TopTop
Begin typing your search above and press return to search.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു, 45,882 പുതിയ രോഗികള്‍, 584 മരണം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു, 45,882 പുതിയ രോഗികള്‍, 584  മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേരില്‍ കൂടി കോവിഡ് രോഗ ബാധ കണ്ടെത്തിയതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു. ഇന്ത്യയില്‍ ഇതുവരെ 90,04,366 പേരെയാണ് കൊറോണ വൈറസ് ബാധിച്ചത്. 44,807 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയത്. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 84,28,410 എന്ന നിലയിലെത്തി.

ഇന്നലെ മാത്രം 584 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതുവരെ 1,32,162 ആയി. രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 12 കോടി കടന്നു. ഇതുവരെ 12,95,91,786 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,83,397 പരിശോധനകള്‍ നടത്തിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

മഹാരാഷ്ട്രയില്‍ തന്നെയാണ് രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് . പതിനേഴര ലക്ഷത്തില്‍ അധികം പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലള്ള മറ്റ് സംസ്ഥാനങ്ങള്‍. അതിനിടെ, രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് വാക്‌സിന്‍ ലഭ്യതയെ കുറിച്ചുള്ള ചര്‍ച്ചയും പുരോഗമിക്കുകയാണ്.

എല്ലാം ആസൂത്രണം ചെയ്തത് പ്രകാരം നടന്നാല്‍ കോവിഡ് വാക്സിന്‍ 3-4 മാസത്തിനകം ലഭ്യമാക്കാന്‍ കഴിയുമെന്ന് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അതായത് 2021 മാര്‍ച്ച്-ഏപ്രിലോട് കൂടി വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞേക്കും. ബ്രിട്ടീഷ് കമ്പനി ആസ്ട്ര സെനീക്കയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് തയ്യാറാക്കുന്ന വാക്സിനാണ് ഇന്ത്യയില്‍ സെറം നിര്‍മ്മിക്കുന്നത്. ഇന്നലെ രാജ്യത്തെ കോവിഡ് കേസുകള്‍ 90 ലക്ഷം കടന്നിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവേ സെറം സിഇഒ അഡാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞേക്കും. ഏറ്റവും മോശം ആരോഗ്യനിലയുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായിരിക്കും ആദ്യ ഡോസുകള്‍ നല്‍കുക. ഈ വര്‍ഷം അവസാനം ഫലപ്രദമായൊരു വാക്‌സിന്‍ റെഗുലേറ്ററി അതോറിറ്റിയുടെ എല്ലാ അംഗീകാരങ്ങളും ലഭിച്ച ശേഷം പുറത്തിറക്കാന്‍ കഴിയുമെന്ന് താനും സെറവും പ്രതീക്ഷിക്കുന്നില്ലെന്ന് അഡാര്‍ പൂനാവാല പറഞ്ഞു.


Next Story

Related Stories