TopTop

പുതുച്ചേരി സർക്കാർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയത് രാഷ്ട്രപതിയെ അറിയിച്ചെന്ന് ഗവർണർ കിരൺ ബേദി

പുതുച്ചേരി സർക്കാർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയത് രാഷ്ട്രപതിയെ അറിയിച്ചെന്ന് ഗവർണർ കിരൺ ബേദി

പുതുച്ചേരി നിയമസഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ വിവരം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും അറിയിച്ചതായി സംസ്ഥാന ഗവർണർ കിരൺ ബേദി. ഔദ്യോഗികമായി താൻ എതിർപ്പറിയിച്ചിട്ടും പുതുച്ചേരി നിയമസഭ അത് ചെവിക്കൊണ്ടില്ലെന്നും കിരൺ ബേദി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

പാർലമെന്റ് പാസ്സാക്കിയ നിയമത്തെ ഒരു തരത്തിലും ചോദ്യം ചെയ്യാൻ കേന്ദ്രഭരണപ്രദേശങ്ങൾക്ക് കഴിയില്ലെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച കിരൺ ബേദി രംഗത്തു വരികയുണ്ടായി.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ വിവരം കേന്ദ്രത്തെ അറിയിച്ചത് തന്റെ ചുമതലയുടെ ഭാഗമാണെന്ന് ബേദി പറഞ്ഞു. തമിഴിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്റെ വിവർത്തനം താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭിക്കുന്ന മുറയ്ക്ക് അത് കേന്ദ്രത്തിന് അയയ്ക്കുമെന്നും അവർ പറഞ്ഞു. പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരമാണ് കേന്ദ്രഭരകണ പ്രദേശങ്ങൾ രൂപീകരിച്ചത്. അതേ പാർലമെന്റ് പാസ്സാക്കുന്ന നിയമത്തെ എതിർക്കാൻ കേന്ദ്രഭരണപ്രദേശങ്ങൾക്ക് സാധിക്കില്ലെന്നും അവർ പറഞ്ഞു. എന്നാൽ കേന്ദ്രഭരണപ്രദേശങ്ങളുടെ നിലനിൽപ്പും ഭരണഘടനയെ ആശ്രയിച്ചാണെന്നും അതിനെ ലംഘിക്കുന്ന നിയമത്തെ അനുകൂലിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നുമാണ് പുച്ചേരി സർക്കാരിന്റെ പ്രതികരണം.

ബുധനാഴ്ചയാണ് പുതുച്ചേരി നിയമസഭ പ്രമേയം പാസ്സാക്കിയത്. ഇതാദ്യമായാണ് രാജ്യത്തെ ഒരു കേന്ദ്രഭരണപ്രദേശം പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നത്.


Next Story

Related Stories