത്. ഐ സി എം ആറിന്റെ സഹകരണത്തോടെയായിരുന്നു മരുന്ന് വികസിപ്പിച്ചത്. ജൂണ്‍ 29 നാണ് ഈ മരുന്ന് മനുഷ്യരില്‍ പരിക്ഷിക്കാനുള്ള അനുമതി ലഭിച്ചത്. അതായത് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയതിന് രണ്ട് മാസത്തിനകം മരുന്ന് ലഭ്യമാക്കാനാണ് ഐ സി എം ആര്‍ ശ്രമിക്കുന്നത്. ഇത്രയും ചുരുങ്ങിയ കാലയളവില്‍ മരുന്ന് ലഭ്യമാക്കുന്ന പതിവ് ലോകത്തെവിടെയുമില്ലെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു

' ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുന്നതിന് മുമ്പ് മരുന്ന് ലഭ്യമാക്കുന്നതിനുള്ള തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന സമീപനം ലോകത്തെവിടെയെങ്കിലും സ്വീകരിച്ചതായി അറിയില്ലെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ എത്തിക്ക്‌സ് എഡിറ്റര്‍ അമര്‍ ജെസാനി പറഞ്ഞു. ശാസ്ത്രത്തിന്റെ രീതി ഇതെല്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഗതിയില്‍ നടപടികള്‍ എത്ര വേഗത്തിലാക്കിയാലും മരുന്ന് പൊതു ഉപയോഗത്തിന് ലഭ്യമാക്കുന്നതിന് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്ന് ഐ സി എം ആറിന്റെ ബയോ എത്തിക്ക്‌സ് സെല്‍ ചെയര്‍പേഴ്‌സണ്‍ വസന്ത മുത്തു സ്വാമിയും പറഞ്ഞു

ഇതില്‍ ഏറ്റവും പ്രധാനമായത് സര്‍ക്കാരിന്റെ തന്നെ മാനദണ്ഡം അനുസരിച്ച് പരീക്ഷണത്തിന്റെ കാലാവധി ഒരു വര്‍ഷവും മൂന്ന് മാസവും ആണെന്നതാണ്. അതു പോലും പാലിക്കേണ്ടെന്ന നിലപാടാണ് ഫലത്തില്‍ ഐ സി എം ആര്‍ സ്വീകരിച്ചിരിക്കുന്നത്.

മരുന്ന് പരീക്ഷണം നടത്തേണ്ട 12 സ്ഥാപനങ്ങള്‍ക്കും ഇതുവരെ സ്വതന്ത്ര്യ എത്തിക്ക്‌സ് കമ്മിറ്റികളില്‍നിന്ന് ആവശ്യമായ അനുമതികള്‍ ലഭിച്ചിട്ടില്ല. ' എത്ര തന്നെ സമ്മര്‍ദ്ദമുണ്ടായാലും മതിയായ എല്ലാ അനുമതികളും ലഭിക്കാതെ മരുന്ന് പരീക്ഷണത്തിന് തയ്യാറാവില്ലെന്ന് പരീക്ഷണം നടക്കേണ്ട ഒഡീസ എസ് യു എം ഹോസ്പിറ്റലിലെ ഡോ. വെങ്കിട റാവു പറഞ്ഞു. പ്രധാനമന്ത്രി തന്നെ ഇടപെട്ടാലും നിബന്ധനകള്‍ ലംഘിക്കാന്‍ കഴിയില്ലെന്നായിരുന്നു മറ്റൊരു ഡോക്ടറുടെ നിലപാട്.

വാക്‌സിന്‍ ഉത്പാദനം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും സര്‍ക്കാരിലെ ഉന്നതര്‍ ഇതു വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നുമാണ് ഐ സി എം ആര്‍ മേധാവി കത്തില്‍ വ്യക്തമാക്കിയത്.

എന്നാല്‍ നടപടികള്‍ വേഗത്തിലാക്കി എത്രയും പെട്ടെന്ന് മരുന്ന് ലഭ്യമാക്കുക മാത്രമാണ് കത്തിലൂടെ ഉദ്ദേശിച്ചതെന്നാണ് വിവാദത്തെ തുടര്‍ന്ന് ഐ സി എം ആര്‍ ആരോഗ്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണമെന്നാണ് സൂചന.


Next Story

Related Stories