TopTop
Begin typing your search above and press return to search.

വാര്‍ത്തയ്ക്ക് നല്‍കുന്ന പ്രതിഫലം; ഗൂഗിളിനോട് പരസ്യവരുമാനത്തിന്റെ 85 ശതമാനം ആവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി

വാര്‍ത്തയ്ക്ക് നല്‍കുന്ന പ്രതിഫലം; ഗൂഗിളിനോട് പരസ്യവരുമാനത്തിന്റെ 85 ശതമാനം ആവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി

പത്രങ്ങള്‍ നല്‍കുന്ന വാര്‍ത്തയില്‍ നിന്നു ഗൂഗിളിനു ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ പ്രസാധക വിഹിതം 85 ശതമാനമായി ഉയര്‍ത്താന്‍ ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) ഗൂഗിളിനോട് ആവശ്യപ്പെട്ടു. പ്രസാധകര്‍ക്ക് നല്‍കുന്ന വരുമാന കണക്കുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും ഐഎന്‍എസ് ആവശ്യപ്പെട്ടു.

ഗൂഗിളിന്റെ പരസ്യ മൂല്യ ശൃംഖലയുടെ വിശദാംശങ്ങള്‍ ലഭിക്കാത്തതിനാല്‍ പ്രസാധകര്‍ വളരെ അവ്യക്തമായ പരസ്യ സംവിധാനത്തെ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഐഎന്‍എസ് പ്രസിഡന്റ് എല്‍ അദിമൂലം ഗൂഗിള്‍ ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഇന്ത്യന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചതിന് അതിന്റെ പരസ്യ വരുമാനം ശരിയായി പങ്കിടാനും ഐഎന്‍എസ് ഗൂഗിളിനോട് ആവശ്യപ്പെട്ടു.

വലിയ തുക ചെലവിട്ട് നടത്തുന്ന പ്രയത്‌നത്തിന്റെ കൂടി ഭാഗമായാണ് വാര്‍ത്താശേഖരണം നടത്തുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം അതാത് ദിനപത്രങ്ങള്‍ക്കാണ്. ഇത്തരത്തില്‍ ഉത്തരവാദത്തോടെ, വിശ്വാസം ഉറപ്പിച്ചെടുക്കുന്ന ഉള്ളടക്കമാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ ഗൂഗിളിന്റെയും സ്വീകാര്യത ഉറപ്പിച്ചതെന്ന്'' ഐഎന്‍എസ് വ്യക്തമാക്കി. ഇത്തരത്തില്‍ ഗൂഗിള്‍ കൈകാര്യം ചെയ്യുന്ന ഉള്ളടക്കത്തിനു ന്യായമായ പ്രതിഫലവും പരസ്യവരുമാനത്തിന്റെ വിഹിതവും തേടി ലോകമാകമാനമുള്ള പ്രസാധകര്‍ ഒരു വര്‍ഷത്തിലേറെയായി ആവശ്യമുന്നയിച്ചുവരികയാണ്. ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങള്‍ക്കു പിന്നാലെ അടുത്തിടെ ഓസ്‌ട്രേലിയയിലും ഇത്തരത്തില്‍ ഉള്ളടക്കത്തിനു മതിയായ പ്രതിഫലം നല്‍കാമെന്ന് ഗൂഗിള്‍ സമ്മതിച്ചതായി ഐഎന്‍എസ് ചൂണ്ടികാട്ടി.


Next Story

Related Stories