TopTop
Begin typing your search above and press return to search.

സാമ്പത്തിക മാന്ദ്യം രൂക്ഷം, ഐ എം എഫ് ഗവേഷക വിഭാഗം മേധാവി ഗീതാ ഗോപിനാഥ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സാമ്പത്തിക മാന്ദ്യം രൂക്ഷം, ഐ എം എഫ് ഗവേഷക വിഭാഗം മേധാവി ഗീതാ ഗോപിനാഥ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അന്താരാഷ്ട്ര നാണയനിധിയിലെ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായ ഗീതാ ഗോപിനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഗീതാ ഗോപിനാഥിന്റെ കൂടിക്കാഴ്ച നടക്കുന്നത്. ഇന്ത്യയുടെ മാന്ദ്യനില ഏറെക്കാലം തുടരുമെന്ന് കഴിഞ്ഞദിവസം ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു.

വിചാരിച്ചതിലും ആഴമേറിയതാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യമെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഉടനെയൊന്നും ഇതില്‍ നിന്നും കരകയറാമെന്ന പ്രതീക്ഷ വേണ്ടെന്നും അവര്‍ പറയുകയുണ്ടായി. നേരത്തെ കരുതിയിരുന്നത് വളര്‍ച്ച ഒരല്‍പം മന്ദഗതിയിലാകും എന്നായിരുന്നു. പക്ഷെ ഇപ്പോഴത്തെ കണക്കുകള്‍ തന്റെ ആശ്ചര്യപ്പെടുത്തുകയാണെന്നും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിക്ഷേപത്തില്‍ വലിയ കുറവാണ് സംഭവിക്കുന്നത്. ഉപഭോഗ വളര്‍ച്ചയും താഴുകയാണ്. ബാങ്കുകളുടെ കിട്ടാക്കടം പെരുകുകയാണെന്നും അവര്‍ പറഞ്ഞു.

വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുകയുള്ളൂ എന്നും ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ സംഭവിക്കുന്ന വലിയ കുഴപ്പത്തെ ചൂണ്ടിക്കാട്ടി നേരത്തെ രംഗത്തു വന്ന മുൻ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അർവിന്ദ് സുബ്രഹ്മണ്യനും സമാനമായ വാദങ്ങളാണ് മുമ്പോട്ടു വെച്ചിരുന്നത്. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുന്നതും വ്യവസായങ്ങളുടെ തിരിച്ചടവ് ശേഷി കുറയുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്ത്യ നേരിടുന്നത് ഈ 'ഇരട്ട ബാലന്‍‍സ് ഷീറ്റ് പ്രതിസന്ധി'യാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇതൊരു സാധാരണ സാമ്പത്തിക മാന്ദ്യമല്ല. ഇത് ഇന്ത്യയുടെ മഹാമാന്ദ്യമാണ്. സാമ്പത്തിക വ്യവസ്ഥ ഐസിയുവിലേക്ക് നീങ്ങുകയാണ്," ഹാർവാർഡ് സർവ്വകലാശാലയുടെ സെന്റർ ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റിനു വേണ്ടി തയ്യാറാക്കിയ ഒരു പ്രബന്ധത്തില്‍ അദ്ദേഹം പറയുകയുണ്ടായി. ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയുടെ ഒന്നാം തരംഗം 2014ല്‍ തുടങ്ങിയിരുന്നെന്നും ഇപ്പോഴത്തേത് കൂടുതല്‍ ശക്തമായ രണ്ടാം തരംഗമാണെന്നും അര്‍വിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. 2017ല്‍ നോട്ടുനിരോധനത്തിനു ശേഷമാണ് ഈ രണ്ടാംതരംഗം രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും കിട്ടാക്കട പ്രതിസന്ധി എങ്ങനെയെങ്കിലും കുറച്ചു കൊണ്ടുവരണമെന്നാണ് ഗീതാ ഗോപിനാഥിന്റെ അഭിപ്രായം. നിലവില്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കാന്‍ മടിക്കുകയാണ്. ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കണം. നികുതി പിരിവ് ഊര്‍ജ്ജിതമാക്കിയും തൊഴില്‍, വസ്തു, ഉല്‍പ്പന്ന വിപണികളില്‍ പരിഷ്കരണം കൊണ്ടുവന്നും സാമ്പത്തിക ആരോഗ്യം ഉറപ്പാക്കണം. മത്സരം വിപണിയിലുണ്ടെന്ന് ഉറപ്പാക്കണം. തൊഴിലവസരം വര്‍ധിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും ഗീതാ ഗോപിനാഥ് പറയുന്നു.

ആഭ്യന്തര വിപണിയില്‍ ഉപഭോഗം കൂട്ടുന്നതിനും ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അവര്‍ പറയുന്നു. 5 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സാമ്പത്തിക വ്യവസ്ഥയാകുക എന്ന ലക്ഷ്യമൊക്കെ നല്ലതാണെന്നും ഗീതാ ഗോപിനാഥ് പറയുന്നു.


Next Story

Related Stories