TopTop

ചൈനയിലേക്കുള്ള വൈദ്യോപകരണ കയറ്റുമതി നിയന്ത്രിച്ച് ഇന്ത്യ; നൈതിക പ്രശ്നങ്ങളുന്നയിച്ച് ചൈന

ചൈനയിലേക്കുള്ള വൈദ്യോപകരണ കയറ്റുമതി നിയന്ത്രിച്ച് ഇന്ത്യ; നൈതിക പ്രശ്നങ്ങളുന്നയിച്ച് ചൈന

ചൈനയിലേക്കുള്ള കയറ്റുമതിയിൽ ചില വൈദ്യോപകരണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ. രാജ്യത്തിനകത്ത് ലഭ്യതക്കുറവുള്ള ഉപകരണങ്ങൾക്കാണ് കയറ്റുമതി നിയന്ത്രണമേർ‌പ്പെടുത്തിയിരിക്കുന്നത്. വൈദ്യോപകരണങ്ങളുടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ പ്രശ്നങ്ങളുള്ളത് ഉന്നയിച്ച് ചൈന രംഗത്തെത്തിയപ്പോഴാണ് ഇന്ത്യയുടെ പ്രതികരണം. അതെസമയം കൊറോണ വൈറസ് ബാധയെ നേരിടാൻ തങ്ങൾ ബുദ്ധിമുട്ടുന്നതിനിടയ്ക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ നൈതികതയെ ചൈന ചോദ്യം ചെയ്യുന്നു.

"പകർച്ചവ്യാധിയുടെ സാഹചര്യത്തെക്കൂടി മനസ്സിലാക്കി അവധാനതയോടെയും യുക്തിപരമായും കാര്യങ്ങളെ കൈകാര്യം ചെയ്യാൻ ചൈനയ്ക്കൊപ്പം നിൽക്കാൻ ഇന്ത്യ തയ്യാറാകണം. സഹകരണാത്മകമായും ക്രിയാത്മകമായും വിഷയത്തെ കാണണം. കച്ചവടബന്ധങ്ങളം വ്യക്തികളുടെ യാത്രകളെയും തടയാതിരിക്കണം," ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു.

കൊറോണ വൈറസ് ബാധയെ ആധാരമാക്കി ചൈനയെ കച്ചവടബന്ധങ്ങളിൽ നിന്നും വിലക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമുള്ള കാര്യവും ചൈന ഓർമിപ്പിക്കുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ തന്നെ ജാഗ്രതാനിർദ്ദേശങ്ങളനുസരിച്ചുള്ള നടപടികൾ മാത്രമാണ് തങ്ങളെടുത്തിരിക്കുന്നത് എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ പറയുന്നത്. ഇന്ത്യയിൽ ലഭ്യതക്കുറവുള്ളതു കൊണ്ടാണ് ചില മെഡിക്കൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നത് വിലക്കിയത്. ഇന്ത്യയിലെ കൂടിയ ജനസംഖ്യയെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. അവരുടെ ആരോഗ്യകാര്യങ്ങൾ കൂടി തങ്ങൾക്ക് നോക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കൊറോണ വൈറസ്സിനെ ശരിയായി നേരിട്ടില്ലെങ്കിൽ അത് ലോകത്തിനു തന്നെ ഭീഷണിയാകുമെന്ന് രവീഷ് കുമാർ ചൂണ്ടിക്കാട്ടി.


Next Story

Related Stories