TopTop
Begin typing your search above and press return to search.

കമ്മ്യൂണിസം ഇന്ത്യയിൽ @ 100, കോൺഗ്രസിന് മുമ്പ് പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടവർ, പ്രമേയം അവതരിപ്പിച്ച ഹസ്രത് മൊഹാനി ആരാണ്

കമ്മ്യൂണിസം ഇന്ത്യയിൽ @ 100, കോൺഗ്രസിന് മുമ്പ് പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടവർ, പ്രമേയം അവതരിപ്പിച്ച ഹസ്രത് മൊഹാനി ആരാണ്

ഇന്ത്യയ്ക്കായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി രൂപികരിക്കപ്പെട്ടിട്ട് ഇന്ന് 100 വർഷം തികയുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്തും പിന്നിടൂള്ള ചരിത്രത്തിലും നിർണായക പങ്കാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ചത്. കോൺഗ്രസും ഗാന്ധിയും പൂർണ സ്വാതന്ത്ര്യമെന്ന ആവശ്യം ഉന്നയിക്കുന്നതിന് മുമ്പ് അതിന് തയ്യാറായത് കമ്മ്യൂണിസ്റ്റൂകാരായിരുന്നു.

എന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കമെന്നാണെന്നതിനെ ചൊല്ലി രാജ്യത്തെ കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല. ഒരു വിഭാഗം അത് 1920 ഒക്ടോബര്‍ 17 ആണെന്ന് പറയുന്നു. മറ്റൊരു വിഭാഗം അത് 1925 ഡിസംബര്‍ 25 ആണെന്ന് പറയുന്നു. രണ്ടിനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് പ്രാധാന്യമുളളതാണ്.

എം എന്‍ റോയിയുടെ മുന്‍കൈയില്‍ താഷ്‌കെന്റില്‍ ചേര്‍ന്ന സമ്മേളനത്തെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കമായി പലരും കണക്കാക്കുന്നത്. സിപിഎം ഈ ദിവസത്തെ പാര്‍ട്ടിയുടെ സ്ഥാപക ദിനമായി കണക്കാക്കുമ്പോള്‍ സിപിഐ 1925 ല്‍ കാണ്‍പൂരില്‍ നടന്ന സമ്മേളനത്തെയാണ് പാര്‍ട്ടിയുടെ തുടക്കമായി കണക്കാക്കുന്നത്.

ഒന്നാം ലോകയുദ്ധത്തിന് ശേഷം വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന വിപ്ലവകാരികളെ സംഘടിപ്പിച്ചാണ് എം എന്‍ റോയ് ആദ്യ സമ്മേളനം താഷ്‌ക്കെന്റില്‍ സംഘടിപ്പിച്ചത്. എം എന്‍ റോയ്ക്ക് പുറമെ അബനി മുഖര്‍ജി, മുഹമ്മദ് അലി, മുഹമ്മദ് ഷെഫീഖ്, എം പി ടി ആചാര്യ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഷഫീഖായിരുന്നു ആദ്യ സെക്രട്ടറി. രാജ്യത്തിന് പുറത്തായിരുന്നു രൂപികരിക്കപ്പെട്ടതെങ്കിലും ഇന്ത്യയിലെ വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിനും അവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിനും ഈ രൂപികരണം സഹായകരമായി.

എന്നു മാത്രമല്ല, കമ്മ്യൂണിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇടപെടുകയും ചെയ്തു. അതില്‍ പ്രധാനം 1921 ല്‍ ചേര്‍ന്ന അഹമ്മദാബാദില്‍ ചേര്‍ന്ന് എഐസിസി സമ്മേളനം ആയിരുന്നു. ട്രേഡ് യൂണിയന്‍ ആവശ്യങ്ങളും കിസാന്‍സഭയുടെ ആവശ്യങ്ങളും സ്വന്തം ആവശ്യങ്ങളായി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നതായിരുന്നു നിര്‍ദ്ദേശം. ഇതിന് പുറമെയായിരുന്നു എ ഐ സി സി സമ്മേളനത്തില്‍ പൂര്‍ണ സ്വരാജ് പ്രമേയം അവതരിപ്പിച്ചത്. ഹസ്രത് മൊഹാനി, സ്വാമി കുമാരനന്ദ് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. എം എന്‍ റോയ്, അബനി മുഖര്‍ജി എന്നിവര്‍ പ്രമേയത്തില്‍ ഒപ്പിട്ടു. എന്നാല്‍ മഹാത്മ ഗാന്ധിയും കോണ്‍ഗ്രസും ഈ ആവശ്യം തള്ളുകയായിരുന്നു. 1930 ല്‍ മാത്രമാണ് കോണ്‍ഗ്രസ് പൂര്‍ണ സ്വാതന്ത്ര്യം എന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്.

കാണ്‍പൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടന്നപ്പോള്‍ അതില്‍ പങ്കെടുത്ത കവി കൂടിയായ ഹസ്രത് മൊഹാനിയാണ് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് പ്രചാരം നൽകിയത്. ലോങ് ലിവ് റവല്യൂഷൻ എന്ന മുദ്രാവാക്യത്തിൽനിന്നാണ് അദ്ദേഹം ഇതുണ്ടാക്കിയത്. കാണ്‍പൂരിലെ സിപിഐയുടെ ആദ്യ ഓഓഫീസ് ഉദ്ഘാടനം ചെയ്തതും ഹസ്രത് മൊഹാനിയായിരുന്നു. ആദ്യ സമ്മേളനത്തിന്റെ സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു ഹസ്രത് മൊഹാനി. സ്വതന്ത്ര്യ ഇന്ത്യയ്ക്ക് സോവിയ്റ്റ് യൂണിയന്റെ മാതൃകയില്‍ ഭരണഘടന വേണമെന്നായിരുന്നു കാണ്‍പുര്‍ സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചത്. കമ്മ്യൂണിസത്തെക്കുറിച്ച് ബോധപൂര്‍വം ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചു. അദ്ദേഹം ആ പ്രസംഗത്തില്‍ ഇങ്ങനെ കൂടി ആവര്‍ത്തിച്ചു. ഞാന്‍ ആദ്യം ഒരു ദേശീയവാദി മാത്രമായിരുന്നു. പിന്നീട് ഞാന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ സ്വീകരിച്ചു. ഇപ്പോള്‍ ഞാനൊരു കമ്മ്യൂണിസ്റ്റാണ്'

ഇസ്ലാം ആന്റ് സോഷ്യലിസം, സോഷ്യലിസം ആന്റ് പണ്ഡിറ്റ് നെഹ്‌റു തുടങ്ങി നിരവധി ലേഖനങ്ങളും അദ്ദേഹം തന്റെ പ്രസിദ്ധീകരണമായ ഉറുദും ഇ മുല്ല എന്ന പ്രസിദ്ധീകരണത്തില്‍ എഴുതിയിട്ടുണ്ട്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലും മുസ്ലീം ലീഗിലും ചേര്‍ന്നെങ്കിലും പുരോഗമന ആശയങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല.


Next Story

Related Stories