TopTop
Begin typing your search above and press return to search.

രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്നു; ഇന്നലെ 23,285 രോഗികള്‍, സജീവ കേസുകളുടെ കാര്യത്തില്‍ എറണാകുളം അഞ്ചാമത്

രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്നു; ഇന്നലെ 23,285 രോഗികള്‍, സജീവ കേസുകളുടെ കാര്യത്തില്‍ എറണാകുളം അഞ്ചാമത്

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 23,285 പേര്‍ക്കാണ് കാവിഡ് സ്ഥിരീകരിച്ചത്. 117 മരണവും റിപ്പോര്‍ട്ട് ചെയ്തു. 15,157 പേര്‍ രോഗമുക്തരായി. ഇതുവരെ 1,13,08,846 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 1,97,237 പേര്‍ ചികിത്സയിലുണ്ട്. 1,58,306 പേര്‍ രോഗബാധിതരായി മരിച്ചു. 1,09,53,303 പേര്‍ രോഗമുക്തരായി. അതേസമയം, രാജ്യവ്യാപക കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 2,61,64,920 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിതി രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 14,317 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം റിപ്പോര്‍ട്ട് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് പലയിടത്തും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടയിലെ ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.

രാജ്യത്ത് സജീവ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് ജില്ലകളുടെ പട്ടികയും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. 18,474 പേര്‍ ചികിത്സയിലുള്ള പൂനെയാണ് പട്ടികയില്‍ ഒന്നാമത്. നാഗ്പുര്‍ (12,724), താനെ (10,460), മുംബൈ (9,973), ബംഗളൂരു അര്‍ബന്‍ (5,526), എറണാകുളം (5,430), അമരാവതി (5,259), ജല്‍ഗാവ് (5,029), നാസിക് (4,525), ഔറംഗബാദ് (4,354) എന്നിവയാണ് പട്ടികയിലുള്ളത്.

അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നിലായിരുന്ന കേരളത്തിലെ സ്ഥിതി മാറി. ഏതാനും മാസമായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.05 ശതമാനമായിരുന്നു. രോഗമുക്തരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയും പ്രകടമാണ്. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ വകുപ്പ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories