TopTop
Begin typing your search above and press return to search.

രാജ്യത്ത് പുതുതായി 94,052 പേര്‍ക്ക് കോവിഡ്; ബിഹാറിലെ മരണനിരക്കില്‍ മാറ്റം വന്നതോടെ പ്രതിദിന മരണം 6148

രാജ്യത്ത് പുതുതായി 94,052 പേര്‍ക്ക് കോവിഡ്; ബിഹാറിലെ മരണനിരക്കില്‍ മാറ്റം വന്നതോടെ പ്രതിദിന മരണം 6148

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാംദിവസം ഒരു ലക്ഷത്തില്‍ താഴെ. 24 മണിക്കൂറിനിടെ 94,052 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 6148 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിഹാറിലെ പ്രതിദിന മരണനിരക്കില്‍ വന്ന മാറ്റമാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കിന് കാരണം. ബിഹാറില്‍ നേരത്തെ കണക്കില്‍പ്പെടാത്ത 3971 മരണം കഴിഞ്ഞദിവസത്തെ കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, രാജ്യത്ത് 1,51,367 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതുവരെ 2,91,83,121 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 3,59,676 പേര്‍ രോഗബാധിതരായി മരിച്ചു. 2,76,55,493 പേര്‍ രോഗമുക്തരായി. 11,67,952 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ 23,90,58,360 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനമായി. പ്രതിവാര ടിപിആര്‍ 5.43 ശതമാനം. തുടര്‍ച്ചയായ 28 ദിവസമായി പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്തരാകുന്നവരുടെ എണ്ണം. 94.77 ശതമാനമാണ് രോഗമുക്തി നിരക്ക്.

പ്രതിദിന രോഗികളുടെ കണക്കില്‍ തമിഴ്നാടാണ് മുന്നില്‍. 17,321 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. കേരളം 15204, മഹാരാഷ്ട്ര 10989, കര്‍ണാടക 10959, ആന്ധ്രപ്രദേശ് 8766, പശ്ചിമബംഗാള്‍ 5384 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍. കോവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ഇതുവരെ 5,863,880 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. കര്‍ണാടക (2,728,248), കേരളം (2,673,166), തമിഴ്നാട് (2,292,025), ആന്ധ്രപ്രദേശ് (1,779,773) എന്നിങ്ങനെയാണ് പട്ടികയില്‍ മുന്നിലുള്ള സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ കണക്കുകള്‍.

ബിഹാറില്‍ യഥാര്‍ഥ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഏപ്രില്‍-മെയ് മാസങ്ങളിലെ മരണനിരക്ക് പരിശോധിക്കാന്‍ പാട്ന ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇതുവരെ 9249 പേര്‍ കോവിഡ് ബാധിതരായി മരിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം വരെ, 5500ല്‍ താഴെ ആളുകള്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നായിരുന്നു ബിഹാര്‍ സര്‍ക്കാറിന്റെ കണക്ക്.


Next Story

Related Stories