TopTop
Begin typing your search above and press return to search.

പുതുവര്‍ഷദിനത്തില്‍ മോദി അഞ്ച് അയല്‍രാജ്യങ്ങളെ വിളിച്ചു; പാകിസ്താനെ ഒഴിവാക്കി

പുതുവര്‍ഷദിനത്തില്‍ മോദി അഞ്ച് അയല്‍രാജ്യങ്ങളെ വിളിച്ചു; പാകിസ്താനെ ഒഴിവാക്കി

പുതുവര്‍ഷദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് അയല്‍രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി ഫോണില്‍ സംസാരിച്ചു. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, മാലിദ്വീപുകള്‍ എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ പുതുവത്സര വിളി പോയത്. കൂട്ടത്തില്‍ പാകിസ്താനെ ഒഴിവാക്കുകയും ചെയ്തു.

ബംഗ്ലാദേശുമായുള്ള ബന്ധം ഇന്ത്യയുടെ പ്രഥമ പരിഗണനകളിലൊന്നാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് മോദി പറഞ്ഞു. പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പരസ്പര സംഭാഷണം നടക്കുന്നത്. അസമില്‍ സര്‍‍ക്കാര്‍ പൗരത്വ രജിസ്റ്ററിലൂടെ പിടികൂടിയിട്ടുള്ള 19 ലക്ഷം പേരില്‍ ആറ് ലക്ഷത്തോളം പേര്‍ മുസ്ലിങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലെ ഭൂരിപക്ഷ വിഭാഗമായ മുസ്ലിങ്ങളും ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളും ഇന്ത്യയിലേക്ക് പലകാലങ്ങളില്‍ കുടിയേറ്റം നടത്തിയിട്ടുണ്ട്. ഇവരെ തിരിച്ചയയ്ക്കുമെന്ന ആശങ്ക പൊതുവില്‍ വളര്‍ന്നിട്ടുണ്ട്.

അവാമി ലീഗ് പാര്‍ട്ടിയുടെ പ്രസിഡണ്ടായി ഷെയ്ഖ് ഹസീന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ മോദി അവരെ അഭിനന്ദിക്കുകയുണ്ടായി.

ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗയേല്‍ വാങ്ചുക്കുമായും മോദി ഇന്നലെ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലൂടെ കഴിഞ്ഞവര്‍ഷമുണ്ടാക്കിയ നേട്ടങ്ങള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂട്ടാന്റെ പ്രധാനമന്ത്രി ലോട്ടായ് ത്ഷെറിങ്ങുമായും മോദി സംസാരിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുമായും മോദി സംസാരിച്ചു. മോതിഹാരി-അംലേഖ്ഗഞ്ജ് പെട്രോളിയം ഉല്‍പന്ന പൈപ്പ്‌ലൈന്‍ അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിലുള്ള സംതൃപ്തി പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചു.

ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബായ രാജപക്സയുമായും പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ വര്‍ഷത്തില്‍ കൂടുതല്‍ ഉറപ്പിക്കാന്‍ സാധിക്കുമെന്ന് മോദി പ്രത്യാശിച്ചു. മാല്‍ദീവ്സ് പ്രസിഡണ്ട് ഇബ്രാഹിം മൊഹമ്മദ് സോലിഹുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടതിനെക്കുറിച്ച് മോദി സംസാരിച്ചു.


Next Story

Related Stories