TopTop

ഇന്ദിരാഗാന്ധി അധോലോക ഗുണ്ട കരിംലാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ശിവസേനാ നേതാവ്

ഇന്ദിരാഗാന്ധി അധോലോക ഗുണ്ട കരിംലാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ശിവസേനാ നേതാവ്

മുംബൈയിലെ അധോലോക ഗുണ്ടയായിരുന്ന കരിംലാലയുമായി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ആരോപിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. ലോക്മത് മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് മഹാരാഷ്ട്രയിലെ സഖ്യസർക്കാരിനെ പ്രശ്നത്തിലാക്കുന്ന പ്രസ്താവന റൗത്ത് നടത്തിയത്.

"മുംബൈയിൽ പൊലീസ് കമ്മീഷണർ ആരാകണമെന്ന് ദാവൂദ് ഇബ്രാഹിം, ഷോട്ടാ ഷക്കീൽ, ശരദ് ഷെട്ടി എന്നിവർ നിശ്ചയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഹാജി മസ്താൻ മന്ത്രാലയത്തിലേക്ക് വരുമ്പോൾ സെക്രട്ടേറിയറ്റ് ഒന്നാകെ അദ്ദേഹത്തെ കാണാനെത്തുമായിരുന്നു. ഇന്ദിരാഗാന്ധി കരിംലാലയെ മുംബൈയിൽ വന്ന് കാണാറുണ്ടായിരുന്നു," റൗത്ത് പറഞ്ഞു.

ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ്സിന്റെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മുംബൈയിൽ നിന്നുള്ള യുവനേതാവ് മിലിന്ദ് ദിയോറയാണ് ഇവരലിലൊരാൾ. റൗത്ത് തന്റെ പ്രസ്താവന പിൻവലിക്കണമെന്ന് ദിയോറ ആവശ്യപ്പെട്ടു. ശിവസേനയുടെ മഹാകവി മഹാരാഷ്ട്രയെ വിനോദിപ്പിക്കാനായി ഇത്തരം കാവ്യതല്ലജങ്ങൾ ഉതിർക്കുന്നത് നല്ലതാണെന്ന് കളിയാക്കുകയും ചെയ്തു ദിയോറ.

എന്നാൽ ഇതെക്കുറിച്ചുള്ള ചോദ്യത്തോട് രോഷത്തോടെയാണ് റൗത്ത് പ്രതികരിച്ചത്. എല്ലാവരും ഇന്ദിരാഗാന്ധിയെ എതിർത്തിരുന്നപ്പോൾ അവർക്കൊപ്പം നിലകൊണ്ടയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. എല്ലാക്കാലത്തും ഇന്ദിരാഗാന്ധി, പണ്ഡിറ്റ് നെഹ്റു, രാജിവ് ഗാന്ധി തുടങ്ങിയവരോട് താൻ ആദരവ് പുലർത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിൽ എൻസിപിയും കോൺഗ്രസ്സും ഉൾപ്പെട്ട സഖ്യമാണ് ഭരണത്തിലുള്ളത്.


Next Story

Related Stories