TopTop
Begin typing your search above and press return to search.

ആര്‍സിഇപി കരാറില്‍ ഒപ്പുവയ്ക്കുന്നില്ലെന്ന് ഇന്ത്യ

ആര്‍സിഇപി കരാറില്‍ ഒപ്പുവയ്ക്കുന്നില്ലെന്ന് ഇന്ത്യ

വിവാദമായ ആര്‍സിഇപി (റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക്ക് പാര്‍ട്ണര്‍ഷിപ്പ്) കരാറില്‍ ഒപ്പുവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്മാറി. കരാര്‍ കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നിലവിലെ ആര്‍സിഇപി കരാര്‍ പ്രതിഫലിപ്പിക്കുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഇത് കൊണ്ടുതന്നെ കരാറില്‍ ഒപ്പിടേണ്ടതില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘപരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസ് അടക്കമുള്ളവ കരാറിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.

10 ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും ചൈനയുമടക്കമുള്ള ആറ് അതിഥി രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഉടമ്പടിയാണ് ആര്‍സിഇപി കരാര്‍. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയ്ക്കായുള്ള കരാറാണിത്. ഏഴ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യ ഒഴികെയുള്ള 15 രാജ്യങ്ങള്‍ കരാര്‍ അംഗീകരിക്കുന്നത്. മാര്‍ക്കറ്റ് ആക്‌സസ്, നികുതി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ആര്‍സിഇപി വൈകിക്കുകയായിരുന്നു. ഇന്ത്യ കരാറില്‍ ഒപ്പുവയ്ക്കാതെ പിന്‍വാങ്ങുന്നതോടെ ബാക്കി 15 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവയ്ക്കുകയാണ്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. വിദേശ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാകുന്നത് ആഭ്യന്തര വ്യവസായങ്ങളെ തകര്‍ക്കുമെന്നും തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാക്കുമെന്നും നിലവില്‍ കടുത്ത പ്രതിസന്ധിയിലുള്ള സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഉലയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ശകതമായ കടന്നാക്രമണമാണ് ആര്‍സിഇപി കരാറിനെതിരെ നടത്തിയത്. അതേസമയം 2012ല്‍ ആര്‍സിഇപി കരാര്‍ എന്ന ആശയം ആസിയാന്‍ നേതാക്കള്‍ മുന്നോട്ടുവച്ചപ്പോള്‍ അന്ന് മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാര്‍ അതിനെ അനുകൂലിക്കുകയായിരുന്നു.


Next Story

Related Stories