TopTop

കൊറോണ - 1.5 മുതൽ 2.3 ട്രില്യണ്‍ രൂപ വരെയുള്ള പാക്കേജ് കേന്ദ്രം ഈയാഴ്ച പ്രഖ്യാപിച്ചേക്കും

കൊറോണ - 1.5 മുതൽ 2.3 ട്രില്യണ്‍ രൂപ വരെയുള്ള പാക്കേജ് കേന്ദ്രം ഈയാഴ്ച പ്രഖ്യാപിച്ചേക്കും

കൊറോണ വൈറസിന്റെ (കൊവിഡ് 19) വ്യാപനം കണക്കിലെടുത്ത് 1.5 ട്രില്യണ്‍ രൂപയുടെ (19.6 ബില്യണ്‍ ഡോളര്‍) പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പാക്കേജ് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസും ധന മന്ത്രാലയവും റിസര്‍വ് ബാങ്കും ഇത് പാക്കേജിന് അന്തിമരൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

കൊവിഡ് ആശ്വാസനടപടികളുമായി ബന്ധപ്പെട്ട് സമഗ്രമായൊരു പാക്കേജ് തയ്യാറാക്കിവരുകയാണ് എന്ന് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. 2.3 ട്രില്യണ്‍ രൂപയുടെ പാക്കേജ് വരെ അവതരിപ്പിച്ചേക്കാം എന്ന് ചില ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഈയാഴ്ച അവസാനം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണം നേരിട്ട് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2020-21 സാമ്പത്തികവര്‍ഷത്തേയ്ക്ക് കൂടുതല്‍ പണം കടം വാങ്ങും. നിലവില്‍ 7.8 ട്രില്യണ്‍ രൂപയാണ് ബോറോയിംഗ് പ്ലാന്‍.

ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ ചിലത് വാങ്ങാന്‍ ആര്‍ബിഐയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയില്‍ പതിറ്റാണ്ടുകളായി ആര്‍ബിഐ ഇത് ചെയ്യാറില്ല. അതേസമയം മറ്റ് ലോകരാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ ബോണ്ടുകള്‍ വാങ്ങുന്നുണ്ട് എന്നും ആര്‍ബിഐയും ഇത് ചെയ്യേണ്ടി വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അതേസമയം കേന്ദ്ര ധനമന്ത്രാലയമോ ആർബിഐയോ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.


Next Story

Related Stories