TopTop
Begin typing your search above and press return to search.

ആരോഗ്യസേതു ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളയാളെ ക്വാറന്റൈനില്‍ നിര്‍ത്തേണ്ട കാര്യമെന്തെന്ന് മന്ത്രി; ജൂണ്‍ മധ്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങിയേക്കുമെന്നും സൂചന

ആരോഗ്യസേതു ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളയാളെ ക്വാറന്റൈനില്‍ നിര്‍ത്തേണ്ട കാര്യമെന്തെന്ന് മന്ത്രി; ജൂണ്‍ മധ്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങിയേക്കുമെന്നും സൂചന

അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ ജൂണ്‍ മാസം മധ്യത്തിലോ ജൂലൈ മാസം തുടങ്ങാനാകുമെന്ന് വിയോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വൈറസ് വ്യാപനം നടക്കുന്നത് പ്രവചിതമായ രീതിയിലാണെങ്കില്‍ അമാന്തിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തുടക്കമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സാഹചര്യം അനുകൂലമാകുകയാണെങ്കില്‍ എന്തിനാണ് ഓഗസ്റ്റിലേക്കോ സെപ്തംബറിലേക്കോ നീട്ടിവെക്കണമെന്ന് അദ്ദേഹം ചോദിച്ചു. വൈറസിന്റെ പെരുമാറ്റം പ്രവചിതമായ രീതിയിലാണെങ്കില്‍ അതിനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതില്‍ പിഴവില്ലെന്ന് മന്ത്രി പറഞ്ഞു. 'ജൂണ്‍ മധ്യത്തിലോ ജൂലൈ അവസാനത്തിലോ സര്‍വീസ് തുടങ്ങുന്നതില്‍ എന്താണ് കുഴപ്പം?' മന്ത്രി ചോദിച്ചു.

വലിയ തോതിലുള്ള ഇളവുകളിലേക്ക് കടക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന സൂചനയും മന്ത്രി നല്‍കി. ആരോഗ്യ സേതു ആപ്പില്‍ 'ഗ്രീന്‍ സ്റ്റാറ്റസ്' കാണിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യേണ്ട ആവശ്യമെന്താണെന്നായിരുന്നു ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ മന്ത്രിയുടെ ചോദ്യം. ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഒരു പാസ്പോര്‍ട്ട് പോലെയാണ് പ്രവര്‍ത്തിക്കുക. ഗ്രീന്‍ സ്റ്റാറ്റസുണ്ടെങ്കില്‍ അയാളെ ക്വാറന്റൈനില്‍ നിര്‍ത്തേണ്ട ആവശ്യമെന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതെസമയം രാജ്യത്ത് മെയ് 25ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുകയാണ്. സര്‍ക്കാര്‍ ഇതിനായി കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നതാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളിലൊന്ന്. ഒന്നിലധികം യാത്രക്കാർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ അവരുടെ വിവരവും രജിസ്ട്രേഷൻ സമയത്ത് നൽകണം. രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന നമ്പരിലേക്ക് ക്യുആര്‍ കോഡ് അടങ്ങുന്ന യാത്രാ പെര്‍മിറ്റ് ലഭിക്കും. ബോര്‍ഡിങ് പാസ് നല്‍കുന്നതിനു മുമ്പ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ പരിശോധിക്കും.

ഇതിനിടയില്‍ മഹാരാഷ്ട്ര അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പുകളും വളര്‍ന്നിട്ടുണ്ട്. ഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കുന്നകാര്യം സംസ്ഥാനത്തിന്റെ പരിഗണനയിലില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറയുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതായും മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം ആലോചിക്കുകയുണ്ടായില്ല. വിമാനത്താവളത്തിനു പുറത്ത് എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലും ഉത്തരവാദിത്വത്തിലുള്ളതാണെന്ന് മഹാരാഷ്ട്ര ഓര്‍മിപ്പിക്കുന്നു. എന്നാല്‍ മഹാരാഷ്ട്ര മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ കേന്ദ്ര തീരുമാനത്തിന് അംഗീകാരം നല്‍കിയതാണെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നെന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പറയുന്നത്. ബുക്കിങ് നടന്നവയില്‍ യാതൊരു മാറ്റത്തിനും തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ദിപ് പുരി പറയുന്നു.


Next Story

Related Stories