TopTop
Begin typing your search above and press return to search.

കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കുന്നു; സുപ്രീംകോടതി ഉത്തരവ് ചൊവാഴ്ച, ഇറ്റലി കൈമാറിയ പത്ത് കോടി കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കും

കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കുന്നു; സുപ്രീംകോടതി ഉത്തരവ് ചൊവാഴ്ച, ഇറ്റലി കൈമാറിയ പത്ത് കോടി കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കും

കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് ചൊവാഴ്ച ഉത്തരവിറക്കും. കേസില്‍ നഷ്ടപരിഹാരമായി പത്ത് കോടി രൂപ ഇറ്റലി കൈമാറിയതായും കേസ് അവസാനിപ്പിക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ തീരുമാനം. കേസില്‍ പ്രതികളായ നാവികര്‍ക്കെതിരെ രാജ്യത്ത് നിയമപരമായ നടപടികള്‍ തുടരുമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു. ഇറ്റലി കെട്ടിവച്ച തുക കൊല്ലപ്പെട്ടവരുടെ ആശ്രിതകര്‍ക്ക് വിതരണം ചെയ്യും. അതിനായി ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇറ്റലി നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ കണ്ടാലേ കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കൂവെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. നേരത്തെ നല്‍കിയ 2.17 കോടിക്കു പുറമെയാണ് 10 കോടി നഷ്ടപരിഹാരമായി ഇറ്റലി സര്‍ക്കാര്‍ കൈമാറിയത്. രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി നഷ്ടപരിഹാരം നല്‍കുന്നത്. ഏപ്രില്‍ 26ന് സുപ്രീം കോടതി രജിസ്ട്രിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇറ്റലി പണം കൈമാറിയതായി സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവ് ഇറക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് അഭ്യര്‍ഥിച്ചു. ഇറ്റലിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സൊഹൈല്‍ ദത്തയും ഇതേ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചു.

നഷ്ടപരിഹാരത്തുകയുടെ വിതരണം എങ്ങനെ ആയിരിക്കണമെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. 10 കോടി രൂപ ആദ്യം സ്ഥിരം നിക്ഷേപമായി സൂക്ഷിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ഥിരം നിക്ഷേപത്തിന്റെ പലിശ ഇരകള്‍ക്ക് പിന്‍വലിക്കാം. പിന്നീട് മുഴുവന്‍ തുകയും ഇരകള്‍ക്ക് ലഭ്യമാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാര വിതരണം ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച ഇറക്കുന്ന ഉത്തരവില്‍ ഇത് സംബന്ധിച്ച് കോടതി വ്യക്തത വരുത്തും. ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

വെടിയേറ്റുമരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രെഡിക്ക് രണ്ട് കോടി രൂപ ലഭിക്കും. 2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ നാവികരായ ലാത്തോറെ മാസി മിലിയാനോ, സാല്‍വതോറെ ജിറോണ്‍ എന്നിവരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നവര്‍ ആയുധധാരികളല്ലെന്ന് കപ്പലിലെ നിരീക്ഷകന്‍ ജെയിംസ് മാന്റ്ലി സാംസണ്‍ കേരള പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍, കേരള ഹൈക്കോടതിയില്‍ കേസില്‍ വാദം നടക്കവെ ഇറ്റലി സുപ്രീം കോടതിയെ സമീപിച്ചു. സംഭവം നടന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിക്കു പുറത്തായതിനാല്‍ കേസെടുക്കാന്‍ കേരള പൊലീസിനോ, കേസു നടത്താന്‍ ഹൈക്കോടതിക്കോ അവകാശമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. പിന്നീട് കേസ് നടത്തിപ്പിന് ഡല്‍ഹിയില്‍ പ്രത്യേക കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ 'സുവ' ആക്ട് പ്രകാരമാണ് ആദ്യം കേസെടുത്തത്. എന്നാല്‍ ഇറ്റലിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ത്യ 2013ല്‍ തന്നെ 'സുവ' ഒഴിവാക്കി.


Next Story

Related Stories