TopTop
Begin typing your search above and press return to search.

സൈന്യം സ്ഥിരീകരിച്ചു, ലഡാക്ക് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 20 ഇന്ത്യന്‍ സൈനികര്‍; 'രാജ്യത്തിന്റെ അതിര്‍ത്തിയും അഖണ്ഡതയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധര്‍'

സൈന്യം സ്ഥിരീകരിച്ചു, ലഡാക്ക് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 20 ഇന്ത്യന്‍ സൈനികര്‍; രാജ്യത്തിന്റെ അതിര്‍ത്തിയും അഖണ്ഡതയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധര്‍

ഇന്ത്യ - ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 17 സൈനികര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടുവെന്നും ഇതോടെ മരിച്ചവരുടെ എണ്ണം 20 ആയെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. പൂജ്യത്തിനു താഴെയുള്ള തണുപ്പ് അടക്കം അതികഠിനമായ കാലാവസ്ഥയെ അതിജീവിച്ചാണ് സൈനികര്‍ അവിടെ സേവനം അനുഷ്ഠിക്കുന്നതെന്നും രാജ്യത്തിന്റെ അതിര്‍ത്തികളും അഖണ്ഡതയും സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന തുടര്‍ന്ന് പറയുന്നു.

1975 നു ശേഷം ആദ്യമായാണ് ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെടുന്നത്.

ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടുള്ളത്‌. നേരത്തെ ഒരു ഓഫീസറുള്‍പ്പെടെ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതായായിരുന്നു വാര്‍ത്തകള്‍. 10-ലേറെ സൈനികരെ തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മരണവും ഗുരുതരമായ പരിക്കും അടക്കം 43 ചൈനീസ് സൈനികര്‍ക്കും തിരിച്ചടിയില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സംഭവവികാസങ്ങളുടെ പാശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളിലേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു ഇത് ലംഘിച്ച് ചൈനീസ് സൈന്യം ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യം വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഒന്നര മാസം മുമ്പാണ് ഇന്ത്യന്‍ ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കൈയേറ്റം നടത്തിയത്. ഇതേ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയെ തുടര്‍ന്ന് ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.

മെയ് മാസത്തില്‍ ചൈന നടത്തിയ കൈയേറ്റ പ്രദേശങ്ങളില്‍നിന്ന് പിന്‍വാങ്ങി ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ചൈന അംഗീകരിച്ചില്ലെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ട്. ഗാല്‍വാന്‍ നദിയുടെ തീരപ്രദേശം മുഴുവന്‍ തങ്ങളുടെതാണെന്ന നിലപാട് ചൈന യോഗത്തില്‍ മുന്നോട്ടുവെയ്ക്കുകയാണ് ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി ലഫ്.ജനറല്‍ ഹരീന്ദര്‍ സിംങും ചൈനയുടെ പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മിക്ക് വേണ്ടി ലിയോ ലിനുമാണ് അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ചര്‍ച്ചയില്‍ ഗല്‍വാന്‍ മേഖല പണ്ടുമുതലെ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നുവെന്ന നിലപാടാണ് ചൈനീസ് പട്ടാളം സ്വീകരിച്ചത്. ഇതിന് മുമ്പ് ഈ ഇതൊരു സംഘര്‍ഷ പ്രദേശമായിരുന്നില്ല, ഇപ്പോഴാണ് ഈ മേഖലയില്‍ ചൈന പൂര്‍ണമായ അവകാശവാദം ഉന്നയിക്കുന്നത്. ഷ്യോക് ഗല്‍വാന്‍ നദി പ്രദേശത്ത് ഇന്ത്യ നിര്‍മ്മിച്ച ഒരു കിലോമീറ്റര്‍ നീളമുള്ള റോഡ് ചൈനീസ് പ്രദേശത്തേക്കുള്ള അതിക്രമമായിട്ടാണ് അവര്‍ ചര്‍ച്ചയില്‍ നിലപാടെടുത്ത്. ഇന്ത്യ ആ റോഡ് വികസിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ചൈന ചര്‍ച്ചയില്‍ ആരോപിച്ചു.

ഗുല്‍വാന്‍ നദീ തീരത്തോട് ചേര്‍ന്ന് നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മ്മിക്കുന്ന കാര്യം ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിച്ചു. അത് തങ്ങളുടെ ഭൂമിയാണെന്നും റോഡ് നിര്‍മ്മിക്കുന്നതില്‍ ആക്ഷേപമുണ്ടാകേണ്ട കാര്യമില്ലെന്നുമുള്ള നിലപാടാണ് ചൈന സ്വീകരിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയുടെ ഗോഗ്ര പോസ്റ്റിന് സമീപം സൈന്യത്തെ വിന്യസിക്കുന്നതിനെക്കുറിച്ച് ഇന്ത്യയുടെ പരാതിയില്‍ ചർച്ചയിൽ ചൈന ഒന്നും പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തുള്ള നിയന്ത്രണ രേഖയില്‍ ഗോഗ്രയ്ക്കും ഹോട്‌സ്പ്രിംങ് പ്രദേശത്തിനുമിടയില്‍ റോഡ് നിര്‍മ്മിക്കുന്നതിനെക്കുറിച്ചും ചൈന ഒന്നും പ്രതികരിച്ചില്ല.

നിയന്ത്രണ രേഖയെക്കുറിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇപ്പോള്‍ സംഘര്‍ഷത്തിലെത്തിയിരിക്കുന്നത്.

ചൈനയുമായുണ്ടായ സംഘര്‍ഷത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് സൈനിക മേധാവികളുമായി ചര്‍ച്ച നടത്തി, കിഴക്കന്‍ ലഡാക്ക് മേഖലയിലെ സൈനിക വിന്യാസമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രി വിലയിരുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു. മൂന്ന് ഇന്ത്യൻ സൈനികർ അതിർത്തിയിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.

ഇന്നലെ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കാനിരുന്ന കരസേനാ മേധാവി നരവനെ അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം യാത്ര മാറ്റിവെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സ്ഥിതിഗതികള്‍ മാറ്റിമറിക്കാനുള്ള ചൈനീസ് ശ്രമമാണ് കാര്യങ്ങള്‍ വഷളാക്കുന്നതെന്ന് ഇന്ത്യ ഇന്ന് രാവിലെ വ്യകതമാക്കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സൈന്യം നടത്തിയ കടന്നുകയറ്റമാണ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി അവകാശപ്പെട്ടു. രണ്ട് തവണ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു, ചൈനീസ് സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ചൈന കുറ്റപ്പെടുത്തി. ഇതേതുടര്‍ന്നാണ് ശാരീരിക ആക്രമണം നടന്നതെന്ന് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും ചൈന പറഞ്ഞു.

ഇന്നലെ രാത്രി ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് കേണല്‍ ബി സന്തോഷ് ബാബു എന്ന സൈനിക ഓഫീസറാണെന്ന് വ്യക്തമായി. കഴിഞ്ഞ ഡിസംബറിലാണ് സന്തോഷ് ബാബു മേഖലയിലെ കമാന്ററായി ചുമതലയേറ്റത്.

ഒന്നര മാസം മുമ്പാണ് ഇന്ത്യന്‍ ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കൈയേറ്റം നടത്തിയത്. ഇതേ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.


Next Story

Related Stories