TopTop
Begin typing your search above and press return to search.

എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്റെ പ്രസ്താവനകളില്‍ സഹികെട്ട് ജെഡിയു; ഇരു ഭാഗത്തും കളിക്കുന്നില്ലെന്ന് ബിജെപി വ്യക്തമാക്കണമെന്ന് നിതീഷ് കുമാര്‍

എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്റെ പ്രസ്താവനകളില്‍ സഹികെട്ട് ജെഡിയു; ഇരു ഭാഗത്തും കളിക്കുന്നില്ലെന്ന് ബിജെപി വ്യക്തമാക്കണമെന്ന് നിതീഷ് കുമാര്‍

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തുകയും ജെഡിയുവിനെ കടന്നാക്രമിക്കുകയും ചെയ്യുന്ന എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്റെ നിലപാടുകളില്‍ പ്രതികരണവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ഡിഎ സഖ്യത്തെ ഇല്ലാതാക്കുന്നതാണ് ചിരാഗിന്റെ നടപടി. ഇക്കാര്യത്തില്‍ ബിജെപി നിലപാട് അറിയിക്കണം. ഇരു ഭാഗത്തുനിന്നും ബിജെപി കളിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറില്‍ നിതീഷ് കുമാറിനു പിന്നില്‍ അണിനിരക്കുമെന്നും പ്രധാനമന്ത്രി മോദി ഉള്‍പ്പെടെ നേതാക്കള്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമെന്നും ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കെയാണ് നിതീഷ് കുമാറിന്റെ പ്രതികരണം. ബിഹാറില്‍ ജെഡിയുവിനെതിരെ മത്സരിക്കുന്ന കാര്യം അമിത് ഷാ, ജെപി നദ്ദ ഉള്‍പ്പെടെ നേതാക്കളെ അറിയിച്ചിരുന്നതായി ചിരാഗ് വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ ചിരാഗ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ക്കിടെ തെറ്റിദ്ധാരണ പരത്തുന്ന ചിരാഗിന്റെ നടപടികള്‍ക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തില്‍ നിതീഷ് കുമാര്‍ ബിജെപി നിലപാട് തേടിയിരിക്കുന്നത്.

ചിരാഗിനെ പിന്തുണയ്ക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം തയ്യാറെടുക്കുന്നതായാണ് വിവരം. തിരഞ്ഞെടുപ്പില്‍ നിതീഷിന് തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം. സീറ്റുകളില്‍ ഉള്‍പ്പെടെ ഗണ്യമായ കുറവുണ്ടായാല്‍, മുന്നണിയിലെ ചെറിയ കക്ഷിയായി ജെഡിയു മാറ്റപ്പെട്ടേക്കാം. എല്‍ജെപിയെ സര്‍ക്കാരിന്റെ ഭാഗമാക്കാനും ഇവര്‍ ആഗ്രഹിക്കുന്നുണ്ട്. ദളിത് വിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ അഞ്ച് ശതമാനത്തിന്റെ പിന്തുണ ചിരാഗിനുണ്ട്. ഇത്തരത്തില്‍ മനപൂര്‍വമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ജെഡിയു ക്യാംപുകളില്‍നിന്നു തന്നെ വിവരം പുറത്തുവരുന്നുണ്ട്.

ബിജെപിയില്‍ നിതീഷ് കുമാറിനെ ഇഷ്ടപ്പെടാത്ത ഒരു വിഭാഗമുണ്ട്. അദ്ദേഹത്തെ പരാജയപ്പെടുത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. അവരാണ് ചിരാഗിനെ സൃഷ്ടിച്ചെടുക്കുന്നത്. എന്നാല്‍, ഒരു വഞ്ചിയിലേക്ക് വെള്ളം കയറിത്തുടങ്ങിയാല്‍, അത് മുഴുവനായാണ് മുങ്ങുന്നതെന്ന വസ്തുത അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ജെഡിയു നേതാക്കള്‍ പറയുന്നത്. ഇത്തരമൊരു തിരിച്ചറിവ് ഉള്ളതിനാലാണ് ബിഹാറില്‍ ബിജെപിക്കും ജെഡിയുവിനും പ്രത്യേകം തിരഞ്ഞെടുപ്പ് റാലികള്‍ ഇല്ലാത്തത്. പ്രചാരണങ്ങളും റാലികളുമൊക്കെ എന്‍ഡിഎ മുന്നണിയുടെ പേരിലാണ് നടത്തപ്പെടുന്നത്. പ്രധാനമന്ത്രി മോദി ബിഹാറിലെ തെരഞ്ഞെടുപ്പ് വേദികളില്‍നിന്ന് ആദ്യമായി ജനങ്ങളോട് സംസാരിക്കുന്നതിനും ഇത്തവണ അവസരമൊരുക്കിയിട്ടുണ്ടെന്ന് ജെഡിയു നേതാവ് കെസി ത്യാഗിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിക്കൊപ്പം നിതീഷ് കുമാറും റാലികളില്‍ പങ്കെടുക്കും. എന്‍ഡിഎക്കായി, നിതീഷ് കുമാറിനായാണ് മോദി വോട്ടു നേടുന്നതെന്നും ത്യാഗി പറയുന്നു.

രാം വിലാസ് പാസ്വാന്റെ മരണശേഷം ഒഴിഞ്ഞുകിടക്കുന്ന രാജ്യസഭാ സീറ്റിലേക്കോ മന്ത്രിസഭാ വിപുലീകരണമുണ്ടായാല്‍ മന്ത്രിസ്ഥാനത്തിലേക്കോ എല്‍ജെപിയെ പരിഗണിക്കരുതെന്ന നിര്‍ദേശം ജെഡിയു മുന്നോട്ടുവെക്കും. ബിഹാറിലെ മുഴുവന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കുമെതിരെ എല്‍ജെപി മത്സരിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് ഇത്തരം പദവികളിലേക്ക് പരിഗണിക്കുന്നത്? അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചിരാഗിനെതിരെ തീര്‍ച്ചയായും ജെഡിയു സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും നേതാക്കള്‍ വെളിപ്പെടുത്തുന്നു.

എല്‍ജെപി എന്‍ഡിഎയുടെ ഭാഗമല്ലെന്ന് ബിജെപി ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ചിരാഗിന്റെ വാക്കുകള്‍ ശ്രദ്ധിക്കില്ല. അതെല്ലാം നിരാശയുടെ വാക്കുകളാണ് അവര്‍ പരിഗണിച്ചുകൊള്ളും. ഇക്കാര്യത്തില്‍ മറ്റു ആശയക്കുഴപ്പങ്ങളൊന്നുമില്ല. എന്‍ഡിഎ എന്താണെന്നും എങ്ങനെയാണെന്നും പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ വ്യക്തതയുണ്ട്. അതനുസരിച്ചാണ് തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ബിഹാറില്‍ ജെഡിയു പരാജയപ്പെടുമെന്നും ബിജെപിക്കൊപ്പം എല്‍ജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആവര്‍ത്തിച്ചാണ് ചിരാഗ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.


Next Story

Related Stories