Top

സുഡാനില്‍ സെറാമിക് ഫാക്ടറിയിൽ സ്ഫോടനം: 18 ഇന്ത്യാക്കാർ കൊല്ലപ്പെട്ടു

സുഡാനില്‍ സെറാമിക് ഫാക്ടറിയിൽ സ്ഫോടനം: 18 ഇന്ത്യാക്കാർ കൊല്ലപ്പെട്ടു

സുഡാനില്‍‌ ഒരു സെറാമിക് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുഡാന്റെ തലസ്ഥാനമായ ഖർതൗമിലാണ് അപകടം നടന്നത്. കൊല്ലപ്പെട്ടവരിൽ ഇന്ത്യാക്കാരും ഉൾപ്പെടുന്നുവെന്നാണ് അറിയുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടിയന്തിര ഇടപെടൽ നടത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസ്സി അധികൃതർ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്നാണ് വിവരം.

പതിനെട്ടോളം ഇന്ത്യാക്കാർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം. സലൂമി എന്ന പ്രദേശത്താണ് സെറാമിക് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ഞെട്ടലും ദുഖവും പ്രകടിപ്പിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ട്വീറ്റ് ചെയ്തു.

24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട്ട്‌ലൈൻ പ്രവർത്തനക്ഷമമായിട്ടുണ്ട്. +249-921917471 എന്ന നമ്പരിൽ ബന്ധുക്കൾക്ക് വിളിക്കാവുന്നതാണ്.

ഫാക്ടറിൽ അമ്പതോളം ഇന്ത്യാക്കാർ ജോലി ചെയ്യുന്നുണ്ട്. സ്ഫോടനം നടന്നതിനു പിന്നാലെ ഭീമാകാരമായ കറുത്ത പുകച്ചുരുളുകൾ ആകാശത്ത് ദൃശ്യമായതായി ദൃക്സാക്ഷികൾ പറയുന്നു. വലിയ ശബ്ദത്തിലായിരുന്നു സ്ഫോടനം. കൊമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്.

130ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സുഡാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിലെ ഗ്യാസ് ടാങ്കിലാണ് സ്ഫോടനമുണ്ടായതെന്ന് റിപ്പോർ‌ട്ടുകൾ പറയുന്നു.


Next Story

Related Stories