TopTop
Begin typing your search above and press return to search.

ഇന്ത്യയ്ക്കു വഴങ്ങി ചൈന; കിഴക്കന്‍ ലഡാക്കില്‍ നിന്ന് മൂന്ന് ഘട്ടങ്ങളിലായി സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണ

ഇന്ത്യയ്ക്കു വഴങ്ങി ചൈന; കിഴക്കന്‍ ലഡാക്കില്‍ നിന്ന് മൂന്ന് ഘട്ടങ്ങളിലായി സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണ

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ക്ക് അറുതിയാവുന്നു. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായി. ഒരാഴ്ചകൊണ്ട് മൂന്ന് ഘട്ടങ്ങളിലായി സേനയെ പിന്‍വലിക്കാനാണ് തീരുമാനം. ഈവര്‍ഷം ഏപ്രില്‍-മെയ് മാസം ഉണ്ടായിരുന്ന സ്ഥിതിയിലേക്ക് അതിര്‍ത്തിയിലെ സേനാവിന്യാസം തിരികെയെത്തിക്കാനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം. നവംബര്‍ ആറിന് ചുഷുലില്‍ നടന്ന എട്ടാമത് സൈനിക കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് സേനാ പിന്മാറ്റത്തെക്കുറിച്ച് ധാരണയായത്. അതനുസരിച്ചാണ് ഇരു രാജ്യങ്ങളും രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ലഡാക്കിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സേനാ പിന്മാറ്റത്തെക്കുറിച്ച് ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും ചൈന തയ്യാറായിരുന്നില്ല. നിരന്തര ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരു രാജ്യങ്ങളും അംഗീകരിച്ച രൂപരേഖ പ്രകാരം മൂന്ന് ഘട്ടങ്ങളിലായിട്ടാകും സേനാ പിന്മാറ്റം പൂര്‍ണമാകുക. ആദ്യ ഘട്ടത്തില്‍ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെ മുന്‍നിരയില്‍ നിന്ന് മാറ്റും. ഇരുവശത്തെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കു പിന്നിലാകും ഇവയുടെ സ്ഥാനം. ഒരു ദിവസംകൊണ്ടാകും ഇത് നടപ്പാക്കുക.

പാംഗോംഗ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് രണ്ടാം ഘട്ടം സേനാ പിന്മാറ്റം. മൂന്ന് ദിവസങ്ങളില്‍ 30 ശതമാനം സൈനികരെ വീതം ഇരു രാജ്യങ്ങളും പിന്‍വലിക്കണം. ഫിംഗര്‍ 8ന് കിഴക്കന്‍ മേഖലകളിലേക്കു ചൈനീസ് സൈന്യം മടങ്ങുമ്പോള്‍, ഇന്ത്യന്‍ സൈന്യം ധന്‍ സിംഗ് ധാപ്പ പോസ്റ്റിലേക്കും മടങ്ങും. അവസാന ഘട്ടത്തില്‍ ചുഷുല്‍, റെസാങ് ലാ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പാംഗോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്തുനിന്ന് ഇരു സൈന്യങ്ങളും പിന്മാറണം. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ബ്രിഗേഡിയര്‍ ഗായ് എന്നിവരാണ് നവംബര്‍ ആറിന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഈവര്‍ഷം ജൂണില്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സേന നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പിന്നാലെ ചൈനീസ് സേനയ്‌ക്കെതിരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. സൈനികരും കമാന്‍ഡിംഗ് ഓഫിസറും ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ചൈന അനുരഞ്ജന മാര്‍ഗത്തിലെത്തിയത്.


Next Story

Related Stories