TopTop
Begin typing your search above and press return to search.

മൺസൂൺ ഔദ്യോഗികമായി അവസാനിച്ചു; ലഭിച്ചത് കാൽനൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ

മൺസൂൺ ഔദ്യോഗികമായി അവസാനിച്ചു; ലഭിച്ചത് കാൽനൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ

രാജ്യത്ത് കാല്‍നൂറ്റാണ്ടിലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മണ്‍സൂണ്‍ അവസാനിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി). മണ്‍സൂണിന്റെ ഏറ്റവും വൈകിയുള്ള വിടവാങ്ങലും ഈ വര്‍ഷം മാത്രമാണുണ്ടായതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 1994ന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മണ്‍സൂണ്‍ കാലം തിങ്കളാഴ്ചയോടെ ഔദ്യോഗികമായി അവസാനിച്ചുവെങ്കിലും ബിഹാറുള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.

ഈ വര്‍ഷം മഴ സാധാരണ നിലയേക്കാള്‍ കൂടുതലായിരുന്നുവെന്നും ഔദ്യോഗികമായി അവസാനിച്ചുവെങ്കിലും മണ്‍സൂണ്‍ ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സജീവമായി തുടരുകയാണെന്നും ഐഎംഡി അറിയിച്ചു. പടിഞ്ഞാറന്‍ മധ്യപ്രദേശ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലെ 36 മെട്രോളജിക്കല്‍ സബ്ഡിവിഷനുകളില്‍ വലിയ അളവിലാണ് മഴ രേഖപ്പെടുത്തിയത്. കേരളത്തില്‍ ജൂണ്‍ മാസം മഴയില്‍ 33 ശതമാനം കുറവ് അടയാളപ്പെടുത്തിയപ്പോള്‍ 33 ശതമാനത്തിന്റെ അധിക മഴയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ 15 ശതമാനം മഴ അധികമായി ലഭിച്ചു.

കനത്ത പേമാരിയെ തുടര്‍ന്ന് ബിഹാറിലെ മൂന്ന് ജില്ലകള്‍ വെള്ളത്തിനടിയിലാണ്. ഇതുവരെ 29 മരണമാണ് ബീഹാറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ പാട്‌നയിലാണ് ഏറ്റവും കൂടുതല്‍ ദുരിതബാധിത പ്രദേശം. തിങ്കളാഴ്ച നിരവധി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ആറടിയോളം അടി ആഴത്തില്‍ വെള്ളക്കെട്ട് ഉണ്ടായി. വെള്ളപ്പൊക്കത്തില്‍ സ്വന്തം വസതിയില്‍ കുടുങ്ങിയ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയെ എന്‍ഡിആര്‍എഫ് ആണ് രക്ഷിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നാലായിരത്തിലധികം പേരെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രളയബാധിതരായ 8,603 പേരെയാണ് ഈ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് നിന്ന് രക്ഷപ്പെടുത്തിയിരിക്കുന്നത്.


Next Story

Related Stories