കോവിഡ് ബാധിച്ചവരുടെ എണ്ണം 41 ലക്ഷം കവിഞ്ഞതോടെ ലോകത്ത് കൊറോണ വൈറസ് ബാധയുടെ കാര്യത്തില്‍ ഇന്ത്യയും ബ്രസീലും അമേരിക്കയ്ക്ക് പിന്നില്‍ ഒപ്പത്തിനൊപ്പം. ഇന്നലെ 86,432 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 41,110,839 ആയി. ബ്രസീലിലാകട്ടെ, 41,23,000 രോഗികളാണുള്ളത്. വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പ്രകാരമാണ്. കേന്ദ്ര സര്ക്കാാരിന്റെ ഔദ്യോഗിക കണക്കുകള്‍ വൈകിട്ട് മാത്രമേ പുറത്തു വരൂ. അതേ സമയം, വരും മാസങ്ങളിലും ചില സംസ്ഥാനങ്ങളില്‍ കേസുകളുടെ കാര്യത്തില്‍ വര്‍ധനവുണ്ടാകുമെന്നും 2021 വരെ ഇത് തുടര്‍ന്നേക്കുമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു.
ഇതുവരെ രാജ്യത്താകെ 70.679 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ചില പ്രദേശങ്ങളില്‍ കോവിഡിന്റെ രൂക്ഷമായ രണ്ടാം വരവിന് സാക്ഷ്യം വഹിക്കുകയാണ് എന്നാണ് ഡോ. ഗുലേരിയ പറയുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ കോവിഡ് കേസുകളുടെ 62 ശതമാനവും.
ഒരു സമയത്ത് ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇന്ത്യക്കും ബ്രസീലിനും പിന്നില്‍ 10 ലക്ഷം കേസുകളുമായി റഷ്യയാണുള്ളത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 64,31,152 ആണ്.
നേരത്തെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലാണ് കോവിഡ് ബാധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് എല്ലാ സംസ്ഥാനങ്ങളിലേക്കും ഒപ്പം ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചു. 140 കോടിക്കടുത്ത് ജനസംഖ്യയുള്ള ഇന്ത്യയില്‍ കേസുകള്‍ ഇത്രയധികം വര്‍ധിക്കുന്നതിലും വിദഗ്ധര്‍ അത്ഭുതമൊന്നും കാണുന്നില്ല. കോവിഡിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതോടെയാണ് കര്‍ശനമായ ലോക്ഡൗണിലേക്ക് മാര്‍ച്ചില്‍ പോകേണ്ടി വന്നത്. രണ്ടു മാസത്തോളം രാജ്യം അടച്ചിട്ടതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു.