TopTop
Begin typing your search above and press return to search.

ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ് മൂന്നാം തരംഗം സംഭവിച്ചേക്കില്ല; മുന്‍ അഭിപ്രായം തിരുത്തി കേന്ദ്ര സര്‍ക്കാര്‍

ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ് മൂന്നാം തരംഗം സംഭവിച്ചേക്കില്ല; മുന്‍ അഭിപ്രായം തിരുത്തി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്ന അഭിപ്രായം തിരുത്തി കേന്ദ്ര സര്‍ക്കാര്‍. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നപക്ഷം കോവിഡ് മൂന്നാം തരംഗത്തെ തടയാനായേക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയ. നാം ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ മൂന്നാം തരംഗം എല്ലായിടത്തുമോ അല്ലെങ്കില്‍ ഒരിടത്തുമോ സംഭവിച്ചേക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെ. വിജയരാഘവന്‍ പറഞ്ഞു. ഇതെല്ലാം പ്രാദേശിക, ജില്ല, സംസ്ഥാന തലങ്ങളില്‍ എത്രത്തോളം ഫലപ്രദമായി പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഡോ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ തുടരുന്നതിനാല്‍ മൂന്നാം തരംഗം ഉറപ്പാണെന്ന് ഡോ. വിജയരാഘവന്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, എപ്പോഴാണ് മൂന്നാം ഘട്ടം (മൂന്നാം തരംഗം) കോവിഡ് വ്യാപനം സംഭവിക്കുകയെന്ന് വ്യക്തമല്ല. കോവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം മരണനിരക്കും ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

നിലവില്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ ഇന്ത്യയിലാണ്. കഴിഞ്ഞദിവസം 4,14,188 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3915 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഹരിയാന, ബിഹാര്‍ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹൂജ അറിയിച്ചത്. അതേസമയം, ഇതുവരെ 16.50 കോടി ഡോസ് വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്തു.

രാജ്യത്തെ ആരോഗ്യ പരിചരണ സംവിധാനങ്ങളെയാകെ വെല്ലുവിളിക്കുന്ന തരത്തിലാണ് കോവിഡ് വ്യാപനം തുടരുന്നത്. ആശുപത്രികളില്‍ കിടക്കകള്‍ നിറയുകയും മതിയായ ഓക്‌സിജന്‍ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. മെഡിക്കല്‍ ഓക്‌സിജനായി വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ സഹായം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.


Next Story

Related Stories